വിവാഹമോചനം: ഭര്‍ത്താവിന്റെ വരുമാനം തെളിയിക്കാന്‍ ബഹിരാകാശ ടിക്കറ്റ്
ലണ്ടന്‍: വിവാഹ മോചനക്കേസില്‍ ഭര്‍ത്താവിന്റെ വരുമാനം തെളിയിക്കാന്‍ ഇന്ത്യന്‍ വംശജയായ യുവതി കോടതിയില്‍ സമര്‍പ്പിക്കുന്നത് ബഹിരാകാശ യാത്രക്കെടുത്ത ടിക്കറ്റ്. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ മീര മനേകും ഭര്‍ത്താവ് ആശിഷ് ഝാക്കറുമാണ് യു.കെ ഹൈക്കോടതിയെ സമീപിച്ചത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് ആശിഷ്. കോടികളുടെ സമ്പാദ്യമാണ് ഇദ്ദേഹത്തിനുള്ളത്.
പ്രശസ്ത പാചകക്കുറിപ്പ് എഴുത്തുകാരിയും ബ്ലോഗറുമായ മീരയുമായി 2008ലാണ് ഇദ്ദേഹം വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് 2013 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. തുടര്‍ന്ന് വിവാഹമോചന ഹരജിയും സമര്‍പ്പിച്ചു.
ആശിഷ് തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും വരുമാനം കുറച്ചുകാണിക്കുകയാണെന്നുമാണ് മീര പരാതിപ്പെട്ടത്. എന്നാല്‍ തനിക്ക് 1.6 ലക്ഷം പൗണ്ട് (1.34 കോടി രൂപ) യുടെ സമ്പാദ്യം മാത്രമേയുള്ളൂവെന്ന് ആശിഷ് കോടതിയെ അറിയിച്ചു. ഇതു കളവാണെന്ന് മീര വാദത്തിനിടെ ആരോപിച്ചു. തുടര്‍ന്ന് മീരയോട് ആശിഷിന്റെ സമ്പാദ്യം തെളിയിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
അപ്പോഴാണ് ആശിഷ് ബഹിരാകാശ വിനോദ സഞ്ചാര യാത്രയ്ക്കായി എടുത്ത ടിക്കറ്റ് മീര കണ്ടെത്തിയത്. 1.6 ലക്ഷം പൗണ്ട് (ഏതാണ്ട് 1.34 കോടി രൂപ)യുടെ ടിക്കറ്റാണ് അടുത്തയാഴ്ച മീര ഹൈക്കോടതിയില്‍ ഹാജരാക്കുക.
വിവാഹ മോചനക്കേസില്‍ ബഹിരാകാശ യാത്രയുടെ ടിക്കറ്റ് ഹാജരാക്കുന്നത് ആദ്യ സംഭവമാണ്. വെര്‍ജിന്‍ ഗലാക്റ്റിക് നടത്തുന്ന മൂന്ന് മണിക്കൂര്‍ ബഹിരാകാശ വിനോദ സഞ്ചാരത്തിനായാണ് ആശിഷ് ടിക്കറ്റെടുത്തത്. 2015ല്‍ ദി സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആശിഷിന്റെ വരുമാനം 4,195 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."