ഫൈസല്‍ വധം: രണ്ടുപേര്‍കൂടി പിടിയില്‍
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലൂണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കൃത്യം നടപ്പിലാക്കിയ കേസിലെ പ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ഇയാള്‍ക്ക് ഒളിത്താവളമൊരുക്കി കൊടുത്ത തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം മൈസൂരിനടുത്ത് ഫര്‍ഗൂരിലെ കൃഷി ഫാമിലെ രഹസ്യകേന്ദ്രത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഇതോടെ ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലാവുന്ന പ്രതികളുടെ എണ്ണം പതിനാലായി. ഗൂഡാലോചനാ കേസിലെ മുഖ്യപ്രതി മഠത്തില്‍ നാരായണനെകൂടി പിടികൂടാനുണ്ട്. ബിബിന് ഒളിവില്‍ താമസിക്കാന്‍ എല്ലാവിധ സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിനാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ബിബിന് രക്ഷപ്പെടാനും, താമസിക്കാനും, ജോലി അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
സംഭവശേഷം ദുബൈയിലേക്ക് മുങ്ങിയ ബിബിന്‍ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരികയും ഒരുമാസമായി വയനാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വളരെ രഹസ്യമായി ഫാമിലെ ഷെഡില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍. എന്നാല്‍ വളരെ വിദഗ്ധമായ നീക്കങ്ങളിലൂടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് പൊലിസ് ബിബിനെ കണ്ടെത്തിയത്. ബിബിനെ പിടികൂടുമ്പോള്‍ രതീഷും കൂടെയുണ്ടായിരുന്നു.
അതേസമയം ഫൈസല്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പതിനൊന്നു പ്രതികളുടെയും ബന്ധുക്കളെ ഇന്നലെ മലപ്പുറം ക്രൈം ബ്രാഞ്ച് ഓഫിസില്‍ പൊലിസ് ചോദ്യം ചെയ്തു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു.
മഞ്ചേരി സി.ഐ കെ.എം ബിജു, കൊളത്തൂര്‍ എസ്.ഐ വിഷ്ണു, എ.എസ്.ഐ മാരായ സി.പി മുരളീധരന്‍, സന്തോഷ് പൂതേരി, സി.പി.ഒമാരായ യൂനസ്, മനോജ്, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."