കാലുമാറ്റത്തിന്റെയും വിലപേശലിന്റെയും 'രാഷ്ട്രീയം '
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ നേരേചെന്ന് സി.പി.എമ്മില്‍ ചേര്‍ന്നു. കേരളത്തിലെ ആദിവാസിപ്രക്ഷോഭരംഗത്തെ തിളങ്ങുന്ന താരമായ സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ചു. രണ്ടും ഒരേഗണത്തില്‍പ്പെടുത്താവുന്ന കൂറുമാറ്റമാണോ
പ്രത്യക്ഷത്തില്‍ രണ്ടും കെറുവുതീര്‍ക്കലാണ്. ജാനുവിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് കേരളത്തിലെ ഇരുമുന്നണികളും അവരെ പരിഗണിക്കേണ്ടതായിരുന്നുവെന്നും പരിഗണന ലഭിക്കാതായപ്പോഴാണ് അവര്‍ കാവിരാഷ്ട്രീയത്തോടൊപ്പം പോയതെന്നുമാണ്. അങ്ങനെയാണു സംഭവിച്ചതെങ്കില്‍ അതൊരു വലിയ ദുരന്തംതന്നെ. എന്‍.ഡി.എ രാഷ്ട്രീയത്തില്‍ ജാനുവെന്ന ആദിവാസി പ്രാതിനിധ്യത്തിനു പ്രായോഗിക രാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ക്കപ്പുറത്തേയ്ക്കു കടന്നുചെന്നു ഭാവിയില്‍ സ്വന്തമായ രാഷ്ട്രീയ ഇടം സ്ഥാപിക്കാന്‍ കഴിയുമോയെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ കൂറുമാറ്റത്തിന്റെ പരിണതിയും പ്രസക്തിയും. മറ്റുപലരെയുംപോലെ ജാനുവും വാടകയ്‌ക്കെടുക്കപ്പെട്ട മസ്തിഷ്‌ക്കമായി മാറുമ്പോള്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) നമുക്കു മുക്താര്‍ അബ്ബാസ് നഖ്‌വിയെപ്പോലെ മറ്റൊരാളെ കിട്ടും. ജാനുവെന്ന ആദിവാസി നേതാവിന്റെ കഥ അതോടെ കഴിയുകയുംചെയ്യും.
എന്തുകൊണ്ടാണു രാഷ്ട്രീയകക്ഷികള്‍ക്ക് ഇത്തരം കൂടുമാറ്റങ്ങള്‍ അനായാസം സംഭവിപ്പിക്കാന്‍ സാധിക്കുന്നത് മൂല്യങ്ങളും പ്രതിബദ്ധതയും വലിയതോതിലൊന്നും സ്വാധീനംചെലുത്താത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലല്ല, പ്രബുദ്ധകേരളത്തിലാണ് ഈ കൂടുവിട്ടുകൂടുമാറ്റങ്ങള്‍ എന്നോര്‍ക്കണം. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയൊന്നു പരിശോധിച്ചാല്‍മാത്രം മതി ഈ പ്രതിഭാസത്തിന്റെ വ്യാപ്തി വ്യക്തമാവാന്‍. പാര്‍ട്ടികള്‍ പിളര്‍ന്ന് നേരേപോയി മുന്നണി മാറുന്നു. വ്യക്തികള്‍ പാര്‍ട്ടി മാറുന്നു. ഇന്നലെവരെ യു.ഡി.എഫ് വക്താവായിരുന്നയാള്‍ ഇന്ന് എല്‍.ഡി.എഫ് വക്താവായും മറിച്ചും രൂപാന്തരപ്രാപ്തി കൈവരിക്കുന്നു.
ഇത്തരം കൂറുമാറ്റങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ സ്വീകാര്യതയുണ്ടാവുന്നുവെന്നതാണു സങ്കടകരം. സീറ്റു കിട്ടാത്തതിന്റെപേരില്‍ പാര്‍ട്ടിമാറുന്നവരെ ന്യായീകരിക്കാന്‍ പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെടുന്നു. ഇങ്ങനെ കൂടുമാറുന്നവര്‍ എം.എല്‍.എയും മന്ത്രിയുമാവുന്നു. അവര്‍ക്കു യാതൊരു പതിത്വവും കല്‍പ്പിക്കപ്പെടുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയ്ക്കു കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ സ്വാഗതംപറഞ്ഞ നേതാവാണ് കൂറുമാറി ഇടതുസ്ഥാനാര്‍ഥിയായത്.
