ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹം: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: 10 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ 2012 ല്‍ സുപ്രിം കോടതി നല്‍കിയ നിര്‍ദേശം 5 വര്‍ഷമായപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത് മുസ്‌ലിം വിരോധം സഹിക്കാന്‍ കഴിയാത്തതുകൊണ്ടും അന്ന് അധികാരത്തില്‍ കാണുമോയെന്ന സംശയം കൊണ്ടാണെന്നും ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സബ്‌സിഡി തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സൗജന്യത്തിന് ഉപയോഗിക്കുമെന്ന് പറയുന്ന മന്ത്രി, മദ്‌റസാ നവീകരണ ഫണ്ട് പൊളിച്ചടുക്കിയ വ്യക്തിയാണ്. മുസ്‌ലിംകളുടെ അന്തസ് ഉയര്‍ത്താനാണ് സബ്‌സിഡി നിര്‍ത്തലാക്കിയത് എന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്.
കുംബമേള, അമര്‍നാഥ്, മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു കൂടി ഈ അന്തസ് നല്‍കാത്തത് തികച്ചും നീതി നിഷേധമാണെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കുമെന്നുള്ള സത്യപ്രതിജ്ഞാ ലംഘനമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വിമാന ടിക്കറ്റിലുള്ള എയര്‍ ഇന്ത്യയുടെ കൊള്ളയടി അവസാനിപ്പിച്ച് സ്വതന്ത്ര കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അവകാശം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."