പ്രതിരോധം വന്യമൃഗങ്ങള്‍ക്ക്; ദുരിതം നാട്ടുകാര്‍ക്കും
സുല്‍ത്താന്‍ ബത്തേരി: ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത പ്രതിരോധങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ ഉപകാരപ്പെടാതെ പോകുന്നതാണ് കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാവുന്നത്.
അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷിക്കാന്‍ നടപടിയില്ലാത്തതുമാണ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നശിക്കാന്‍ കാരണം.
ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് വടക്കനാട് പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതി ഫെന്‍സിങാണ് ഇത്തരത്തില്‍ നശിക്കുന്ന ഒന്ന്. വനത്താല്‍ ചുറ്റപ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തില്‍ അതിരൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വടക്കനാട് പ്രദേശത്ത് സ്ഥാപിച്ച് വന്യമൃഗ പ്രതിരോധ വൈദ്യുത ഫെന്‍സിങ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2011-12 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കിലോമീറ്ററുകളോളം വനാതിര്‍ത്തിയില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചത്. കുറച്ചുനാള്‍ മാത്രം പ്രവര്‍ത്തിച്ച് പ്രതിരോധ വേലി പിന്നീട് നശിച്ചു.
പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരുടെ അശാസ്ത്രീയമായ നിര്‍മാണത്തിനൊപ്പം വേലിക്ക് തുടര്‍സംരക്ഷണം ഒരുക്കാത്തതുമാണ് ഇവ നശിക്കാന്‍ കാരണം. വേലി സ്ഥാപിക്കുന്ന സമയത്ത് മണ്ണില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാതെ കാലുകള്‍ നാട്ടി അതില്‍ കമ്പിവലിച്ചുകെട്ടുക മാത്രമാണ് ചെയ്തത്. ഇതോടെ പേരിനുമാത്രം പ്രവര്‍ത്തിച്ച് ഫെന്‍സിങും തകര്‍ന്നു. ലക്ഷങ്ങള്‍ ചിലവവഴിച്ച് നിര്‍മ്മിച്ച് കമ്പിവേലി ഇപ്പോള്‍ പൊട്ടി കാലുകള്‍ ഇളകി കിടക്കുകയാണ്. വന്യമൃഗ പ്രതിരോധ മാര്‍ഗ നടപടികള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മിക്കുമ്പോഴും സ്ഥാപിക്കുമ്പോഴും അതാത് പ്രദേശത്ത് ജനകീയ കമ്മറ്റി രൂപീകരിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ വെറുതെ നശിക്കുന്നത് ഇല്ലാതാവുമെന്നും ഇത് ജനോപകാരപ്രദമാകുമെന്നുമാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."