ഹജ്ജ് സബ്‌സിഡി: പുതിയ ഹജ്ജ് നയം തയാറാക്കും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി:ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് പഠിക്കാനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തില്‍ ആറംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ജിദ്ദയിലെ ഇന്ത്യയുടെ മുന്‍ കോണ്‍സുലേറ്റ് ജനറല്‍ അഫ്‌സല്‍ അമാനുല്ലയാണ് സമിതി കണ്‍വീനര്‍. ജസ്റ്റിസ് എസ്.എസ് പര്‍ക്കര്‍, ഖൈസര്‍ ശമീം, മൈക്കല്‍ മസ്‌കറേന്നസ്, കമാല്‍ ഫാറൂഖി, ജെ ആലം എന്നിവരാണ് മറ്റംഗങ്ങള്‍.
സബ്‌സിഡി നിര്‍ത്തലാക്കിയാലും ഓരോ തീര്‍ത്ഥാടകനും ചെലവഴിക്കുന്ന പണം കൊണ്ട് ഹജ്ജ് ചെയ്യാന്‍ കഴിയുമോ എന്നാവും സമിതി പ്രധാനമായും പരിശോധിക്കുക. ഇതിനൊപ്പം ഹജ്ജുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റം വരുത്തണോയെന്നും ആലോചിക്കും.
മാര്‍ച്ചിലോ ഏപ്രിലിലോ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും സംഘടനകളുമായും വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുമായും ആലോചിച്ചശേഷമെ സമിതി അന്തിമറിപ്പോര്‍ട്ട് തയാറാക്കൂവെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
സബ്‌സിഡി നിര്‍ത്തലാക്കണമെന്ന ആവശ്യത്തോടൊപ്പം നിര്‍ത്തലാക്കരുതെന്ന ആവശ്യവും ശക്തമാണ്. എയര്‍ ഇന്ത്യയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റേണ്ടതുണ്ടെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം എയര്‍ ഇന്ത്യയെ ഒഴിവാക്കി പകരം ആഗോള ടെന്‍ഡര്‍ വിളിക്കുന്നത് സംബന്ധിച്ചും സമിതി പരിശോധിക്കും.
ഹജ്ജ് സബ്‌സിഡി സംബന്ധിച്ച് നേരത്തെ സുപ്രിം കോടതിയുടെ നിരീക്ഷണവും സമിതി പരിഗണിക്കുന്നുണ്ട്. ഹജ്ജ് സബ്‌സ്ഡി കാലക്രമേണ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു പരിശോധിക്കണമെന്ന് 2012ല്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. 2022 ആകുമ്പോഴേക്ക് സബ്‌സിഡി പൂര്‍ണമായി നീക്കാനായിരുന്നു നിര്‍ദേശം.
നിലവില്‍ ഒരുവര്‍ഷം 650 കോടി രൂപയാണ് തീര്‍ഥാടകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ഇത് മുസ്‌ലിംസമുദായത്തില്‍ നിന്നു തന്നെയുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."