ചൂടിനൊപ്പം കൊതുക് ശല്യവും; സഹികെട്ട് കൊച്ചിക്കാര്‍
മട്ടാഞ്ചേരി: കനത്ത ചൂടിനൊപ്പം കൊതുക് ശല്യവും രൂക്ഷമായതോടെ കൊച്ചി നിവാസികള്‍ ദുരിതത്തില്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊതുകുകള്‍ കൊച്ചിയുടെ സൈ്വര്യം കെടുത്തുകയാണ്. നഗര പ്രദേശങ്ങളില്‍ മാത്രമല്ല കുമ്പളങ്ങി, ചെല്ലാനം ഗ്രാമങ്ങളിലും കൊതുക് ശല്യം രൂക്ഷമാണ്.
ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊതുക് ശല്യം മൂലം നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വീടുകളില്‍ മാത്രമല്ല ഓഫിസുകളിലും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വേനല്‍ ശക്തമാകുന്നതിന് മുമ്പ് ഓടകളും തോടുകളും വൃത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കാനകളിലും മറ്റും ഉപ്പുവെള്ളം അടിക്കുന്ന പതിവുണ്ടായെങ്കിലും അതും ഇപ്പോള്‍ നിലച്ച മട്ടാണ്.
ഫോഗിങ് നടപടികളും പേരിന് മാത്രമാണ് നടക്കുന്നത്. നഗരസഭ തികഞ്ഞ അലംഭാവം കാണിക്കുമ്പോള്‍ കൊതുക് ജന്യ രോഗങ്ങളുടെ ഭീഷണിയും കൊച്ചിയിലുണ്ട്. പശ്ചിമകൊച്ചിയിലെ പല ഓടകളും വൃത്തിയാക്കാതെ മാലിന്യങ്ങള്‍ കെട്ടി കിടക്കുന്ന അവസ്ഥയാണ്. രാമേശ്വരം, മാന്ത്ര കനാലുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും കനാല്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ക്രമക്കേടുകള്‍ നടന്നതായി വ്യാപക പരാതിയുണ്ട്.
കൊതുക് ശല്യം മൂലം ജനം വലയുമ്പോഴും നഗരസഭ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗത വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൊതുകുകളെ കൊന്ന് അതു കൊണ്ട് കൊച്ചിയെന്ന് എഴുതി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.നഗരസഭയുടെ അനാസ്ഥക്കെതിരെ തിങ്കളാഴ്ച പി.ഡി.പിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ മേയറുടെ കോലത്തിന് പുകയിടല്‍ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."