ക്ഷമ പരീക്ഷിക്കരുത് പാകിസ്താന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാകിസ്താനെതിരേ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇന്നലെ പാകിസ്താന് നല്‍കിയത്.
പാക് സൈനികരില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ മറ്റ് നടപടികളിലേക്ക് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തെയും ശക്തമായ രീതിയില്‍ ഇന്ത്യ പ്രതിരോധിക്കും. എന്നാല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളുണ്ടായാല്‍ ശക്തമായ മറ്റുനടപടികളിലേക്ക് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
70ാമത് സൈനിക ദിനത്തോടനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ സൈനിക പരേഡ് വിലയിരുത്തികൊണ്ട് സംസാരിക്കുകയായിരുന്നു റാവത്ത്. കശ്മിര്‍ അതിര്‍ത്തി വഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാക് സൈന്യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ സേനയുടെ ശക്തിയിലൂടെ അവരെ പാഠം പഠിപ്പിക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യാ വിരുദ്ധ നിലപാടിനെതിരേ എന്ത് വിലകൊടുത്തും നേരിടാന്‍ സൈന്യം ഒരുക്കമാണ്. വടക്കന്‍ അതിര്‍ത്തിയില്‍ തുടരുന്ന ഏതൊരു കടന്നുകയറ്റവും ശക്തമായി പ്രതിരോധിക്കുമെന്നും ചൈനയുടെ പേരെടുത്ത് പറയാതെ അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സേനക്കെതിരേ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. കശ്മിരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാനായിട്ടാണ് ഇതെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."