മലയോരത്തുകുടിവെള്ളം കിട്ടാക്കനി, ജനം നെട്ടോട്ടത്തില്‍
കുന്നുംകൈ: കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ വെസ്റ്റ് എളേരി പഞ്ചായത്തില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍ .പരമ്പരാഗത ജലസ്രോതസുകളായ കിണറുകളും കുളങ്ങളും വേനലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വറ്റിവരണ്ടതും പ്രതിസന്ധി രൂക്ഷമാക്കി. കുടിവെള്ളവിതരണ ടാപ്പുകളാകട്ടെ നോക്കുകുത്തികളായിരിക്കുകയാണ്.
വീടുകളിലേക്കു കണക്ഷനുകള്‍ എടുത്തവര്‍ക്ക് വെള്ളം കിട്ടാതെതന്നെ കരമടയ്‌ക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍. ജലക്ഷാമം കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. കവുങ്ങ്, പച്ചക്കറി കൃഷികളും കരിഞ്ഞുണങ്ങി. കഴിഞ്ഞ ദിവസം വേനല്‍മഴ ശക്തമായി പെയ്തത് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നെങ്കിലും മഴ തുടര്‍ന്ന് പെയ്യാതിരുന്നതു പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു .
കുന്നുംകൈ, പരപ്പച്ചാല്‍, പെരുമ്പട്ട ,മൗക്കോട് പ്രദേശങ്ങളിലാണ് ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമുള്ളത്. പഞ്ചായത്ത് കിണറുകള്‍ കാര്യക്ഷമമല്ലന്നാണ് ആക്ഷേപം. ചൈത്രവാഹിനി പുഴയും ഏതാണ്ട് വറ്റിവരണ്ടു. മാങ്ങോട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളവും ആഴ്ചയില്‍ ഒരു ദിവസമാക്കിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഇതാകട്ടെ പലയിടങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുകയും ചെയ്യുന്നു.
തകരാറിലായ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പഞ്ചായത്ത് അധീനതയിലുള്ള കിണറുകളും കുളങ്ങളും യഥാസമയം വൃത്തിയാക്കി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."