ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചതില്‍ ദുഷ്ടലാക്ക്
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീര്‍ത്തും അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നതാണു സര്‍ക്കാരിന്റെ ന്യായീകരണം. 2022നകം ഘട്ടംഘട്ടമായി ഹജ്ജ് സബ്‌സിഡി നര്‍ത്തലാക്കണമെന്നാണു കോടതി നിര്‍ദേശിച്ചത്. ആ ഉത്തരവ് 2012ലാണ് ഉണ്ടായിട്ടുള്ളത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെങ്കില്‍ എന്തുകൊണ്ട് കോടതി നിര്‍ദേശിച്ചതിനും നാലു കൊല്ലം മുമ്പ് അതു നടപ്പാക്കി. തീര്‍ഥാടന സബ്‌സിഡി എന്നത് ഹജ്ജ് സബ്‌സിഡി മാത്രമല്ലല്ലോ. വിദേശതീര്‍ഥാടനത്തിന് എല്ലാ സമുദായങ്ങള്‍ക്കും സബ്‌സിഡി നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഹജ്ജ് സബ്‌സിഡി മാത്രമാണു പിന്‍വലിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത പ്രകടമാകുന്നത് ഇവിടെയാണ്. കോടതിയുടെ നിര്‍ദേശത്തെപ്പോലും അവഹേളിക്കുന്ന തരത്തിലാണ് ഏകപക്ഷീയവും പക്ഷപാതിത്വത്തോടു കൂടിയതുമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ഭരണം കൈയാളാന്‍ തുടങ്ങിയ ഘട്ടം മുതല്‍ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും മോദി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അതിക്രൂരമായ ന്യൂനപക്ഷവിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.
ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ പൂര്‍ത്തീകരിച്ചു തീര്‍ഥാടകരുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഒരു ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അവിചാരിതമായ ഈ പ്രഖ്യാപനം. ഈ വര്‍ഷം ഹജ്ജിനു പോകുന്ന 1.70 ലക്ഷം തീര്‍ഥാടകരെ വലിയ തോതില്‍ ഈ തീരുമാനം ബാധിക്കും. അപ്രതീക്ഷിതമായി വലിയൊരു സാമ്പത്തികബാധ്യതയാണ് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.
ഹജ്ജിനു സബ്‌സിഡി നല്‍കുന്നുവെന്നു കേള്‍ക്കുമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണു തീര്‍ഥാടകര്‍ക്കു ലഭിക്കുന്നതെന്ന തെറ്റിദ്ധാരണയാണു പലര്‍ക്കുമുള്ളത്. സത്യത്തില്‍ ഈ തുക വിമാനക്കമ്പനികള്‍ വളഞ്ഞവഴിയിലൂടെ തട്ടിയെടുക്കുകയാണു ചെയ്യുന്നത്. ജിദ്ദയിലേക്കും മറ്റുമുള്ള വിമാനയാത്രയ്ക്കു സാധാരണയാത്രക്കാര്‍ കൊടുക്കേണ്ടിവരുന്നതിലും എത്രയോ കൂടിയ തുകയാണ് ഹജ്ജ് യാത്രക്കാരോട് വിമാനക്കമ്പനികള്‍, പ്രത്യേകിച്ച് എയര്‍ ഇന്ത്യ പിടിച്ചുവാങ്ങിക്കൊണ്ടിരുന്നത്.
ഹജ്ജ് യാത്രികരെ കൊണ്ടുപോകാനാവശ്യമായ വിമാനം വാടകയ്‌ക്കെടുക്കുന്നതിനു വരുന്ന ഭാരിച്ച ചെലവുമൂലമാണ് ഇത്തരത്തില്‍ കൂടിയ തുക ഈടാക്കാന്‍ കാരണമായി എയര്‍ഇന്ത്യയും മറ്റും പറയുന്നത്. അനുവദിക്കപ്പെടുന്ന സബ്‌സിഡി അതോടെ തീര്‍ഥാടകര്‍ക്കു ലഭ്യമാകാതെ വിമാനക്കമ്പനിക്കു പോകുകയാണ്. ഈ കടുത്ത ചൂഷണം തടയാന്‍ ഇക്കാലം വരെ തയാറാവാതിരുന്ന ഭരണാധികാരികളാണ് ഇപ്പോള്‍ ഹജ്ജ് തീര്‍ഥാടകരുടെ കഴുത്തില്‍ കത്തിവച്ചിരിക്കുന്നത്.