അയാള്‍ ജയിച്ച് എം.എല്‍.എയായി. വര്‍ഗീയതയ്‌ക്കെതിരേയുള്ള പോരാട്ടത്തിന്റെ വിജയമാണു തന്റെ വിജയമെന്നു പിന്നീടദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഈ എപ്പിസോഡിലെ ഏറ്റവുംവലിയ ഫലിതം. വര്‍ഗീയത, പോരാട്ടം തുടങ്ങിയ വാക്കുകള്‍ക്കെല്ലാം എത്രയെളുപ്പത്തിലാണ് അര്‍ഥം നഷ്ടപ്പെടുന്നത്!
രാഷ്ട്രീയത്തില്‍ അധികാരം പരമപ്രധാനമാണ്. പക്ഷേ, അധികാരം ഇല്ലാതിരിക്കുകയെന്ന അവസ്ഥ രാഷ്ട്രീയക്കാര്‍ക്ക് ഈയിടെയായി പൊറുപ്പിക്കാനാവുന്നില്ലെന്നതാണ് അതിലേറെ പ്രധാനം. കേരളത്തില്‍ അടുത്തകാലത്തുകണ്ട കൂറുമാറ്റങ്ങളെല്ലാം സ്ഥാനാര്‍ഥിത്വ താല്‍പ്പര്യംമൂലമാണല്ലോ. അതുതന്നെയാണു മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടു പല പാര്‍ട്ടികളിലുമുണ്ടായ പൊട്ടിത്തെറികള്‍ സൂചിപ്പിക്കുന്നതും.
സാമാന്യേന അന്തസ്സും ആഭിജാത്യവും പുലര്‍ത്തുന്നതും സ്ഥാനമോഹങ്ങളൊന്നും ഏറെ ബാധിക്കാത്തതുമായ പാര്‍ട്ടിയാണു സി.പി.ഐ. ഇടതുപക്ഷ ഐക്യം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് മുന്നണിയിലെ മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്നുവച്ചു മാതൃക കാണിച്ച പി.കെ വാസുദേവന്‍നായരുടെ പാര്‍ട്ടിയാണത്. 1957 ലെ തെരഞ്ഞെടുപ്പില്‍ അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഒരുതവണ മാത്രം എം.എല്‍.എയായശേഷം സാന്നിധ്യമറിയിക്കാന്‍ മെനക്കെട്ടിട്ടില്ലാത്ത വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിയുമാണത്. സ്ഥാനമാനങ്ങള്‍ കമ്യൂണിസ്റ്റുകാരെ പ്രലോഭിപ്പിക്കാറില്ല.
എന്നിട്ടിപ്പോഴെന്തുണ്ടായി പുതിയ ആളുകളെ മന്ത്രിമാരാക്കാന്‍ സി.പി.ഐ തീരുമാനിച്ചതേയുള്ളൂ, അതോടെ കഴിഞ്ഞതവണ മന്ത്രിമാരായിരുന്ന സി ദിവാകരനും മുല്ലക്കര രത്‌നാകരനും കെറുവിച്ചു. തഞ്ചവുംതരവുംപോലെ തങ്ങള്‍ ആ തീരുമാനത്തോടു പ്രതികരിക്കാമെന്നാണ് അവര്‍ പറയുന്നത്. മന്ത്രിയാക്കാത്തതിന്റെപേരില്‍ അവര്‍ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാലോ പാര്‍ട്ടിതന്നെ വിട്ടുപോയാലോ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഈ പറയുന്നതിന്റെ അര്‍ഥം.
ചില മൂല്യസങ്കല്‍പ്പങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാരിലും അധികാരത്തിന്റെ ശീതളച്ഛായ അടിപതറല്‍ ഉണ്ടാക്കുമോ പുറമേയ്ക്കു പറയുന്നില്ലെങ്കിലും സി.പി.എമ്മിലും സ്ഥാനമോഹങ്ങള്‍ പ്രധാനംതന്നെയാണ്. അച്ചടക്കത്തിന്റെ വാള്‍മുന എല്ലാറ്റിനെയും നിശ്ശബ്ദമാക്കുന്നുവെന്നുമാത്രം.
