ദുരിതത്തിന് അറുതിയായി; കാളികാവ് സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: ശമ്പളവും നാട്ടില്‍ പോകാന്‍ അനുമതിയുമില്ലാതെ ദുരിതത്തിലായ മലയാളി വനിത ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. വീട്ടു ജോലിക്കായി സഊദിയിലെ ഹായിലില്‍ എത്തിയ മലപ്പുറം കാളികാവ് ഉദിരംപോയില്‍ സ്വദേശിനി റുഖിയ്യയാണ് ദുരിത പര്‍വ്വം താണ്ടി നാട്ടിലേക്ക് തിരിച്ചത്. സാമൂഹിക പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമ ഫലമാണ് യാതൊരു വിധ വിവരവും ഇല്ലാതിരുന്ന ഇവരെ രക്ഷപ്പെടുത്തിയത്.
2011 നവംബറിലാണ് ഇവര്‍ നാട്ടുകാരന്‍ നല്‍കിയ വിസയില്‍ സഊദിയിലെത്തിയത്. രണ്ടു പെണ്മക്കളുടെ ഉമ്മയായ ഇവരുടെ വിവരം പിന്നീട് അറിയാതാവുകയായിരുന്നു. ലഭ്യമായ വിവരങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില. വല്ലപ്പോഴും സ്‌പോന്‍സര്‍ സഹോദരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന ചെറിയ സംഖ്യ മാത്രമായിരുന്നു ഇവരെ കുറിച്ചുള്ള ഏക വിവരം. എന്നാല്‍, ഒരു വര്‍ഷം മുന്‍പ് ജിദ്ദയിലെത്തിയ അര്‍ദ്ധ സഹോദരന്‍ മുഖേന റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. പാസ്‌പോര്‍ട്ട് വിസ പേജ് കോപ്പി മാത്രമായിരുന്നു ഏക തുമ്പ്. ഇതിലെ വിസ നമ്പര്‍ വഴി സ്‌പോണ്‍സറുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ ഇടക്കിടെ ഇവര്‍ ഉപയോഗിക്കുന്ന മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥലം ഏതാണെന്ന് പോലും ഇവര്‍ക്കറിവില്ലായിരുന്നു. തല്‍ക്കാലം ഒന്നും ചെയ്യേണ്ടെന്നും അല്‍പ്പം സഹിച്ചാലും കാര്യങ്ങള്‍ നേരെയായാല്‍ അതാവും നല്ലതെന്ന അഭിപ്രായത്തില്‍ അന്വേഷണം മരവിപ്പിച്ചു. എന്നാല്‍ ഒരു ഫലവും ഇല്ലെന്നു കണ്ടപ്പോള്‍ അന്വേഷണം തുടരുകയായിരുന്നു. ഒടുവില്‍ സ്‌പോണ്‍സറെ കണ്ടെത്തിയെങ്കിലും സ്ഥലമോ അഡ്രസോ വെളിപ്പെടുത്താന്‍ ഇദേഹം തയ്യാറായിരുന്നില്ല. ഗത്യന്തരമില്ലാതെ യുവതിയോട് തന്നെ എങ്ങനെയെങ്കിലും സ്ഥലം മനസ്സിലാക്കിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹായിലിലാണ് ഇവരെന്നു കണ്ടെത്തിയതും അന്വേഷണം വേഗതിലായതും.
തുടര്‍ന്ന് എംബസി മുഖേന കേസ് നല്‍കിയപ്പോള്‍ കോടതി ഇരുവരെയും വിളിപ്പിച്ചു. യുവതി കതന കഥകള്‍ നിരത്തിയാതോടെ സ്‌പോണ്‍സറെ അറസ്റ്റു ചെയ്തു.കുടിശികയായ 45000 റിയാലില്‍ കുറച്ചു നല്‍കി ബാക്കി മൂന്നു മാസത്തിനകം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്നു റിയാദിലേക്ക് പുറപ്പെട്ട ഇവരെ സ്‌പോണ്‍സര്‍ പിന്തുടരുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന് സുരക്ഷിതമായി എംബസി താമസ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."