സബ്‌സിഡി പിന്‍വലിച്ചപ്പോഴും വിമാനക്കമ്പനികളുടെ പിടിച്ചുപറി ഇല്ലാതാക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതും ഓര്‍ക്കണം. വിമാനക്കമ്പനികളുടെ ആഗോള ടെണ്ടര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിച്ചാല്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോഴത്തെ സബ്‌സിഡിയേക്കാള്‍ ഗുണം ലഭിക്കുമായിരുന്നു. അതു ചെയ്യാന്‍ തയാറാകുന്നില്ലെന്നതു തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം നേരായതല്ലെന്നു വെളിപ്പെടുത്തുന്നു. വിമാനക്കമ്പനികളുടെ കഴുത്തറപ്പന്‍ നിരക്കിനു നിയന്ത്രണമേര്‍പ്പെടുത്താതെ ധൃതിപിടിച്ചു സബ്‌സിഡി നിര്‍ത്തലാക്കിയതു സംശയത്തിനു വഴിവയ്ക്കുന്നു.
പ്രീണനമില്ലാതെ ന്യൂനപക്ഷത്തിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണു സബ്‌സിഡി നിര്‍ത്തലാക്കിയതെന്നാണു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി പറഞ്ഞത്. സബ്‌സിഡി പ്രീണനമാണെങ്കില്‍ എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള സബ്‌സിഡിയും കേന്ദ്രം അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്കു പ്രത്യേക സബ്‌സിഡി നല്‍കുന്നുണ്ട്. കുംഭമേളകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കു ലക്ഷങ്ങളുടെ ഫണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. ഹരിദ്വാറില്‍ 2014ല്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 1,150 കോടിയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദില്‍ ചെലവഴിച്ചത് 11 കോടിയുമായിരുന്നു. ഇതില്‍ 800 കോടി രൂപ ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
സബ്‌സിഡി തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്നതു ശുദ്ധ തട്ടിപ്പാണ്. മത,ജാതി വേര്‍തിരിവുകളില്ലാതെ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യമൊരുക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്. കൂടാതെ, ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കുള്ള ഫണ്ടും പദ്ധതികളും തടയുന്ന കേന്ദ്രഭരണത്തിന്റെ വിടുവായിത്തം മാത്രമാണിത്.
ഹജ്ജ് കപ്പല്‍ സര്‍വിസ് നിര്‍ത്തലാക്കി ചെലവു കൂടിയ വിമാന യാത്രയാക്കിയപ്പോള്‍ 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു സമാശ്വാസമായി സബ്‌സിഡിക്കു തുടക്കംകുറിച്ചത്. മുസ്‌ലിം വിഷയങ്ങളിലെ ഏകപക്ഷീയ തീരുമാനത്തിന്റെ തുടര്‍ച്ച മാത്രമാണ് സബ്‌സിഡി നിര്‍ത്തലാക്കല്‍. സമാവയത്തിലൂടെ രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച നടത്തി സബ്‌സിഡി വിഷയത്തില്‍ പരിഹാരം കാണാമായിരുന്നു. കേന്ദ്രത്തിന്റെ മൃഗീയ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് ഈ നടപടിക്കു പിന്നില്‍. ഇതു സാമ്പത്തികാനുകൂല്യം നഷ്ടപ്പെടുന്ന വിഷയം മാത്രമല്ല. മുസ്‌ലിംകളോടു മാത്രമുള്ള വിവേചനമാണ്. അതിനാല്‍ത്തന്നെ ഈ തീരുമാനം ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."