രസീല വധം: രാഘവന് എം.പി പ്രധാനമന്ത്രിക്ക് നിവേദനം നല്കി
കോഴിക്കോട്: ഐ.ടി മേഖലയില്‍ തൊഴില്‍ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ രാഘവന് എം.പി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
പൂനെയിലെ ഇന്‍ഫോസിസ് കമ്പനി ജീവനക്കാരി ഒ.പി രസീല രാജു ക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പത്തോളം സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങളിലെ സുരക്ഷ വീഴ്ച്ചയിലേക്ക് വിരല്ചൂണ്ടുന്നവയാണ് ഈ സംഭവങ്ങള്‍. അതുകൊണ്ടു തന്നെ ഐ.ടി മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ലോക്സഭ മണ്ഡലത്തിനു കീഴിലെ വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള കുട്ടിയായിരുന്നു രസീല രാജു. നല്ലഭാവി സ്വപ്നം കണ്ടാണ് പൂനെയില്‍ ജോലിക്കു ചേര്‍ന്നത്. ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ് രസീലയുടെ മരണം. അവധി ദിവസമായിരുന്നിട്ടുകൂടി എന്തിനാണ് കമ്പനി രസീലയെ ജോലിക്കെത്താന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. ഇതടക്കമുള്ള കാര്യങ്ങളെ കുറിച്ച് സി.ബി.ഐയെ കൊണ്ട് അന്വേഷിക്കണമെന്ന് എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിനും എം.കെ രാഘവന് കത്തു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."