പ്രതീക്ഷയായി ജനനായകന്‍
ഉദുമ: തങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രേട്ടന്‍ റവന്യൂ മന്ത്രിയായി ജന്മനാടായ പെരുമ്പളയിലെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. സാധാരണക്കാര്‍ക്ക് വേണ്ടി നാട്ടുകാരോടൊപ്പം പോരാട്ട സമര ചരിത്രത്തില്‍ നിറഞ്ഞ് നിന്നിരുന്ന ചന്ദ്രശേഖരന്‍ മന്ത്രിയായി തിരിച്ചെത്തിയ ആഹ്ലാദത്തിലായിരുന്നു നാട്ടുകാര്‍. ഊഷ്മള സ്വീകരണമാണ് ഇ .ചന്ദ്രശേഖരന് വൈകുന്നേരം മൂന്നോടെ പെരുമ്പളയിലെ ബേനൂര്‍ കൃഷ്ണപിള്ള മന്ദിരത്തില്‍ ലഭിച്ചത്. നാട്ടിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ ഹാരമണിയിച്ചു. വലിയൊരു ആഘോഷത്തിന്റെ പ്രതീതിയാണ് പെരുമ്പളയില്‍ അനുഭവപ്പെട്ടത്.
പെരുമ്പളയിലെ പി കുഞ്ഞിരാമന്റെയും എടയില്ലം പാര്‍വ്വതി അമ്മയുടെയും മകനായാണ് ചന്ദ്രശേഖരന്‍ ജനിച്ചത്. കബഡിയും ഫുട്‌ബോളും കളിച്ചു വളര്‍ന്ന ചന്ദ്രശേഖരനെ സഹോദരന്‍ ഇ.കെ നായര്‍ ചെങ്കൊടി പിടിപ്പിച്ച് രാഷ്രീയബാല പാഠം പഠിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇ.കെ നായര്‍ എന്ന ഇ .കുഞ്ഞമ്പു നായര്‍ മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും സഹോദരന്റെ സുഖവിവരങ്ങളറിയുന്നതിലും ചികിത്സിക്കുന്നതിലും ചന്ദ്രശേഖരന്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. താന്‍ മന്ത്രിയായി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സഹോദരനില്ലാത്ത വിഷമം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ചരിത്രമുറങ്ങുന്ന ചുവന്ന മണ്ണാണ് പെരുമ്പളയുടെത്. ആ നാട്ടില്‍ നിന്നാണ് വീരേതിഹാസ ചരിത്രങ്ങള്‍ക്കൊപ്പം നടന്ന് കയറിയ ഒരു ഉറച്ച് കമ്മ്യൂണിസ്റ്റ്കാരന്‍ മന്ത്രിയാവുന്നത്. മരണം, രോഗം, ഗൃഹപ്രവേശം, കുടുംബവഴക്ക്, സ്വത്ത് തര്‍ക്കം, പൊലിസ് കേസ് അങ്ങനെ ഏത് കാര്യത്തിനും നാട്ടുകാര്‍ക്ക് പണ്ടേ ചന്ദ്രേട്ടനില്ലാതെ മതിയാവുമായിരുന്നില്ല. നാട്ടിലെ ഏത് പ്രശ്‌നങ്ങളിലുമിടപെട്ട് പരിഹാരം നല്‍കാന്‍ ചന്ദ്രേട്ടനുണ്ടാവും. പെരുമ്പളയിലെ ചെട്ടുംകുഴി കുന്നിന്‍ ചെരുവിലുള്ള പഴയ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീടിന്റെ വരാന്തയിലിരുന്നായിരുന്നു പലപ്പോഴും നാട്ടിലെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. അടുത്ത കാലത്താണ് പാര്‍ട്ടിയുടെ സഹായത്തോടെ സ്വന്തമായ ഒരു വീടുണ്ടാക്കാനായത്. കഴിഞ്ഞ തവണ ആദ്യമായി എം.എല്‍.എ ആയപ്പോള്‍ സ്വന്തമായി വാഹനം ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും പ്രചരണത്തനായി സോഷ്യല്‍ മീഡിയകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിലൊന്നുമില്ലാതിരുന്ന സ്ഥാനാര്‍ഥി ഒരുപക്ഷേ ഇദ്ദേഹമായിരിക്കും. സി.പി.ഐ അംഗമായ സാവിത്രിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഏക മകന്‍ കാര്യവട്ടം കാമ്പസിലെ എംഫില്‍ വിദ്യാര്‍ഥിയായ നീലിചന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."