മന്ത്രിസ്ഥാനം എത്രവലിയകാര്യമാണ് എന്നാലോചിച്ചു വശംകെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന എന്‍.സി.പിയും കേരളത്തില്‍ കടുത്ത ഇടതുപക്ഷപ്രതിബദ്ധത പുലര്‍ത്തി മാര്‍ക്‌സിസ്റ്റ് മുന്നണിയില്‍ നില്‍ക്കുമ്പോള്‍തന്നെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം അധികാരംപങ്കിടാന്‍ മടിയേതുമില്ലാത്ത പാര്‍ട്ടിയാണത്. ബി.ജെ.പിയോടുമില്ല അവര്‍ക്ക് അയിത്തം. രണ്ട് എം.എല്‍.എമാരെ ജയിപ്പിച്ച് അവരിലൊരാള്‍ മന്ത്രിയാകുമെന്നു വന്നപ്പോള്‍ രണ്ടുപേര്‍ക്കുംവേണം സ്ഥാനം.
രണ്ടാളും രണ്ടരവര്‍ഷക്കാലം മന്ത്രിയായി വിരാജിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തലവന്‍ ശരത് പവാറിന്റെ തീരുമാനം. പിന്നീട്, മന്ത്രിസ്ഥാനം എ.കെ ശശീന്ദ്രനു നല്‍കാമെന്നു തീരുമാനിക്കേണ്ടിവന്നു. ജനതാദള്‍ എസിലും മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള ചരടുവലികള്‍ മുറുകുകയും അയയുകയും ചെയ്തു. കെ. കൃഷ്ണന്‍കുട്ടിയുടെ കടുത്ത എതിര്‍പ്പോടെയാണു മാത്യു ടി. തോമസ് മന്ത്രിയാകുന്നത്. കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായി കണ്ണൂരില്‍നിന്നു ജയിച്ച കടന്നപ്പള്ളി രാമചന്ദ്രനു മാത്രമേ ഇത്തരം മാനസിക സംഘര്‍ഷങ്ങളില്‍നിന്നു മോചനമുള്ളൂ. നേതാവായും അണിയായും എം.എല്‍.എയായുമെല്ലാം അദ്ദേഹം ഒരാളേയുള്ളൂ പാര്‍ട്ടിയില്‍. കാലുവാരാനും കലുപിടിക്കാനും ആരുമില്ല ഭാഗ്യം.
മുന്നണിരാഷ്ട്രീയമാണു പാര്‍ട്ടികളുടെയും വ്യക്തികളുടെയുമെല്ലാം കൂറുമാറ്റങ്ങള്‍ക്കു വളംവച്ചു കൊടുക്കുന്നത്. ഉദാഹരണത്തിന്, എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് ബിയുടെ കാര്യമെടുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നു പ്രസ്തുത മുന്നണിയുെട സ്ഥാപകരിലൊരാളായ ആര്‍. ബാലകൃഷ്ണപ്പിള്ളയുടെയും മകന്റെയും ഈ പാര്‍ട്ടി. ഇത്തവണ തെരഞ്ഞെടുപ്പു വന്നപ്പോഴേയ്ക്കും എതിര്‍ചേരിയിലായി. അതേപോലെ തെരഞ്ഞെടുപ്പു കാലത്ത് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗമാളുകള്‍ ഇടതുപക്ഷത്തേയ്ക്കു മാറി. അവരെ എല്‍.ഡി.എഫ് ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഇത്തരം മാറ്റങ്ങള്‍ക്കു സ്വീകാര്യതയുണ്ടാവുന്നത് ഏതാണ്ടു തുല്യബലാബലത്തില്‍ നില്‍ക്കുന്ന മുന്നണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസമ്മദര്‍ദ്ദങ്ങള്‍ മൂലമാണ്. സമാനമായ സമ്മര്‍ദ്ദങ്ങള്‍തന്നെ വ്യക്തികളും പ്രയോഗിക്കുന്നു. റിബലായി മത്സരിക്കുന്നവരുടെ ജനസമ്മതി രണ്ടുമുന്നണികളും ഉപയോഗപ്പെടുത്തുന്നു. പ്രാദേശികപ്പാര്‍ട്ടികളും വ്യക്തികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുമെല്ലാം മുന്നണിരാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളില്‍നിന്നാണു മുതലെടുക്കുന്നതെന്നു സാരം.
