മുട്ടം പൊലിസ് സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുന്നു
മുട്ടം: പൊലിസ് സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുന്നു. പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല. ചെറിയ മൂന്ന് മുറിയും 33 പൊലിസുകാരുമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുട്ടം പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു അഡീഷനല്‍ എസ്.ഐയും മൂന്ന് എ.എസ്.ഐമാരുമടക്കമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഉദ്ഘാടന വേളയില്‍ വിശാലമായ പൊലിസ് സ്റ്റേഷന്‍ ഉടന്‍ നിര്‍മിക്കും എന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊലിസുകാരുടെ കുറവ് മൂലം ഡ്യൂട്ടിയിലുള്ളവര്‍ ഒന്നിടവിട്ട് നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ചായം തേച്ച് മുഖം മിനുക്കിയതല്ലാതെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയാണ് പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ജോലി നോക്കുന്ന പൊലിസുകാര്‍ സമീപത്തുള്ള ലോഡ്ജില്‍ രണ്ട് മുറി വാടകയ്‌ക്കെടുത്താണ് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമായി ഉപയോഗിക്കുന്നത്. ഇതിനായി പതിനായിരം രൂപയോളം പ്രതിമാസം ഇവര്‍ക്ക് ചെലവുണ്ട്.
വനിതാ പൊലിസുകാരാണ് ഒരു മുറി ഉപയോഗിക്കുന്നത്. മൂന്നു വനിതാ പൊലിസ് ഓഫിസര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ചെറിയ മുറിയും ഒരു ലോക്കപ്പുമുള്ള സ്റ്റേഷനില്‍ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ ഉപയോഗിക്കുന്ന കസേരയാണ് പരാതിക്കാരന് നല്‍കുന്നത്. പൊലിസ് ജീപ്പ് സ്റ്റേഷന്റെ മുമ്പില്‍ പടുത കെട്ടിയാണ് സംരക്ഷിക്കുന്നത്. സ്വന്തമായി 85 സെന്റ് സ്ഥലമുള്ള പൊലിസ് സ്റ്റേഷനാണ് ഈ ഗതികേടുള്ളത്.
മുട്ടം പഞ്ചായത്ത് മുഴുവനായും കരിങ്കുന്നം, കുടയത്തൂര്‍, ആലക്കോട്, ഇടവെട്ടി തുടങ്ങിയ പഞ്ചായത്തുകളിലെ ഏതാനും പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് മുട്ടം പൊലിസ് സ്റ്റേഷന്റെ പരിധി .
25000ത്തോളം ജനങ്ങളാണ് മുട്ടം പൊലിസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ താമസിക്കുന്നത് എന്നാണ് കണക്ക്. പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കംപ്യൂട്ടര്‍ റൂം, റിക്കോഡ് റൂം എന്നിവയടക്കം അനവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ജില്ലാ കോടതി സമുച്ഛയം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."