മറീനയും നജീബും മനസ് തുറന്നു, സഭ നിശബ്ദമായി
തിരുവനന്തപുരം: ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്.
സദസ് ഒന്നടങ്കം കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു.
ഏതാനും മിനിറ്റുകള്‍ നീണ്ട ഈ സഭയിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗം. പക്ഷേ ഈ സഭയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചതും ആ പ്രസംഗത്തിന്. ലോക കേരളസഭയില്‍ തന്നെപ്പോലെഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കൈയ്യടി സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി.
ഇറാഖിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നഴ്‌സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനുപരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ഥിച്ചു. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."