ഈ ദൗര്‍ബല്യങ്ങള്‍വച്ചുതന്നെയാണു ജാതിമതസംഘടനകള്‍ രാഷ്ട്രീയം കളിക്കുന്നതും. തങ്ങള്‍ക്കുള്ളതോ ഉണ്ടെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതോ ആയ അനുയായികളുടെ പിന്തുണ ജാതിമതസംഘടനകള്‍ സ്വന്തംകാര്യം നേടാന്‍വേണ്ടി ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നത്. അതു തെരഞ്ഞെടുപ്പുകളളെ അവയുടെ സൂക്ഷ്മ രാഷ്ട്രീയത്തില്‍നിന്ന് അകറ്റുകയും വോട്ടുബാങ്ക് രാഷ്ട്രീയത്തിലേയ്ക്കു പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇരുമുന്നണികളും ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രീണിപ്പിക്കുകയാണു ചെയ്യുന്നത്. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന് ഈയിടെ ഒരു ക്രിസ്തീയസഭാമേലധ്യക്ഷന്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇതേവാദംതന്നെയാണു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മുന്നോട്ടുവച്ചത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കാലങ്ങളില്‍ പ്രയോഗിച്ചുവരുന്ന അടവുനയമാണിത്. അകാരണമായി ഇത്തരം ജാതിമതസമുദായശക്തികളെ കേരളത്തിലെ ഇരുമുന്നണികളും പേടിക്കുകയും അവയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തുപോരുന്നു.
ചിലരെയൊക്കെ ജയിപ്പിക്കാനും തോല്‍പ്പിക്കാനും ഇത്തരം സാമുദായികശക്തികള്‍ക്കു സാധിച്ചുവെന്നുവരാം. എന്നാല്‍, തികഞ്ഞ മനോദാര്‍ഢ്യത്തോടെ ജാതിമതശക്തികളുടെ സമ്മര്‍ദ്ദങ്ങളെ പ്രതിരോധിച്ചാല്‍ ഒരു കുഴപ്പവുമുണ്ടാവാനിടയില്ലെന്നതാണു സത്യം. മുസ്‌ലിംലീഗുകാരനായിട്ടുപോലും താന്‍ ഒരു മതനേതാവിനെയും കാണാന്‍ പോയിട്ടില്ലെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ കെ.എം ഷാജി പറയുന്നത് നാം മുഖവിലയ്‌ക്കെടുക്കുക. നികേഷ്‌കുമാറെന്ന താരത്തെ രംഗത്തിറക്കി ഇടതുപക്ഷം സര്‍വ്വശക്തിയുപയോഗിച്ചു പൊരുതിയിട്ടും ഷാജി വിജയിച്ചു.
മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരം വിഭാഗം കിണഞ്ഞുപരിശ്രമിച്ചുവെങ്കിലും അതു ദയനീയമാംവിധം വിഫലമായി. സാമുദായികശക്തികളുടെ സ്വാധീനങ്ങള്‍ക്കപ്പുറത്തു ജനസാമാന്യത്തിന് അവരുടേതായ തിരിച്ചറിവുണ്ടെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ സത്യം തിരിച്ചറിയുന്നില്ല. സാമുദായികനേതാക്കന്മാരെ പേടിച്ചുകൊണ്ടാണ് അവര്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നത്. പേടിയാണ് യഥാര്‍ത്ഥത്തില്‍ അരമനകളിലും മതസംഘടനാ ആസ്ഥാനങ്ങളിലും അനുഗ്രഹം തേടിപ്പോകുന്ന രാഷ്ട്രീയനേതാക്കളെ ഭരിക്കുന്നത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആശയങ്ങളെ അവയുടെതായ സ്ഥാനത്തുതന്നെ നിര്‍ത്തിക്കൊണ്ടു നയങ്ങളാവിഷ്‌ക്കരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സാധിക്കണം. എങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ അപ്രസക്തമായിത്തീരും. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കൂറുമാറുന്നവരെപ്പോലെത്തന്നെയാണു സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിലപേശല്‍ നടത്തുന്ന സമുദായ സംഘടനകളും. ഇരുകൂട്ടരുടെയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ആര്‍ജവമാണു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടാവേണ്ടത്; ഇടതായാലും വലതായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."