തീയിലുറങ്ങുന്ന തണുത്തുറഞ്ഞ ബാല്യങ്ങള്‍
അലപ്പോയിലെ കലാപകലുഷിത മേഖലയിലെ താമസക്കാര്‍ ബശ്ശാറുല്‍ അസദിന്റെ ഉപരോധത്തിനിടയിലും കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. അവരുടെ അവശതയുടെ ആഴം ദയനീയത മുറ്റിയ നോട്ടത്തില്‍നിന്ന് എളുപ്പം മനസ്സിലാക്കാനാവും. ഒരുഭാഗത്തു ഭരണകൂടം തൊടുത്തുവിടുന്ന മിസൈലുകള്‍ ശരീരം കീറിമുറിക്കുമ്പോള്‍ മുറിവേറ്റ ശരീരവുമായി കൊടും ശൈത്യത്തെ നേരിടേണ്ട ഗതികേടിലാണ് അവര്‍. അലപ്പോയിലെ അന്തരീക്ഷം ഏറ്റവും ക്രൂരമായ ഭാവം പ്രകടിപ്പിക്കുന്ന മാസം കൂടിയാണിത്.
കാലാവസ്ഥയെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. കൊടുംതണുപ്പു നേരിടാനുള്ള പോംവഴിയില്ലാത്തതാണ് ഉപരോധമേര്‍പ്പെടുത്തപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നം. ഇവര്‍ തണുപ്പു നേരിടാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവന്നത് വിറകും ഡീസലും മറ്റുമായിരുന്നു. പോയകാലത്ത് ഇവ പഞ്ഞമില്ലാതെ കിട്ടുമായിരുന്നു. ഇപ്പോള്‍ വിറകിനും മറ്റ് ഇന്ധനങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുത്തനെ കൂട്ടിയിരിക്കുന്നു ഭരണകൂടം. അങ്ങനെ അവശ്യസാധന ലഭ്യതയ്ക്കു പരിധി നിശ്ചയിച്ചിരിക്കുകയാണ്.
ഉപരോധമേര്‍പ്പെടുത്തുന്നതിനു മുമ്പ് 200 ലിറ്റര്‍ ഡീസലിനു വില 55,000 സിറിയന്‍ പൗണ്ടായിരുന്നു. ഉപരോധവും ശൈത്യവും വന്നപ്പോള്‍ 2,50,000 സിറിയന്‍ പൗണ്ടായി. 120 ഡോളറിനു ലഭിച്ചിരുന്ന ഒരു ടണ്‍ വിറകിന് ഉപരോധം വന്നതോടെ 400 ഡോളറായി. സാമ്പത്തികദയനീയാവസ്ഥ ഭീകരമായ കിഴക്കന്‍പ്രദേശങ്ങളില്‍ താങ്ങാവുന്നതിലുമപ്പുറമാണിത്. സ്ഥിരജോലിയും സ്ഥിരവരുമാനവുമില്ലാത്തവരാണ് ഇവിടെ അധികപേരും. ജോലിയുള്ളവരുടെ കുടുംബത്തിന്റെ വരുമാനം 100 ഡോളര്‍ കടക്കില്ല.
2012 വേനലില്‍ അലപ്പോ നഗരത്തില്‍ യുദ്ധമാരംഭിക്കുന്നതിനു മുമ്പ് തണുപ്പകറ്റാനുള്ള പ്രധാന മാര്‍ഗം വൈദ്യുതിയായിരുന്നു. യുദ്ധക്കെടുതി കാരണം ഈ സംവിധാനം വിച്ഛേദിക്കപ്പെട്ടു. സിറിയന്‍ സൈന്യം വൈദ്യുതിബോര്‍ഡിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ അലപ്പോയിലെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിവിതരണം നിര്‍ത്തിവച്ചു. പ്രവിശ്യയിലെ ചില വൈദ്യുത വിതരണകേന്ദ്രങ്ങളില്‍നിന്നു മാത്രമാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളിലേക്കു വൈദ്യുതി ലഭിക്കുന്നത്.
ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍പോലും പണമില്ലെന്ന് കിഴക്കന്‍ അലപ്പോയിലെ അല്‍ ഖതര്‍ജ് സ്വദേശിയായ അല്‍ഹജ്ജ് അബൂമുഹമ്മദ് പറയുന്നു. ''ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ, ഒഴിച്ചുകൂടാനാവാത്ത ഇന്ധനവും വിറകും കിട്ടാക്കനിയായിരിക്കുന്നു. ഉപരോധം കാരണം എല്ലാറ്റിനും വില നാടകീയമായി ഉയര്‍ന്നിരിക്കുകയാണ്. ഉപരോധമേര്‍പ്പെടുത്തിയതു കാരണം ജോലിയില്ല. ജീവിതം നിശ്ചലമായ അവസ്ഥയിലാണ്.''
