തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധി തുടരുന്നു; അണ്ണാ ഡി.എം.കെയുടെ ഭാവി തുലാസില്‍
ചെന്നൈ: ശശികല-പനീര്‍ശെല്‍വം തമ്മിലുള്ള തര്‍ക്കം അനിശ്ചിതത്വത്തിന് കളമൊരുക്കിയതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി. ജയലളിതയുടെ ശവകൂടീരത്തില്‍ നിന്ന് പനീര്‍ശെല്‍വം പുതിയ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തിന്റെ നീക്കം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള സംശയത്തിന്റെ മുന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ രാഷ്ട്രീയ ഭാവിയിലേക്ക് കുരുക്ക് മുറുക്കുന്നതാണെന്ന് തമിഴ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്നലെ ഒരു അംഗംകൂടി കൂറ് പ്രഖ്യാപിച്ചതോടെ 24 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പനീര്‍ശെല്‍വം അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം ഇന്നലെ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടയില്‍ പനീര്‍ശെല്‍വത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പനീര്‍ശെല്‍വത്തിന് നല്ലൊരു ശതമാനം എം.എല്‍.എമാരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ശശികല പക്ഷത്തിനെതിരായ പാര്‍ട്ടിയായി തുടരാനും സാധ്യമാകും. അതേസമയം ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്നത് അംഗസംഖ്യയുമായുള്ള ഗെയിമാണ്. അണ്ണാ ഡി.എം.കെ സാധ്യതകളുടെ തുലാസിലാണ് ഇപ്പോള്‍ ശശികലയും പനീര്‍ശെല്‍വവും.
നിയമസഭയില്‍ അണ്ണാഡിഎംകെക്ക് 136 സീറ്റുകളാണ് ഉണ്ടായിരുന്നത്. ജയലളിതയുടെ മരണത്തോടെ ഇത് 135 ആയി കുറഞ്ഞു. ജയലളിതയുടെ മണ്ഡലം ആര്‍കെ നഗര്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പനീര്‍ശെല്‍വത്തില്‍ നേരത്തെ 22 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്നാണ് പറയുന്നത്. ഇന്നലെ രാത്രിയോടെ രണ്ടു പേര്‍കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ അണ്ണാ ഡി.എം.കെക്ക് നിയമസഭയില്‍ കേവല ഭൂരിപക്ഷം നഷ്ടമാകും. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഡി.എം.കെയും കോണ്‍ഗ്രസും രംഗത്ത് വന്നതോടെ തമിഴ്‌നാട്ടില്‍ പുതിയ കക്ഷിനിലയും സാധ്യതകളും ഉടലെടുക്കുമെന്നത് യാഥാര്‍ഥ്യമാകും. ഇപ്പോള്‍ ഡി.എം.കെയ്ക്ക് 89 എം.എല്‍.എമാരും കോണ്‍ഗ്രസിന് എട്ട് എം.എല്‍.എമാരുമാണുള്ളത്.
അണ്ണാ ഡി.എം.കെ പിളരുകയോ അല്ലെങ്കില്‍ പനീര്‍ശെല്‍വത്തിന് കൂടുതല്‍ എം.എല്‍.എമാര്‍ പിന്തുണക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഡി.എം.കെ പിന്തുണ നല്‍കാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് നടത്തിയ നീക്കങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങള്‍ വേണം. 23 എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തോടൊപ്പം നിന്നാല്‍ ശശികലയ്‌ക്കൊപ്പം 113 പേര്‍മാത്രമായിരിക്കും നിയമസഭയില്‍ ഉണ്ടാവുക. ഇത് ശശികലയുടെ രാഷ്ട്രീയ ഭാവിക്കുതന്നെ വിലങ്ങാകും. അതിനിടയില്‍ 24 ന് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് പറയുന്ന ജയയുടെ സഹോദരന്റെ മകള്‍ ദീപയുടെ പിന്തുണ തേടുമെന്ന് പനീര്‍ശെല്‍വം പറഞ്ഞതും വലിയ ചലനമായിരിക്കും തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."