നിയമനിര്‍മാതാക്കള്‍ നിയമലംഘകരാകുമ്പോള്‍
നാടു ഭരിക്കാന്‍ നാം തെരഞ്ഞെടുത്തയക്കുന്ന എം.പിമാരും എം.എല്‍.എമാരും സത്യപ്രതിജ്ഞയും ദൃഢപ്രതിജ്ഞയുമൊക്കെ എടുത്താണ് അധികാരത്തിലേറുന്നത്. അവരില്‍ പലരുടെയും പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുവെന്നതു ജനാധിപത്യബോധത്തെ കൊഞ്ഞനം കുത്തലാണ്. ജനാധിപത്യ, പരിപാവനമായ ഭരണഘടനയെ അപമാനിക്കലാണത്. ത്രിവര്‍ണപതാക ഉയര്‍ത്തുന്നതു സംബന്ധിച്ച്, ദേശീയഗാനം ആലപിക്കുന്നതിനെക്കുറിച്ച് ഉയരുന്ന വിവാദങ്ങളേക്കാള്‍ 135 കോടി ജനങ്ങളെ അലോസരപ്പെടുത്തേണ്ടതും ഇതുതന്നെ.
ഗുജറാത്ത് കലാപങ്ങളോടനുബന്ധിച്ച കേസുകളില്‍ നിന്ന് ഇനിയും പൂര്‍ണമോചനം നേടിയിട്ടില്ലാത്ത നരേന്ദ്ര മോദി ഇന്ദ്രപ്രസ്ഥം ഭരിക്കുന്നതുകൊണ്ടു പറയുന്നതല്ലിത്. ബാബരി മസ്ജിദ് ധ്വംസനക്കേസില്‍നിന്ന് ഇനിയും കുറ്റവിമുക്തനാകാത്തതുകൊണ്ട് എല്‍.കെ അദ്വാനിയെന്ന മുന്‍ ഉപപ്രധാനമന്ത്രിക്കു രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതു കൊണ്ടുമല്ല ഇതു പറയുന്നത്.
എം.പിമാരും എം.എല്‍.എമാരുമായ 1581 പേര്‍ക്ക് എതിരായ കേസുകള്‍ ഇനിയും നീതിപീഠത്തിനുമുന്നില്‍ വിചാരണയ്ക്ക് എത്തിയിട്ടില്ലെന്നു സുപ്രിംകോടതി കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണിത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് അവരൊക്കെയും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചതാണ്.
ഇവ അതിവേഗം പരിഗണിക്കണമെന്ന നിര്‍ദേശത്തോടെ മാര്‍ച്ച് ഒന്നിനു മുമ്പായി പന്ത്രണ്ടു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വരികയാണ്. ഇവ ആരംഭിക്കാന്‍ ഹൈക്കോടതികള്‍ നടപടി സ്വീകരിക്കണമെന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവിന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് ഉത്തരവായതിന്റെ വെളിച്ചത്തിലാണിത്.
നിയമനിര്‍മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമലംഘനം നടത്തിയെന്നതാണല്ലോ ആ ക്രിമിനല്‍ കേസുകളിലൂടെ ആരോപിക്കപ്പെടുന്നത്. അശ്വിനി ഉപാധ്യായ എന്ന സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ ഹരജിയിന്മേലാണു സുപ്രിംകോടതി വിധി. മാര്‍ച്ച് ഒന്നിനകം സ്‌പെഷ്യല്‍ കോടതികള്‍ ഇതാരംഭിക്കാനായി ഏഴേ മുക്കാല്‍ കോടി രൂപ ഉടന്‍ അനുവദിക്കണമെന്നു കേന്ദ്രഗവണ്‍മെന്റിനു സൂപ്രിംകോടതി നിര്‍ദേശം നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
ഈ തുക കൊണ്ടൊന്നും പന്ത്രണ്ടു ഫാസ്റ്റ് കോര്‍ട്ടുകള്‍ ആരംഭിക്കാനോ കേസുകളില്‍ വിധിയെഴുതാനോ സാധ്യമല്ലെന്നു ഹരജിക്കാരനായ അശ്വിനി ഉപാധ്യായ പറയുന്നുണ്ട്. ഏതായാലും പ്രവര്‍ത്തനം തുടങ്ങട്ടെ, പുരോഗതി നിരീക്ഷിച്ചശേഷം തുടര്‍തീരുമാനമെടുക്കാമെന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ് നാദ്കര്‍ണിയുടെ വാദം സുപ്രിംകോടതി ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ പാര്‍ട്ടി ഭാരവാഹികളാകുന്നതു തടയാനും പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി മുമ്പാകെ വന്നിട്ടുണ്ട്. നേരത്തെ നോട്ടീസയച്ചിട്ടും പ്രതികരിക്കാത്ത കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പു കമ്മിഷനോടും ഉടന്‍ മറുപടി നല്‍കണമെന്നു ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കയാണ്.