വിറകുകെട്ടുകളുടെ ക്ഷാമം കാരണം ഫര്‍ണിച്ചറും മറ്റും വിറകുകൊള്ളികളാക്കി തീ കായേണ്ട അവസ്ഥയിലാണു ജനം. അസഹ്യമായ പ്രശ്‌നത്തിനു പരിഹാരം കാണുന്നതില്‍ അലപ്പോ നഗരസഭ പൂര്‍ണപരാജയമാണ്. ശരീരം മരവിച്ചു പോകുന്ന ശൈത്യം കുട്ടികളുള്‍െപ്പടെ മുഴുവന്‍ അലപ്പോ നിവാസികളെയും പിടിമുറുക്കുമ്പോഴും അനിശ്ചിതമായ ഉപരോധത്തെക്കുറിച്ചുള്ള ആശങ്കകളാണു വര്‍ധിച്ചുവരുന്നത്. ഈ ദുരന്തമുഖത്തു ഭരണകൂടത്തിനു ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു കാര്യം ഭക്ഷ്യസാധന ലഭ്യത ഉറപ്പുവരുത്തുകയെന്നതാണ്.
''തണുപ്പിനെ പ്രതിരോധിക്കുന്ന മാര്‍ഗം എന്തു തന്നെയായാലും ഈ ദുര്‍ഘടാവസ്ഥയില്‍ അവ സംഭരിക്കുന്നതില്‍ ഞങ്ങള്‍ അശക്തരാണ്.'' ബലക്ഷയം സംഭവിച്ച ഈ വാക്കുകള്‍ അടര്‍ന്നു വീണതു മറ്റാരുടെയും നാവിന്‍തുമ്പത്തുനിന്നല്ല, അലപ്പോ സിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി തലവന്‍ സകരിയ്യ അമിനുവില്‍ നിന്നുതന്നെയാണ്.
അലപ്പോയിലെ പെട്രോള്‍ ബങ്കുകളില്‍ മതിയായ ഡീസലില്ല. റൊട്ടിയുണ്ടാക്കുന്ന ബേക്കറികള്‍ക്കു ഭരണകൂടം പ്രാധാന്യം കല്‍പ്പിച്ചില്ലെങ്കില്‍ രാജ്യത്തെ പൗരന്മാരുടെ അന്നം മുട്ടും. കാരുണ്യപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന റിലീഫ് കൂട്ടായ്മകള്‍ നാട്ടുകാര്‍ക്കു പ്രയാസങ്ങള്‍ നേരിട്ടാണെങ്കിലും ഭക്ഷണമെത്തിക്കുന്നുവെന്നത് ആശ്വാസമാണ്. അവരും നേരിടുന്നുണ്ട് കടുത്ത ഇന്ധനക്ഷാമം.
പൊതുജനസമ്പര്‍ക്ക പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്ന കൂട്ടായ്മകളിലൊന്നിന്റെ മുതിര്‍ന്ന നേതാവായ വീല്‍ അല്‍ ഹലവി പറയുന്നു: ''കഴിഞ്ഞ വര്‍ഷങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന വിറകുകെട്ടുകളുടെയും ഇന്ധനത്തിന്‍െയും ലഭ്യതക്കുറവു ഭീകരമായതിനാല്‍ ഇപ്രാവശ്യം ജനങ്ങള്‍ക്കിടയില്‍ ഭക്ഷ്യസാധനം വിതരണം ചെയ്യാന്‍ പ്രയാസം നേരിടുന്നുണ്ട്. ദുരന്തമുഖത്ത് അതിജീവനത്തിനായി മല്ലിടുന്ന അലപ്പോ നിവാസികളെ കുറിച്ചുള്ള ആശങ്കയുമായിട്ടാണ് ഞങ്ങള്‍ കഴിഞ്ഞു കൂടുന്നത്.''
സിറിയന്‍ ഭരണകൂടം കിഴക്കന്‍പ്രദേശങ്ങളില്‍ വരുത്തിവച്ച ദുഷ്‌ചെയ്തികളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ലെന്ന ബോധ്യം പ്രദേശവാസികള്‍ക്കു നന്നായുണ്ട്. എന്നിരുന്നാലും ഉപരോധം നീക്കുന്നതില്‍ പ്രതിപക്ഷത്തിനു കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണവര്‍. ഉപരോധത്തിനെതിരേ സിറിയന്‍സേനയുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമത്തിലാണു പ്രതിപക്ഷമെന്ന വാര്‍ത്തകളാണു പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ ഈ ശൈത്യത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കു കഴിയും.
