വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി.പി.എം നേതാവിനെതിരേ കേസ്
കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ മുളവുകാട് പൊലിസ് കേസെടുത്തു. വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടില്‍ വീട്ടില്‍ ഷഗി(43)നെതിരെയാണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമ പ്രകാരം കേസെടുത്തത്. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. കേസിനെ തുടര്‍ന്ന് ഇയാളെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്നു പുറത്താക്കി.
വല്ലാര്‍പാടത്തെ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനിയായ എട്ടു വയസുകാരിയാണ് പീഡനത്തിനിരയായത്. ഇതേ സ്കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്കൂളിലേക്ക് നേരത്തെയെത്താറുള്ള ഷഗി മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്കിയ ശേഷം മറ്റു കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ സഹപാഠികളിലൊരാളാണു വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് ഇയാളോട് അധ്യാപകര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും സംഭവം നിഷേധിച്ചു.
ഇന്നലെ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."