ഉത്തര്‍പ്രദേശില്‍ വര്‍ഷങ്ങളായി നിലവിലുള്ള 20,000 രാഷ്ട്രീയക്കേസുകള്‍ ഒറ്റയടിക്കു പിന്‍വലിക്കാന്‍ ഗവര്‍ണര്‍ രാംനായിക്ക് ഉത്തരവിട്ടുവെന്നതാണത്. ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയായ കേസുകളും ഇതില്‍പ്പെടും. നാലുതവണ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭാ എം.പിയും വാജ്‌പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്നു മൂന്നുവര്‍ഷം മുമ്പു ഗവര്‍ണറായി നിയമിതനായ രാംനായിക് എന്നറിയുമ്പോള്‍ ഇതില്‍ അത്ഭുതം തോന്നില്ല.
ഹൈക്കോടതികളില്‍ ആവശ്യത്തിന്റെ പകുതിപോലും ന്യായാധിപന്മാരില്ലെന്നു മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പറഞ്ഞത് ഓര്‍മ വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം തെരഞ്ഞെടുത്തയച്ച ജഡ്ജിമാരുടെ പട്ടിക പലതവണ കേന്ദ്രം മടക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 24 ഹൈക്കോടതികളിലായി 1079 ജഡ്ജിമാരുടെ തസ്തികകളുള്ളപ്പോള്‍ 624 ജഡ്ജിമാരാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.
228 എം.പിമാര്‍ക്കെതിരായ കേസുകള്‍ രണ്ടു സ്‌പെഷ്യല്‍ കോടതികളാണു കൈകാര്യം ചെയ്യുക. കേരളം, ആന്ധ്ര, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണു മറ്റു കോടതികള്‍ തുടങ്ങുന്നത്.
പല സംസ്ഥാനങ്ങളിലും അറുപതിലേറെ എം.എല്‍.എമാര്‍ക്കെതിരേ കേസുകളുണ്ട്. ഏതു നിയമമായാലും നിയമമനുസരിച്ചു സംഗതികള്‍ നടക്കുന്നുണ്ടോയെന്നു നോക്കുന്ന ചുമതല മാത്രം കോടതികള്‍ വിവരിച്ചാല്‍ മതിയെന്നാണു പല എം.പിമാരും എം.എല്‍.എമാരും പറയുന്നത്. നിയമനിര്‍മാണചുമതല തങ്ങളുടേതു മാത്രമാണെന്നു ഭരണഘടനാവകുപ്പുകള്‍ ഉദ്ധരിച്ച് അവര്‍ വാദിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇതല്ല രസം. ക്രിമിനല്‍ക്കേസില്‍പ്പെട്ട എം.പിമാരുടെയും എം.എല്‍.എമാരുടെയും കണക്കുകള്‍ സുപ്രിംകോടതി എടുക്കുമ്പോഴും ക്രിമിനല്‍ക്കേസ് പ്രതികള്‍ ഇപ്പോഴും തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാവുന്നു. അവരുടെ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കപ്പെടുന്നുവെന്നു മാത്രമല്ല, തെരഞ്ഞെടുപ്പുകളില്‍ അവര്‍ ജയിച്ചുകയറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച 47 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. കൊള്ള മുതല്‍ കൊലപാതകം വരെയുള്ള കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. മധ്യപ്രദേശില്‍ കൊലക്കേസ് പ്രതിയായ മന്ത്രി ലാല്‍സിങിനെ എവിടെ തിരഞ്ഞിട്ടും കണ്ടെത്തിയില്ലെന്നു പറഞ്ഞത് അവിടത്തെ പൊലിസ് മേധാവി തന്നെയാണ്.
തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിവിധ നിയമസഭകളിലും എത്തുന്നവര്‍ എന്താണ് ചെയ്യുന്നതെന്നതിനു നമ്മുടെ മുമ്പില്‍ പൂര്‍ണമായ രേഖകളൊന്നുമില്ല. ഒരു ചോദ്യവും ചോദിക്കാതെ ഒരു പ്രമേയവും കൊണ്ടുവരാതെ ശമ്പളവും ബത്തയുമായി ലക്ഷങ്ങള്‍ കൈപറ്റി പോകുന്നവര്‍ ഏറെയുണ്ട്.
മാസംതോറും ലോകം ചുറ്റുന്ന പ്രധാനമന്ത്രിയുടെ യാത്രാചെലവുകള്‍ അവിടെ ഇരിക്കട്ടെ. മൂന്നുവര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് രാജ്യത്തിനകത്തെ യാത്രക്കായി മാത്രം 136 കോടി രൂപയാണ് എം.പിമാര്‍ക്കുവേണ്ടി ചെലവായത്. അഞ്ചുവര്‍ഷം മുമ്പ് 300 ശതമാനമായി ഉയര്‍ത്തിയ ശമ്പളം ഇനിയും ഇരട്ടിയാക്കണമെന്നും എം.പിമാരുടെ പാനല്‍ നിര്‍ദേശിക്കുകയുണ്ടായി.
