മതിയായ പണമെത്തുന്നില്ല: വണ്ടൂര്‍ സബ്ട്രഷറിയില്‍ പ്രവര്‍ത്തനം അവതാളത്തില്‍
വണ്ടൂര്‍: സബ്ട്രഷറിയില്‍ മതിയായ പണമെത്താത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആവിശ്യമുള്ളതിന്റെ ഇരുപത്തിയഞ്ച് ശതമാനം പോലും തുക ട്രഷറിയിലെത്തിയിട്ടില്ല.
ഇതുമൂലം ശമ്പളം, പെന്ഷന് എന്നിവക്കായി ട്രഷറിയിലെത്തുന്ന നൂറുകണക്കിനാളുകളാണ് നിരാശരായി മടങ്ങി പോകുന്നത്. നിലമ്പൂരില്‍ നിന്നു വണ്ടൂര്‍ എസ്.ബി.ടി വഴിയാണ് ട്രഷറിയില്‍ പണമെത്തേണ്ടത്. എന്നാല്‍ എസ്.ബി.ടിയില്‍ നിന്നും മതിയായ പണം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആയിരത്തിലധികം പെന്‍ഷന്‍കാരും ഇരുനൂറ്റി അന്‍പതിലധികം ശമ്പളക്കാരുമാശ്രയിക്കുന്ന ട്രഷറിയിലാണ് ജില്ലയില്‍ ഏറ്റവും കുറഞ്ഞ പണം ലഭിക്കുന്നത്. തിങ്കളാഴ്ച്ച മുപ്പതു ലക്ഷം ആവശ്യപെട്ടിട്ട് ഒരു രൂപ പോലും എസ്.ബി.ടി ഇവിടേക്ക് നല്‍കിയിട്ടില്ല. രജിസ്ട്രര്‍ ഓഫിസില്‍ നിന്നു ലഭിച്ച തുഛമായ തുക രണ്ടു പേര്‍ക്ക് വിതരണം ചെയ്തതൊഴിച്ചാല്‍ പ്രവര്‍ത്തനമൊന്നും നടന്നില്ല. ഒന്നാം തിയതി 60 ലക്ഷം ആവശ്യപെട്ടിട്ട് മുപ്പതു ലക്ഷവും രണ്ടിന് 30 ലക്ഷം ആവശ്യപെട്ടിട്ട് ഏഴു ലക്ഷം രൂപയും മൂന്നിന് 35 ലക്ഷം ലഭിക്കേണ്ടിടത്ത് 18 ലക്ഷവും നാലിന് 25 ലക്ഷം ആവശ്യപെട്ടിട്ട് നാലു ലക്ഷം രൂപയുമാണ് ലഭിച്ചത്. ജില്ലയിലെ മറ്റെല്ലാ ട്രഷറികളിലും ആവശ്യപെട്ടതിന്റെ 50 ശതമാനമെങ്കിലും പണം ലഭിക്കുമ്പോഴും വണ്ടൂരില്‍ ഇതുണ്ടാവുന്നില്ല. വെള്ളിയാഴ്ച്ച ടോക്കണ്‍ വാങ്ങിയവര്‍ക്ക് പോലും ഇതുവരെയായി പണം ലഭിച്ചിട്ടില്ല. പ്രായമായവര്‍ പണം ലഭിക്കാനായി പല തവണയെത്തുന്നത് ഇവിടെ പതിവു കാഴ്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."