മുംബൈ എക്‌സ്പ്രസില്‍ ഉല്ലാസത്തിന്റെ പൂത്തിരി കത്തിച്ച് കുട്ടിത്താരങ്ങള്‍
തിരുവനന്തപുരം: ചേട്ടന്‍മാരും ചേച്ചിമാരും കീഴടക്കിയ പൂനെ ബാലേവാഡി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും മിന്നിത്തിളങ്ങാന്‍ കുട്ടിപ്പട്ടാളം യാത്രയിലാണ്. ആദ്യമായി ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഭൂരിപക്ഷം താരങ്ങളും.
ആടി പാടി സന്തോഷം പങ്കുവച്ച് കുട്ടി താരങ്ങള്‍ യാത്രയുടെ ആദ്യ ദിനത്തെ ആഘോഷമാക്കി. വലിയ സംഘമായിട്ടായിരുന്നു ഇതുവരെ താരങ്ങള്‍ ദേശീയ മീറ്റുകളിലേക്ക് യാത്ര നടത്തിയിരുന്നത്. കുട്ടിത്താരങ്ങളുടെ സംരക്ഷകരായി മുതിര്‍ന്ന കായിക താരങ്ങള്‍ ഒപ്പമുണ്ടാകുമായിരുന്നു. ഇത്തവണ മുതല്‍ മീറ്റ് മൂന്നായി വിഭജിച്ചതിന്റെ സങ്കടം താരങ്ങള്‍ക്കുണ്ട്.
മുംബൈ എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ 4.25 ന് തിരുവനന്തപുരത്ത് നിന്നുമാണ് സംഘം യാത്രതിരിച്ചത്. കാഴ്ചകള്‍ കണ്ടും ആസ്വദിച്ചുമായിരുന്നു താരങ്ങളുടെ യാത്ര. തീവണ്ടി പാലക്കാട് എത്തിയതോടെ ടീമിനുള്ള ഉച്ച ഭക്ഷണവും അത്താഴവും തയ്യാറായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് കഴിക്കാന്‍ ബിരിയാണിയും രാത്രിയിലേക്ക് ചപ്പാത്തിയും ചിക്കനുമാണ് തയ്യാറാക്കിയിരുന്നത്. 62ാമത് ദേശീയ സബ് ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമിനു ആശംസകള്‍ നേരാനും യാത്രയാക്കാനുമായി ഫിസിക്കല്‍ എജുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് പുലര്‍ച്ചെ തന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
30 കായിക താരങ്ങളും എട്ട് അംഗ ഒഫിഷ്യല്‍സും അടക്കം 38 അംഗ സംഘമാണ് പൂനെയിലേക്ക് യാത്ര തുടങ്ങിയത്. എല്ലാവര്‍ക്കും ഇത്തവണ ട്രെയിനില്‍ ബര്‍ത്ത് കിട്ടി.
കോലഞ്ചേരി പൂതൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികധ്യാപകനായ ടീം മാനേജര്‍ ജോണ്‍സ് ജോണാണ് സംഘത്തെ നയിക്കുന്നത്.
പരിശീലകരായ രാജു പോളും നന്ദഗോപാലും ഒപ്പമുണ്ട്. നാളെ കേരള സംഘം പൂനെയില്‍ എത്തും. ഏഴു മുതല്‍ ഒന്‍പത് വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."