ഹജ്ജ് അപേക്ഷ എണ്‍പതിനായിരം കവിഞ്ഞു; സര്‍വകാല റെക്കോര്‍ഡ്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ചവരുടെ എണ്ണം എണ്‍പതിനായിരം കവിഞ്ഞു. അപേക്ഷ സ്വീകരണം ഇന്നലെ വെകിട്ട് അവസാനിച്ചപ്പോഴാണ് അപേക്ഷകരുടെ എണ്ണത്തില്‍ കേരളം റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷം 76,417 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ അപേക്ഷകരുടെ കൃത്യമായ കണക്ക് അടുത്ത ദിവസം മാത്രമേ ലഭ്യമാകൂ. ഇത്തവണ തീര്‍ഥാടനത്തിന് നേരിട്ട് അവസരം കാത്തിരിക്കുന്നവര്‍ 10,717 പേരാണുള്ളത്. 70 വയസിന് മുകളില്‍ പ്രായമുള്ള 1700 പേരും, തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി 9017 പേരും ഉള്‍പ്പെടെയാണിത്.
കഴിഞ്ഞ വര്‍ഷം ആകെ 10,268 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. ഇതില്‍ 9943 പേര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചു. എന്നാല്‍ ഈ വര്ഷംനേരിട്ട് അവസരം കാത്ത് മുന്‍വര്‍ഷത്തേക്കാള്‍ 774 പേരാണ് അധികമുള്ളത്. നേരിട്ട് അവസരം ലഭിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കൂടിയതിനാല്‍ നിലവിലുള്ള ക്വാട്ടയേക്കാള്‍ ഇരട്ടി സീറ്റായിരിക്കും കേരളത്തിന് ലഭിക്കുക.
ഹജ്ജ് അപേക്ഷ സ്വീകരണം ജനുവരി രണ്ട് മുതലാണ് തുടങ്ങിയത്. ജനുവരി 24 വരെയായിരുന്നു നിശ്ചയിച്ചതെങ്കിലും പിന്നീട് ഫെബ്രുവരി ആറിലേക്ക് നീട്ടുകയായിരുന്നു. തിയതി നീട്ടിയതും അപേക്ഷകര്‍ വര്‍ധിക്കുന്നതിനിടയാക്കി. നേരിട്ട് അവസരം ലഭിക്കുന്നവര്‍ക്ക് ക്വാട്ട നല്‍കിയതിനു ശേഷമായിരിക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് അവസരം നല്‍കുക.
ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 19ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഈ വര്‍ഷം നാലാം വര്‍ഷ അപേക്ഷകരായി 10,480 പേരാണുളളത്. ഇവരില്‍ നിന്നായിരിക്കും ആദ്യ വെയിറ്റിങ് ലിസ്റ്റ് തയാറാക്കുക. പിന്നീട് ജനറല്‍ വെയിറ്റിങ് ലിസ്റ്റും തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."