അലപ്പോയിലെ തണുത്തുറഞ്ഞ നഗരത്തില്‍ നാലു വയസ്സുകാരി എസറയും അവളുടെ മൂന്നുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞനുജന്‍ വലീദും കൊടും ശൈത്യത്തെ അതിജീവിക്കാന്‍ പാടുപെടുകയാണ്. കഠിനമായ തണുപ്പില്‍നിന്നു രക്ഷനേടാന്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലംതേടി അലയുകയാണു മരവിച്ചുറഞ്ഞ ഈ ബാല്യങ്ങള്‍. ഈ കൊടിയപീഡനത്തില്‍നിന്നു മക്കള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥനയിലാണു മാതാപിതാക്കള്‍. വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന സാമ്പത്തികമാന്ദ്യം കാരണം കുട്ടികള്‍ക്കു പുതപ്പു വാങ്ങിക്കൊടുക്കാനുള്ള പണംപോലും അവരുടെ കൈകളിലില്ല.
''പണി പൂര്‍ത്തിയാവാത്ത കൂരകളില്‍ കുറഞ്ഞ താപനിലയില്‍ വെയില്‍ കായുന്ന കുട്ടികള്‍ക്കു ശ്വാസകോശ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അണുബാധ ശ്വാസകോശത്തില്‍ പഴുപ്പുണ്ടാകാനും ന്യൂമോണിയ ബാധിക്കാനും ഇടയാക്കും''-സിറിയയിലെ യുനിസെഫ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. അല്‍ അസദ് പറഞ്ഞു.
സങ്കടം കനം തൂങ്ങുന്ന മുഖവുമായി നില്‍ക്കുന്ന അഞ്ചുവയസ്സുകാരന്‍ തക്‌രീദിന്റെ അടുത്തെത്തി ദുഃഖകാരണമന്വേഷിച്ചപ്പോള്‍ പുറംതിരിഞ്ഞു നിന്നുകളഞ്ഞു. അവന്റെ തൊട്ടരികിലായി നിന്ന ഉമ്മ സങ്കടങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി: ''മിസൈല്‍ ആക്രമണത്തിലാണ് ഇവന്റെ ഉപ്പ മരിച്ചത്. പറക്കമുറ്റാത്ത നാലു മക്കളെയും വാരിവലിച്ചു കാണുന്ന വഴിയിലൂടെയെല്ലാം ഓടി. അപ്പോള്‍ ധരിച്ച വസ്ത്രം മാത്രമാണു ഞങ്ങളുടെ ആകെയുള്ള സമ്പാദ്യം. എന്റെ മകള്‍ ധരിച്ച പൈജാമ അവളുടെ ഉപ്പ അവസാനമായി വാങ്ങിക്കൊടുത്തതാണ്. ഉപ്പയോടുള്ള സ്‌നേഹം കാരണം അവള്‍ അത് അഴിക്കാന്‍പോലും കൂട്ടാക്കുന്നില്ല.'' മകള്‍ ധരിച്ച ഇളം ചുവപ്പു പൈജാമയിലേയ്ക്കു ചൂണ്ടിക്കൊണ്ട് ആ ഉമ്മ പറഞ്ഞു.
ഈ മാതാവ് മക്കള്‍ക്കുവേണ്ടി തെരുവോരങ്ങള്‍ ചിക്കിച്ചികയുമ്പോഴും കണ്ടഭാവം നടിക്കാതെ ഏറ്റവും പുതിയസൗകര്യങ്ങള്‍ക്കു പിന്നാലെ പരക്കം പായുകയാണു പുതിയ തലമുറ.
ആറു ലക്ഷം പേര്‍ക്കാണ് ഇപ്രാവശ്യത്തെ കൊടുംതണുപ്പില്‍ യുനിസെഫ് ചൂടു വസ്ത്രങ്ങള്‍ കൈമാറിയത്. മൂന്നുലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കു ബ്ലാങ്കറ്റ് വിതരണം ചെയ്തു. ഒരുലക്ഷം വിദ്യാര്‍ഥികളാണു യൂനിസെഫ് ഏര്‍പ്പെടുത്തിയ ഹീറ്റിങ് സംവിധാനമുള്ള ക്ലാസ് മുറികളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
''എക്കാലത്തെയും മികച്ച ദിവസമാണിന്ന്. ഈ ചുടുകുപ്പായം കിട്ടിയ വലീദിനെ ഇനി രോഗം പിടികൂടില്ല''- പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച യസറ പറഞ്ഞു. വലീദ് അവനു ലഭിച്ച കൈയുറകളില്‍ കുഞ്ഞു കൈകളിട്ടു കളിക്കുകയാണപ്പോഴും.
(വിവര്‍ത്തനം: അമീന്‍ തിരുവള്ളൂര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."