ഹോസ്പിറ്റല്‍ ലേണിങ് സെന്റര്‍ പദ്ധതി ആരംഭിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷകേന്ദ്രത്തില്‍ ചികിത്സ തേടുന്ന രക്താര്‍ബുദവും മറ്റു മാരകരോഗങ്ങളും ബാധിച്ച കുട്ടികള്‍ക്കായി നെസ്റ്റ് കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഹോസ്പിറ്റല്‍ ലേണിങ് സെന്റര്‍ തുടങ്ങി.
രക്താര്‍ബുദവും മറ്റു രോഗങ്ങളും ബാധിച്ച കുട്ടികള്‍ ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളവരാണ്. ആശുപത്രിയില്‍ ഈ ഗണത്തില്‍പ്പെടുന്ന 200ഓളം കുട്ടികള്‍ ചികിത്സയിലുണ്ട്.
ചികിത്സയിലും പശ്ചാത്തല സൗകര്യങ്ങളിലും ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍കൊണ്ട്് ഇത്തരം രോഗങ്ങള്‍ ഭൂരിഭാഗവും ഭേദപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയും ആശുപത്രിവാസവും കാരണം പല കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം തടസപ്പെടുകയാണ്.
ഇതിനു പരിഹാരമായാണ് ഹോസ്പിറ്റല്‍ ലേണിങ് സെന്റര്‍ വിഭാവനം ചെയ്തത്.
വികസിത രാഷ്ട്രങ്ങള്‍ വിജയകരമായി നടപ്പാക്കിവരുന്ന മാതൃകയാണിത്.
സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടികളുടെ തുടര്‍പഠനം ഉറപ്പുവരുത്തുക, കുട്ടികള്‍ക്കും കുടുംബത്തിനും ആവശ്യമായ മാനസിക പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.
പദ്ധതിക്ക് നഗരസഭയുടെ പിന്തുണ അദ്ദേഹം ഉറപ്പു നല്‍കി. ഡോ. എം.കെ മോഹന്‍ കുമാര്‍ അധ്യക്ഷനായി.
പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, ഡോ. ടി.പി അഷ്‌റഫ്, ഡോ. ശ്രീകുമാര്‍, ഡോ. വി.ടി അജിത്കുമാര്‍, ഡോ. എം.വി ജയകുമാര്‍, ഫാറൂഖ് ബാത്ത, മുഹമ്മദ് ഹാഷിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."