നിയമനിര്‍മാണത്തിന്റെ അധികാരമെല്ലാം ഭരണഘടനയനുസരിച്ചു തങ്ങളുടേതാണെന്നു വാദിക്കുന്ന എം.പിമാര്‍ തന്നെയാണു തങ്ങളുടെ വേതനമടക്കമുള്ള വരുമാനത്തിലെ വര്‍ധനയ്ക്കു പ്രമേയം കൊണ്ടുവരുന്നതും പാസാക്കുന്നതും.
ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്നതിനിടയില്‍ എം.എല്‍.എമാര്‍ തങ്ങളുടെ വേതനം ഇരട്ടിയാക്കണമെന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതേസമയം ഏഴ് എം.പിമാരും നൂറോളം എം.എല്‍.എമാരും വരവില്‍ കവിഞ്ഞ സ്വത്തിന്റെ അവകാശികളായി മാറിയെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വെളിപ്പെടുത്തുകയുമുണ്ടായി.
ഇക്കഴിഞ്ഞ ദിവസമാണല്ലോ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് കോടതി മൂന്നരക്കൊല്ലം ജയില്‍ശിക്ഷ വിധിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് അറസ്റ്റ് വരിച്ചു ജയിലില്‍ പോയവരൊക്കെ പിന്നീട് മന്ത്രിമാരായപ്പോള്‍ ഇന്നു മന്ത്രിമാരായവരൊക്കെയാണു ജയിലില്‍പോകുന്നത്.
പാര്‍ലമെന്റില്‍ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ബഹളമുണ്ടാക്കുമെന്നത് എല്ലാ ഭരണത്തിലും ഏറെക്കാലമായി കാണുന്നതാണ്.
സഭ സ്തംഭിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലാത്ത എം.പിമാര്‍ക്കു പോലും പാര്‍ട്ടി നിര്‍ദേശമനുസരിച്ചു ബഹളമുണ്ടാക്കേണ്ടിവരുന്നു. പാര്‍ലമെന്റ് തടസപ്പെടുമ്പോള്‍ നഷ്ടം ഇരുപതു കോടിയാണ്.
അധികാരത്തിലിരിക്കുന്നവര്‍ക്ക് സഭകളുടെ സുഗമമായ നടത്തിപ്പിന്റെ കാര്യത്തില്‍ വലിയ താല്‍പര്യമാണ്. അവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതു സൗകര്യപൂര്‍വം മറക്കും. എ. രാജയുടെ ത്രീജി ഉള്‍പ്പെടെയുള്ള പ്രശ്‌നം ടെലികോം കുംഭകോണക്കേസുകളില്‍ ഓരോന്നും തെളിവില്ലാതെ തള്ളപ്പെടുന്ന സാഹചര്യം ഇന്നുണ്ടല്ലോ.
ഈ ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടു മുറവിളി കൂട്ടിയ പ്രതിപക്ഷമാണ് ഇന്നു ഭരിക്കുന്നത്.
നിയമനിര്‍മാണത്തിന്റെ പ്രസക്തിയെക്കുറിച്ച് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സംസാരിക്കവെ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു കര്‍ക്കശസ്വരത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നവരെ ഉടന്‍ സസ്‌പെന്റ് ചെയ്യുമെന്നാണദ്ദേഹം പറഞ്ഞത്.
ഇതേ വെങ്കയ്യനായിഡു തന്നെയാണു നാലുവര്‍ഷം മുമ്പ് തന്റെ പാര്‍ട്ടി അംഗങ്ങള്‍ സഭ തടസപ്പെടുത്തിയതിനെ ന്യായീകരിച്ചത്. കഴിഞ്ഞവര്‍ഷമാകട്ടെ സഭ തടസപ്പെടുത്തിയെന്നതിന് 44 അംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അഞ്ചുദിവസത്തേയ്ക്കു സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ എത്ര മര്യാദരാമന്മാരായാലും അവരുടെ മാനസികാവസ്ഥ എന്തായിരിക്കണമെന്നു നിരീക്ഷിക്കാന്‍ ദൂരെ എങ്ങും പോകേണ്ടതില്ല.
അതേസമയം കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടാല്‍ അതു മന്ത്രിമാര്‍ക്ക് എതിരായാലും എം.പിമാര്‍ക്ക് എതിരായാലും എം.എല്‍.എമാര്‍ക്ക് എതിരായാലും വൈകാതെ കൈകാര്യം ചെയ്യുകയാണു വേണ്ടത്. ആരുടെ കാര്യത്തിലായാലും നീതി വൈകിക്കുന്നതു നീതിനിഷേധിക്കല്‍ തന്നെയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."