'മരണം കാത്ത് കഴിയുന്നവര്‍'; ചികിത്സ നിഷേധിക്കപ്പെട്ട് ഗസ്സയിലെ കാന്‍സര്‍ രോഗികള്‍
'കൂട്ടിലടക്കപ്പെട്ട കിളിയാണ് ഞാന്‍. എന്റെ കൂടിന് പുറത്ത് വെള്ളവും ഭക്ഷണവും കാണാന്‍ എനിക്കാവുന്നുണ്ട്, എന്നാല്‍ അതിലേക്ക് എത്തിപ്പെടാനാവുന്നില്ല. ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ'. ഗസ്സ സിറ്റിയിലെ അല്‍റന്‍തീസി ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഹിന്ദ് ശഹീന്റെ വാക്കുകളാണിത്. സ്തനാര്‍ബുദം ബാധിച്ച ശഹീന്റെ അവസ്ഥ അനുദിനം കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്. എന്നിട്ടും ചികിത്സക്കായി ഗസ്സക്ക് പുറത്തു കടക്കാന്‍ അവര്‍ക്ക് അനുമതി കിട്ടിയിട്ടില്ല.
അവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഗസ്സയിലില്ല. ഫലസ്തീനികള്‍ ബൈത്ത് ഹാനൂന്‍ എന്നു വിളിക്കുന്ന എറേസ് ബോര്‍ഡര്‍ കടക്കാന്‍ ഇസ്രഈല്‍ അധികാരികള്‍ അനുവദിക്കാത്തതിനാല്‍ ഗസ്സ വിട്ടു പുറത്ത് പോകാനും നിവൃത്തിയില്ല. അനുവാദത്തിനായി അധികാരികളെ സമീപിച്ചിട്ട് ഫലമൊന്നുമില്ല. ഒരു കാരണവും കാണിക്കാതെയാണ് തുടര്‍ച്ചയായി മൂന്ന് തവണ തള്ളി അവരുടെ അപേക്ഷകള്‍ തള്ളപ്പെട്ടത്.
'മൂന്ന് നാല് മാസമായി ഈജിപ്തും അതിര്‍ത്തി അടച്ചിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഈജിപ്തിലേക്കും പോകാന്‍ കഴിയില്ല. ഞാനിവിടെ തന്നെ കുടുങ്ങി പോയിരിക്കുകയാണ്.' ശഹീന്‍ പറയുന്നു.
രണ്ട് ദശലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളെ ഇസ്രഈലിലെയും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെയും ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന മാര്‍ഗമാണ് എറേസ് ചെക്‌പോയിന്റ്. 2007 മുതല്‍ ഇസ്രഈലിന്റെയും ഈജിപ്തിന്റെയും ഉപരോധത്തിലാണ് ഗസ്സ.
ശഹീന്റേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല, ആയിരക്കണക്കിന് രോഗികളാണ് അടിസ്ഥാന ചികിത്സ പോലും നിഷേധിക്കപ്പെട്ട് ഗസ്സയിലെ കമ്പി വേലിക്കുള്ളില്‍ കഴിയുന്നത്. ഓരോ വര്‍ഷവും ഏകദേശം 1500 പേര്‍ക്ക് അവിടെ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. കീമോതെറാപ്പിയോ മറ്റ് ചികിത്സകളോ ചെയ്യുന്നതിനുള്ള സൗകര്യങ്ങളൊന്നും അവിടെയില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഗസ്സയില്‍ നിന്നുള്ള രോഗികള്‍ ചെക്ക്‌പോസ്റ്റുകളില്‍ തടയപ്പെടുകയും ചെയ്യുന്നു.
ഗസ്സയില്‍ നിന്നും പുറത്തുകടക്കാന്‍ അനുമതി നല്‍കപ്പെട്ടവരുടെ നിരക്ക് 2016 ല്‍ 44 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടനറിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ 82ഉം 2012ല്‍ 93ഉം ആയിരുന്നു ഈ നിരക്ക്.
അനുമതി ചോദിച്ചുന്നവരോട് അന്വേഷണം നടക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി- അല്‍ശിഫ ആശുപത്രിയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ അവാദ് അഹ്‌സന്‍ പറയുന്നു. 'അവരുടെ അന്വേഷണം ദീര്‍ഘകാലം തുടരും. അതിനകം രോഗി മരിച്ചിട്ടുണ്ടാവും. കൂട്ടകൊലയാണിതെന്നേ പറയാനാവൂ. ഗസ്സക്ക് മേല്‍ അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് മാത്രമല്ല, ക്യാന്‍സര്‍ രോഗികളെ ചികിത്സക്ക് പോകാന്‍ അനുവദിക്കുന്നുമില്ല.' അഹ്‌സന്‍ രോഷം കൊള്ളുന്നു.
കോഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിറ്ററീസ് (cogat) യില്‍ നിന്നുള്ള ഒരു ഇസ്രഈല്‍ വക്താവ് ഈ വാദത്തെ ശക്തമായി എതിര്‍ക്കുകയാണ്. എറേസ് ബോര്‍ഡര്‍ കടക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹം വാദിക്കുന്നത്. അദ്ദേഹം പറയുന്നതനുസരിച്ച് 2013ല്‍ 22,380 രോഗികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ 2016ല്‍ 30,786 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നാണ്.
ചികിത്സിച്ച് സുഖപ്പെടുത്താന്‍ സാധ്യത കൂടുതലുള്ള അര്‍ബുദമാണ് സ്തനാര്‍ബുദം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 85ഉം ഇസ്രഈലില്‍ 86ഉം ശതമാനം പേര്‍ സ്തനാര്‍ബുദത്തെ അതീജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഗസ്സയില്‍ 30 ശതമാനം രോഗികള്‍ മാത്രമാണ് അതിനെ അതിജീവിച്ചത്. മതിയായ ചികിത്സാ സൗകര്യങ്ങളുടെയും നേരത്തെ രോഗം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമെന്ന് അവിടത്തെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പതിറ്റാണ്ടോളമായി തുടരുന്ന ഉപരോധം വിദഗ്ദ സര്‍ജര്‍മാരുടെ അഭാവത്തിനും കാരണമായിട്ടുണ്ട്. പകുതിയാളുകള്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനം പോലും ഗസ്സയില്ലെന്ന് അഹ്‌സന്‍ സങ്കടപ്പെടുന്നു.
ലുക്കീമിയ ബാധിച്ച 52കാരി സിഹാം തതാരിയുടെ അനുഭവം അഹ്‌സന്‍ പങ്കുവെക്കുന്നു. 20 ദിവസം കൂടുമ്പോള്‍ ചികിത്സക്കായി വെസ്റ്റ്ബാങ്കില്‍ പോകേണ്ടിയിരുന്നു ഇവര്‍ക്ക്. ചികിത്സയുടെ നാല് ഘട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കേയാണ് യാത്രക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള മെസ്സേജ് അവരുടെ മൊബൈലില്‍ കിട്ടുന്നത്. പ്രത്യേകിച്ചൊരു കാരണവും കാണിക്കാതെയാണ് നടപടി. വേദനാജനകമായ കീമോതെറാപ്പി ഇടക്കുവെച്ച് നിര്‍ത്തേണ്ടി വന്നാല്‍ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ട ഒന്നാണ്.
മരുന്നുകളില്ല എന്ന് രോഗികളോട് പറയുമ്പോള്‍, ഫലത്തില്‍ അവരെ അല്‍പാല്‍പമായി കൊല്ലുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കീമോതെറാപി ഫാര്‍മസിസ്റ്റ് അഹമദ് വേവലാതിപ്പെടുന്നു. താന്‍ ഔരിക്കലും അങ്ങനെ പറയാറില്ല. വെറുതേ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആ ഒരു പ്രതീക്ഷയെങ്കിലും അവര്‍ക്ക് ഒരാശ്വാസമായെങ്കിലോ- അഹമദ് പറഞ്ഞു.
2007ല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഗസ്സയില്‍ ചികിത്സാ സൗകര്യങ്ങളുണ്ടായിരുന്നു. 2016 ആഗസ്റ്റ് ആയപ്പോഴേക്കും ക്യാന്‍സര്‍ മരുന്നുകള്‍ ഒന്നും തന്നെയില്ലാത്ത അവസ്ഥയിലെത്തി ഗസ്സയെന്നും വൈദ്യസഹായ സംഘങ്ങള്‍ പറയുന്നു.
അന്താരാഷ്ട്ര നിയമമനുസരിച്ച് അധിനിവിഷ്ട പ്രദേശങ്ങളിലെ ഫലസ്തീന്‍ ജനതക്ക് മതിയായ ചികിത്സാ സൗകര്യങ്ങളും വൈദ്യസംവിധാനങ്ങളും ആശുപത്രികളും ഒരുക്കികൊടുക്കാനുള്ള ബാധ്യത അധിനിവേശ ശക്തികളായ ഇസ്രാഈലിനുണ്ട്. എന്നാല്‍ മാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തമാവുമ്പോള്‍ മാത്രം പൊടിക്കൈയ്യായി നിയമങ്ങള്‍ മാറ്റാറാണ് ഇസ്രഈലിന്റെ പതിവ്.
(കടപ്പാട് അല്‍ജസീറ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."