യു.കെ സന്ദര്‍ശനം ട്രംപ് റദ്ദാക്കി
വാഷിങ്ടണ്‍: അടുത്ത മാസം നടത്താനിരുന്ന ബ്രിട്ടന് സന്ദര്‍ശനം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഒരു ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 6,358 കോടി രൂപ) ചെലവില്‍ ലണ്ടനില്‍ പുതുതായി നിര്‍മിച്ച യു.എസ് എംബസിയുടെ ഉദ്ഘാടനത്തിനായി ട്രംപ് എത്തുമെന്നാണു കരുതപ്പെട്ടിരുന്നത്.
എന്നാല്‍, മെയ്ഫെയറില്നിന്ന് സൗത്ത് ലണ്ടനിലേക്ക് നയതന്ത്ര കാര്യാലയം മാറ്റിയത് ബരാക് ഒബാമാ സര്‍ക്കാരിന്റെ തെറ്റായ ഇടപാടാണെന്നും താന്‍ അതിനെ പിന്താങ്ങുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒബാമാ സര്‍ക്കാരിനു മുന്‍പ് ജോര്‍ജ് ഡബ്ല്യു. ബുഷ് സര്‍ക്കാരാണ് എംബസി മാറ്റാനുള്ള നീക്കം ആരംഭിച്ചത്.
എന്നാല്‍, രാജ്യത്തേക്കുള്ള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നേരത്തെ തിയതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും യു.എസ് എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരുടെ ആഭ്യന്തര വിഷയമാണെന്നും ബ്രിട്ടീഷ് ഭരണകൂടം പ്രതികരിച്ചു.
അതേസമയം, രാജ്യത്തെ പ്രതിഷേധക്കാരെ ഭയന്നാണ് ട്രംപ് യാത്ര റദ്ദാക്കിയതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് പറഞ്ഞു. ലണ്ടനുകാര്‍ തന്റെ വിഭജനത്തിന്റെ രാഷ്ട്രീയത്തെയും നയനിലപാടുകളെയും എതിര്‍ക്കുന്നവരാണെന്നും ഇവിടെയെത്തിയാല്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും സാദിഖ് ഖാന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."