പെന്നിക്വിക്കിന്റെ കൊച്ചുമകള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ കൊച്ചുമകളും സംഘവും അണക്കെട്ട് സന്ദര്‍ശിച്ചു. ജോണ്‍ പെന്നിക്വിക്കിന്റെ മൂന്നാം തലമുറയിലെ അംഗമായ ഡോ. ഡയാനാ ജിഫ്, സുഹൃത്തുക്കളായ സൂസന്‍ ഫെറോ, ഷാരോണ്‍, സനെ എന്നിവരാണ് ഇന്നലെ രാവിലെ മുല്ലപ്പെരിയാറില്‍ എത്തിയത്.
ഇവരോടൊപ്പം തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പെന്നിക്വിക്കിന്റെ കുടുംബവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന തേനി ജില്ലയിലെ ഉത്തപാളയം സ്വദേശി സന്ദന പീരൊളിയും ഉണ്ടായിരുന്നു. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം ഉച്ചയോടെ തമിഴ്‌നാട്ടിലേക്ക് മടങ്ങി.
115 വര്‍ഷം മുന്‍പ് നിര്‍മിച്ച ഈ അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നതായും കേരളവും തമിഴ്‌നാടും തങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും ഇവര്‍ പറഞ്ഞു. അണക്കെട്ട് സന്ദര്‍ശിച്ച് മടങ്ങിയ സംഘം ലോവര്‍ ക്യാംപിലുള്ള പെന്നിക്വിക്ക് സ്മാരകത്തില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് വൈകിട്ട് ഉത്തമപാളയം കര്‍ഷക സമിതിയുടെ സ്വീകരണ പരിപാടിയിലും പൊങ്കല്‍ ആഘോഷങ്ങളിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."