രക്ഷകനായി ട്രാവോറെ
ഗാബോണ്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ബുര്‍കിനോ ഫാസോയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഘാനയെയാണ് വീഴ്ത്തിയത്. ഫൈനല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും വേണ്ടത്ര മികവിലേക്കുയരാന്‍ സാധിച്ചില്ല. 89ാം മിനുട്ടില്‍ അലെയ്ന്‍ ട്രാവോറെയാണ് ബുര്‍കിനോ ഫാസോയുടെ വിജയ ഗോള്‍ നേടിയത്. അതേ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഘാന നാലാം സ്ഥാനത്തെത്തുന്നത് മൂന്നാം തവണയാണ്. എന്നാല്‍ 2013ലെ റണ്ണേഴ്‌സ് അപ്പായ ബുര്‍കിനോയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു ജയം.
ഘാനയുടെ കോച്ച് അവ്‌റാം ഗ്രാന്‍ഡ് മാറ്റങ്ങളുമായാണ് ടീമിനെ കളത്തിലിറക്കിയത്. ബുര്‍കിനോ ഫാസോയുടെ കോച്ച് പൗലോ ഡ്യൂവാര്‍ട്ടെയും ടീമില്‍ മാറ്റം വരുത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. അവസരങ്ങള്‍ ലക്ഷ്യത്തിലേക്ക് തൊടുക്കുന്നതില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ വിജയിച്ചത് ഘാനയാണ്. ഇമാനുവേല്‍ ബാദുവിന്റെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ തോമസ് പാര്‍ട്ടിയുടെ മികച്ചൊരു ഹെഡ്ഡര്‍ ഭീഷണിയുയര്‍ത്തിയെങ്കിലും വലയില്‍ കയറിയില്ല. റീബൗണ്ടില്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി.
മികച്ച ആക്രമണങ്ങള്‍ ഘാനയെ മുന്നിലെത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ബുര്‍കിനോ ഫാസോ പ്രജുസ് നാക്കോല്‍മയിലൂടെ ആദ്യ മികച്ച നീക്കം നടത്തിയത്. എന്നാല്‍ താരത്തിന്റെ ലക്ഷ്യമില്ലാത്ത ഷോട്ട് പുറത്തേക്ക് പോയി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണത്തിനാണ് ഘാന മുതിര്‍ന്നത്. ജോര്‍ദാന്‍ അയുവിന്റെ മിന്നല്‍ ഷോട്ട് ബുര്‍കിനോയുടെ ക്രോസ് ബാറിന് മുകളിലൂടെ മൂളി പറന്നു. അധികം വൈകാതെ തന്നെ ഘാനയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് താരം പാര്‍ട്ടെയുടെ ഹെഡ്ഡറും പുറത്തേക്ക് പോയി. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് കരുതിയിരിക്കെയാണ് ട്രാവോറെ ബുര്‍കിനോ ഫാസോയുടെ രക്ഷകനായത്.
20 വാരെ അകലെ നിന്ന് താരം തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. അധിക സമയത്ത് ഘാനയ്ക്ക് സ്‌കോര്‍ തുല്യമാക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഡാനിയല്‍ അമാര്‍തെയുടെ ഹെഡ്ഡര്‍ ലക്ഷ്യം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."