മീററ്റില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലി; യു.പിയില്‍ പലയിടത്തും ബി.ജെ.പി വിരുദ്ധ വികാരം ശക്തം
ലഖ്‌നോ: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉത്തര്‍പ്രദേശില്‍ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. എസ്.പി-കോണ്‍ഗ്രസ് സഖ്യം ഒരു ഭാഗത്തും ബി.എസ്.പി മറുവശത്തുമായി ശക്തമായ പ്രചാരണമാണ് യു.പിയില്‍ നടക്കുന്നത്. എന്നാല്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്. പ്രാദേശികമായ വിഷയങ്ങളില്‍ തീര്‍ത്തും പരാജിതരായ ബി.ജെ.പി സംസ്ഥാനത്ത് അഴിമതി തുടച്ചു നീക്കാനാണ് തങ്ങള്‍ രംഗത്തിറങ്ങുന്നതെന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍ മുസ്്‌ലിം-ദലിത് വോട്ട് ബാങ്കുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇതുവരെ കഴിയാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍. മീററ്റില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ എസ്.പി, കോണ്‍ഗ്രസ്, അഖിലേഷ് യാദവ്, മായാവതി(സ്‌കാം) എന്നിവര്‍ക്കെതിരായാണ് തങ്ങള്‍ മത്സരിക്കുന്നതെന്നാണ് വ്യക്തമാക്കിയത്.
ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ത്തതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. യു.പി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇപ്പോള്‍ ഈ ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും മോദി ചോദിച്ചു.
അതേസമയം നോട്ടു നിരോധനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാതിരുന്ന മോദി അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കി. ഇതിനിടയില്‍ ഉത്തര്‍പ്രദേശിലെ പല ഭാഗങ്ങളും ഇപ്പോഴും ബി.ജെ.പി പ്രചാരണത്തിനോട് വോട്ടര്‍മാര്‍ നിസംഗമായ സമീപനമാണ് പുലര്‍ത്തുന്നത്. ഇവിടങ്ങളില്‍ ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സേവ് കണ്‍ട്രി ഫ്രം അമിത്ഷാ
ആന്‍ഡ് മോദി: അഖിലേഷ്
ലഖ്‌നോ: പ്രധാനമന്ത്രി മോദിയുടെ സ്‌കാം എന്ന പ്രയോഗത്തിന് ശക്തമായ തിരിച്ചടിയുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
സ്‌കാം എന്നാല്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി എന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച മിനിറ്റുകള്‍ക്കുള്ളിലാണ് ഇതിന് മറ്റൊരു വിശദീകരണവുമായി അഖിലേഷ് രംഗത്തെത്തിയത്.
യു.പിയിലെ ഓറയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സ്‌കാം എന്ന മോദിയുടെ പരാമര്‍ശത്തിന് സേവ് കണ്‍ട്രിം ഫ്രം അമിത്ഷാ ആന്റ് മോദിയെന്ന് വ്യാഖ്യാനം നല്‍കിയാണ് മോദിക്കെതിരേ അഖിലേഷ് ആഞ്ഞടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."