എച്ച്.ഐ.എം യു.പി സ്‌കൂള്‍: 'ഹൈടെക്ക് ' ആയി നഗരമധ്യത്തിലെ അക്ഷര വെളിച്ചം
കല്‍പ്പറ്റ: അറിവിന്റെ ലോകത്തെ പഴമയുടെ പ്രതാപം ഇനി പുതുമോടിയില്‍. കല്‍പ്പറ്റ നഗരത്തിന്റെ അക്ഷര വെളിച്ചമായി തലയുയര്‍ത്തി നില്‍ക്കുന്ന എച്ച്.ഐ.എം യു.പി സ്‌കൂളെന്ന ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ യു.പി സ്‌കൂള്‍ ഹൈ-ടെക് ആകുന്നു. നുസ്രത്തുദ്ധീന്‍ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഇതിനകം ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
2016 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസ മേഖലയിലെ അത്യാധുനിക സംവിധാനങ്ങളുള്ള 18 ഇന്ററാക്ടീവ് ക്ലാസ് മുറികള്‍, ലൈബ്രററി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നതോടെ രക്ഷകര്‍ത്താക്കളെ അറിയിക്കുന്ന എസ്.എം.എസ് സംവിധാനം, മക്കളുടെ ക്ലാസ് റൂമുകളിലെ സാഹചര്യങ്ങളും പഠന രീതികളും രക്ഷിതാക്കള്‍ക്ക് ലൈവായി മൊബൈലില്‍ കാണാനുള്ള നൂതന സംവിധാനം തുടങ്ങി ആധുനിക സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ പുതിയ മാറ്റങ്ങളുടെ വേദിയാകുന്നത്. രാജ്യാന്തര നിലവാരത്തിലേക്കെത്തുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ക്ക് ഒരു കോടിയിലേറെ രൂപയാണ് സ്‌കൂള്‍ ചെലവഴിച്ചത്. ഇതോടെ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് എച്ച്.ഐ.എം യു.പിയുടെ പുതിയ മുഖം. സ്വാതന്ത്ര്യത്തിനു മുന്‍പ് 1938ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിലവില്‍ കെ.ജി സെക്ഷന്‍ മുതല്‍ ഏഴാം ക്ലാസ് വരെ 686 വിദ്യാര്‍ഥികളാണുള്ളത്.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സ്‌കൂളുകളെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴൊന്നും സ്‌കൂളിനെ ഇതൊന്നും ബാധിച്ചിരുന്നില്ല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവുമാണ് സ്‌കൂളിനെ മറ്റു സ്‌കൂളുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കല്‍പ്പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സ്‌കൂള്‍ ബസ് സര്‍വിസുകള്‍, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലേണേഴ്‌സ് ഓറിയന്റ് പ്രീ-പ്രൈമറി തുടങ്ങിയവയും സ്‌കൂളിന്റെ പ്രത്യേകതകളാണ്.
ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ലെവന്ററി സ്‌കൂള്‍ എന്ന പേരിലായിരുന്നു സ്‌കൂളിന്റെ ആരംഭം. പ്രദേശത്തെ പൗരപ്രമുഖരായ ആറ്റക്കോയ തങ്ങള്‍, കല്ലങ്കോടന്‍ മൊയ്തീന്‍ ഹാജി (അധികാരി), അറക്ക മൊയ്തീന്‍ ഹാജി, കല്ലങ്കോടന്‍ കുഞ്ഞമ്മദ് ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, അറക്ക കുഞ്ഞമ്മദ് ഹാജി, കരിയാടന്‍ അബൂബക്കര്‍, പയന്തോത്ത് അബ്ദുല്ല ഹാജി, മങ്ങാടന്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരായിരുന്നു സ്‌കൂളിന്റെ ശില്‍പികള്‍.
സ്‌കൂള്‍ ഹൈടെക് ആയതിനൊപ്പം ഉദ്ഘാടനം ഹൈടെക് ആക്കാനുള്ള സജ്ജീകരണങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്നുള്ള മുന്നേറ്റത്തിന് ജില്ലയെ മറ്റു സ്‌കൂളുകള്‍ക്ക് മാതൃകയാകുകയാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന എച്ച്.ഐ.എം.യു.പി സ്‌കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."