ലോ അക്കാദമി ഭൂമി ഏറ്റെടുക്കല്‍; എല്‍.ഡി.എഫില്‍ ഭിന്നത
തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി കൈവശംവച്ച ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ ഭിന്നത. ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി റവന്യൂ മന്ത്രിയും സി.പി.ഐയും രംഗത്തെത്തി.
ലോ അക്കാദമി വിഷയത്തില്‍ സമവായ ശ്രമം വേണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്തുവന്നതിനുപിന്നാലെ മാനേജ്‌മെന്റിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതില്‍ സി.പി.ഐ കടുത്ത അതൃപ്തിയിലാണ്. രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്കെതിരേ നടത്തിയത്.
ഭൂമി വിഷയത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സി.പി.ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. വിഷയത്തില്‍ മുഖ്യമന്ത്രിക്കുമുന്നില്‍ കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ ഉപയോഗത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റവന്യൂ വകുപ്പ് പരിശോധന തുടരുന്നതിനിടെ ലോ അക്കാദമി മാനേജ്‌മെന്റിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉദ്യോഗസ്ഥരെയും വെട്ടിലാക്കി. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട് മുഖവിലക്കെടുക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് റവന്യൂ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാരും സി.പി.എമ്മും മാനേജ്‌മെന്റിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാട്ടിയില്ലെന്നാണ് സി.പി.ഐ നേതാക്കള്‍ ആരോപിക്കുന്നത്. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി അമിതാവേശം കാട്ടുകയാണെന്ന പരാതിയും സി.പി.ഐ ഉയര്‍ത്തുന്നു.
ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നടത്തിയ ശ്രമത്തിന് സി.പി.ഐ പിന്തുണ നല്‍കിയെന്ന ആക്ഷേപം മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുണ്ട്. നിരാഹാരംകിടന്ന് ഒന്നും നേടാതെ വി. മുരളീധരന് എഴുന്നേറ്റു പോകേണ്ടിവന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ വി. മുരളീധരനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചതിന്റെ പ്രതിഷേധമാണ് മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്.
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.ഐയും രണ്ടു തട്ടിലായത് മുന്നണിയില്‍ കടുത്ത ഭിന്നതക്ക് വഴിയൊരുക്കിയിട്ടുണ്ട്. സി.പി.ഐ പ്രതിപക്ഷത്തിന്റെ റോള്‍ എടുത്തണിയുകയാണെന്ന ആക്ഷേപമാണ് സി.പി.എമ്മിനുള്ളത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ സി.പി.ഐ സ്വീകരിക്കുന്ന നിലപാടില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും കടുത്ത അമര്‍ഷമുണ്ട്. അതിനിടെ, ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ 11.49 ഏക്കര്‍ ഭൂമിയില്‍ മൂന്ന് ഏക്കറോളം ഭൂമി വെറുതേ കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരേക്കറോളം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റിയതായും റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അക്കാദമി ട്രസ്റ്റുമായി ബന്ധപ്പെട്ടവരും അല്ലാത്തവരും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ വീടുവച്ച് താമസിക്കുന്നുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഭൂമി തിരിച്ചുപിടിക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാനാണ് സാധ്യത. ഇത് മുന്‍കൂട്ടി കണ്ടാണ് മുഖ്യമന്ത്രി ഒരു മുഴം മുന്‍പേ ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കില്ലെന്ന പരസ്യനിലപാട് സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമായി.
അന്വേഷണമില്ലെന്ന്
മുഖ്യമന്ത്രി
കോഴിക്കോട്: ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി രാമസ്വാമിയുടെ കാലത്താണ് ഭൂമികൈമാറ്റം നടന്നത്. അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ കടന്നുപോയി. അതുകൊണ്ടുതന്നെ ഇപ്പോള്‍ അന്വേഷണം സാധ്യമല്ല. ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാ നന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭൂമി നല്‍കിയതിനെപ്പറ്റി പരിശോധിക്കണമെന്നത് ചിലരുടെ ആവശ്യം മാത്രമാണ്. ട്രസ്റ്റ് സംബന്ധിച്ചും അന്വേഷണമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ദുരുപയോഗം ചെയ്‌തെങ്കില്‍
നടപടി: കാനം
കോഴിക്കോട്: ലോ അക്കാദമി ഭൂമി ദുരുപയോഗം ചെയ്‌തെങ്കില്‍ നടപടിയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സാഹിത്യോത്സവം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. ഭൂമി അനധികൃതമെന്ന് കണ്ടെത്തിയാല്‍ തിരിച്ചുപിടിക്കും. റവന്യൂ വകുപ്പ് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."