ട്രംപിന്റെ മുസ്‌ലിം വിലക്ക്; കോടതിയില്‍ സര്‍ക്കാര്‍ ഉത്തരംമുട്ടി
വാഷിങ്ടണ്‍: ട്രംപിന്റെ മുസ്‌ലിം വിലക്കിനെ കോടതിയില്‍ പ്രതിരോധിക്കാനാകാതെ നിയമമന്ത്രാലയം വിഷമവൃത്തത്തിലായി. ഇന്നലെ കേസ് വീണ്ടും അപ്പീല്‍ കോടതി പരിഗണിച്ചപ്പോള്‍ മൂന്നംഗ ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാറിനു വേണ്ടി ഹാജരായ നിയമമന്ത്രാലയം അഭിഭാഷകനായ അഗസ്റ്റ് ഫ്‌ളെന്റ്‌ജെ ഉത്തരം മുട്ടി. സാന്‍ഫ്രാന്‍സിസ്‌കോയിലെ 9 യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലാണ് വാദംകേള്‍ക്കല്‍ നടന്നത്. ഇന്നലെ കേസില്‍ വിധി പ്രസ്താവിക്കുമെന്ന് കരുതിയെങ്കിലും ഈ ആഴ്ച അവസാനത്തേക്ക് വിധി പ്രസ്താവം മാറ്റുകയാണെന്ന് കോടതി പറഞ്ഞു.
കോടതി പരിഗണിച്ചപ്പോള്‍ ട്രംപിന്റെ ഉത്തരവിനെ സംരക്ഷിക്കാന്‍ നിയമന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇന്നലെ വാദം കേള്‍ക്കല്‍ നടന്നത്. സര്‍ക്കാര്‍ അഭിഭാഷകനെ ഒരു മണിക്കൂറോളം നേരം ജഡ്ജിമാര്‍ വിസ്തരിച്ചു. എന്താണ് ഏഴു രാജ്യങ്ങളെ മാത്രം യാത്രാവിലക്കില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു പ്രധാന ചോദ്യം.
15 പേജുള്ള സത്യവാങ്മൂലത്തില്‍ വിശദീകരിച്ച കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ അഭിഭാഷകന്‍ കുഴങ്ങി. മുസ്‌ലിം വിലക്കല്ലെന്നും മതത്തെ ബഹുമാനിക്കുന്നുവെന്നും സത്യവാങ് മൂലത്തില്‍ പറഞ്ഞതും കോടതിയില്‍ തിരിച്ചടിയായി.
ദേശീയ സുരക്ഷയാണ് ഉത്തരവിന് കാരണമെന്നും നിരോധിത രാജ്യങ്ങള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നുമുള്ള സത്യവാങ്മൂലത്തിലെ പരാമര്‍ശവും ജഡ്ജിമാര്‍ ചോദ്യം ചെയ്തു.
നിരോധിത രാജ്യങ്ങളിലെ പൗരന്മാര്‍ക്കെല്ലാം ഭീകരബന്ധമുണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കാനാകുമെന്നായിരുന്നു ഒരു ചോദ്യം. ഇതു തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാനാകുമോയെന്നും ലോകത്തിലെ 15 ശതമാനം മുസ്‌ലിംകളെയാണ് വിധി ബാധിക്കുകയെങ്കിലും അത് മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാകില്ലേയെന്നും ജഡ്ജ് റിച്ചാര്‍ഡ് ക്ലിഫ്റ്റണ്‍ ചോദിച്ചു. അക്കാര്യത്തില്‍ തനിക്കുറപ്പില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. പ്രസിഡന്റിന്റെ ഉത്തരവിനെതിരേയുള്ള വിലക്ക് നീക്കണമെന്ന് നിയമന്ത്രാലയം അഭിഭാഷകന്‍ വാദിച്ചു. യു.എസ് കോണ്‍ഗ്രസ് തീവ്രവാദ ബന്ധമുള്ളവരെ വിലക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്ന് ഫ്‌ളെന്റ്‌ജെ പറഞ്ഞു. ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് വാഷിങ്ടണ്‍, മിനിസോട്ട സംസ്ഥാനങ്ങളാണ് സിയാറ്റിലിലെ കോടതിയെ സമീപിച്ചത്. പ്രസിഡന്റിന്റെ ഉത്തരവിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരേയുള്ള സര്‍ക്കാരിന്റെ അപ്പീലും കോടതി തള്ളി. കേസില്‍ വിധിപ്രസ്താവം ഉടനുണ്ടാകുമെന്നാണ് കോടതി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."