കസ്റ്റഡിയിലെടുത്ത വാഹനം ബലം പ്രയോഗിച്ച് കൊണ്ടുപോയി; സ്കൂള്‍ മാനേജര്‍ക്കെതിരേ കേസ്
കണ്ണൂര്‍: സുരക്ഷാ കാരണങ്ങളാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയിലെടുത്ത വാഹനം ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോയ സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും സ്കൂള്‍ മാനേജര്‍ക്കുമെതിരെ പൊലിസ് കേസെടുത്തു.
കടമ്പൂര് സ്കൂളിന്റെ കെ എല്‍ 13 സി 36 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍, ഉടമ മഞ്ജു ലോട്ടറി എം.ഡി മുരളി എന്നിവര്‍ക്കെതിരെയാണ് ആര്.ടി.ഒവിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തത്.
കഴിഞ്ഞദിവസം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചുകൊണ്ടുപോകാന് ഉപയോഗിച്ച വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിരുന്നു. വാഹനത്തിന്റെ ബോഡി മുഴുവന്‍ രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷാകാരണങ്ങളാല്‍ എം വി ഐ കെ കെ അനൂപ് വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഡ്രൈവറും ഉടമയും മറ്റ് ചിലരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ വാഹനം എടുത്തുകൊണ്ടുപോവുകയും സുരക്ഷാമാനദണ്ഡം പാലിക്കാതെ കൊച്ചുകുട്ടികളെ അതില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് എം വി ഐ ആര് ടി ഒവിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത വാഹനത്തിന് 2017 മാര്‍ച്ച് 30 വരെ മാത്രമേ ഫിറ്റ്നസ് ഉള്ളൂ. ഇതെ തുടര്‍ന്നാണ് എം വി ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ആര് ടി ഒവിന്റെ പരാതി പ്രകാരം ടൗണ്‍ പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."