ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്: മന്ത്രിതല ചര്‍ച്ചയും പരാജയം
മേപ്പാടി: നിയമ വിരുദ്ധമായി മാനേജ്‌മെന്റ് ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റ് തുറക്കുന്നത് സംബന്ധിച്ച് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഇന്നലെ വൈകിട്ടായിരുന്നു യോഗം.
തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലാണ് മാനേജ്‌മെന്റും ട്രേഡ് യൂനിയനുകളും ധാരണയില്‍ എത്താതിരുന്നത്. ഈമാസം 21ന് തിരുവനന്തപുരത്താണ് ഇത് സംബന്ധിച്ച അടുത്ത ചര്‍ച്ച. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയാകും അടുത്ത ചര്‍ച്ചയും.
അതേസമയം മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ഒരു മാസത്തെ ശമ്പള കുടിശ്ശിക ഈമാസം 15നകം നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
നിലവില്‍ രണ്ടു മാസത്തെ ശമ്പളവും ഒരു വര്‍ഷത്തെ ബോണസും മാനേജ്‌മെന്റ് ഇവര്‍ക്ക് നല്‍കാനുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 27നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തത്. 320ഓളം തൊഴിലാളികളാണ് എസ്‌റ്റേറ്റിലുള്ളത്. എസ്റ്റേറ്റ് പൂട്ടിയതോടെ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
കഴിഞ്ഞ 24ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് 31ന് സമരത്തിന്റെ ഭാഗമായി തോട്ടം കൈയേറി ഓരോ തൊഴിലാളിക്കും രണ്ടേക്കര്‍ ഭൂമി വീതം അളന്ന് കുടില്‍ കെട്ടാനായിരുന്നു തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ തീരുമാനം.
ഫെബ്രുവരി ഏഴിന് സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞതോടെ ഭൂമി അളക്കുന്നത് ഒഴിവാക്കി മൂന്ന് കുടിലുകള്‍ മാത്രം കെട്ടി സമരം തുടരാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയും പരാജയമായതോടെ പ്രതീക്ഷയറ്റ അവസ്ഥയിലാണ് തൊഴിലാളികള്‍.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഫാത്തിമാ ഫാം എം.ഡി മുബാറക്ക,് മാനേജര്‍ മാച്ചയ, ട്രേഡ് യൂനിയന്‍ നേതാക്കളായ പി ഗഗാറിന്‍, പി.കെ അനില്‍കുമാര്‍, പി.കെ മുരളീധരന്‍, എന്‍.ഒ ദേവസ്യ, പി.വി കുഞ്ഞിമുഹമ്മദ്, ബി സുരേഷ് ബാബു, എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."