കനാലുകളിലൂടെ വെള്ളം തുറന്നുവിടണം: ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എം.വി.ഐ.പി എന്‍ജിനിയറെ ഉപരോധിച്ചു
തൊടുപുഴ: മലങ്കര അണക്കഎട്ടിന്റെ ഇടത്-വലത് കനാലുകളിലൂടെ വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ജയ.പി.നായരെ ഉപരോധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സമീപ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. കൃഷിസ്ഥലങ്ങളും വരണ്ട് ഉണങ്ങുകയാണ്. ഈ പ്രദേശങ്ങളില്‍ ജലക്ഷാമം പരിഹാരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചുവരുന്നതാണ് മലങ്കര ജലാശയത്തില്‍നിന്ന് വിവിധ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കനാല്‍.
വേനല്‍ കടുത്തിട്ടും കനാല്‍ തുറക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുക്കുന്നില്ല. ഇടുക്കി ഡാമില്‍ വെള്ളം കുറവായതിനാല്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞത് മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ ഇടയാക്കി. ഇതാണ് കനാല്‍ തുറക്കാത്തതിന് കാരണമായി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി മലങ്കര ഡാമില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കനാലിന്റെ ഷട്ടര്‍ കുറച്ചെങ്കിലും തുറന്നില്ലെങ്കില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യും.
ജനരോഷം ശക്തമായതിനെത്തുടര്‍ന്നാണ് ജനപ്രതിനിധികള്‍ മുവാറ്റുപുഴയിലെ എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനിയറെ ഓഫിസില്‍ തടഞ്ഞുവച്ചത്. വെള്ളം തുറന്നു വിടുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താമെന്ന ഉറപ്പിനെ തുടര്‍നാണ് ഉപരോധം അവസാനിപ്പിച്ചത്.
സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനോജ് എരിച്ചിരിക്കാട്ട്, സതീഷ് കേശവന്‍, ജേക്കബ് മത്തായി, കെ വി ജോസ്, ഷൈനി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."