കഅ്ബയുടെ കിസ്‌വ അഗ്‌നിയെ പ്രതിരോധിക്കാന്‍ കഴിവുള്ളത്: കിസ്‌വ ഫാക്റ്ററി മേധാവി
മക്ക: വിശുദ്ധ കഅ്ബയുടെ കിസ്‌വ അഗ്‌നിയെയടക്കം വിവിധ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണെന്ന് കിസ്‌വ ഫാക്റ്ററി മേധാവി. കഴിഞ്ഞ ദിവസം കഅ്ബക്ക് സമീപം മാനസികരോഗിയായ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് കിസ്‌വ ഫാക്റ്ററി മേധാവി ഡോ :മുഹമ്മദ് ബിന്‍ അബ്ദുല്ല പാജൂദ് കിസ്‌വയുടെ പ്രത്യേകതകള്‍ വ്യക്തമാക്കിയത്.
അക്രമി പെട്രോള്‍ ഒഴിക്കുന്നതിനിടെ കിസ്‌വയിലേക്കും തെറിച്ചിരുന്നു. യുവാവ് കഅ്ബക്ക് തീ കൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കിസ്‌വ ഫാക്റ്ററി മേധാവിയുടെ വിശദീകരണം.
അഗ്‌നിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നൂലുകളുപയോഗിച്ചാണിത് നിര്‍മിച്ചിട്ടുള്ളത്. കീറാനോ മറ്റു കേടുപാടുകള്‍ വരുത്താനോ സാധിക്കാത്ത വിധത്തിലാണ് കിസ്‌വയുടെ നിര്‍മാണം. കിസ്‌വ വൃത്തിയാക്കാനും റിപ്പയറിങിനും പരിപാലിക്കാനും ഫാക്റ്ററിയിലെ ജോലിക്കാര്‍ 24 മണിക്കൂറും ഹറമിലുണ്ട്. കിസ്‌വയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഹറമില്‍ പ്രത്യേക യൂണിറ്റ് വേണമെന്ന് തിരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നേരത്തെ നിര്‍ദേശം നല്‍കിയതാണ്.
കിസ്‌വയുടെ ഭംഗിക്ക് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പൊടിപടലങ്ങളും അടയാളങ്ങളും ഉണ്ടായാല്‍ അവ അപ്പോള്‍ തന്നെ നീക്കം ചെയ്യാനും ആളുകളുണ്ട്. കഅ്ബയുടെ കവാടങ്ങളും പിടികളും വൃത്തിയാക്കുന്നതു പോലെ കിസ്‌വയുടെ ഭംഗിയും കാത്തു സൂക്ഷിക്കുന്നുണ്ട്. 670 കിലോഗ്രാം പട്ടും 150 കിലോഗ്രാം സ്വര്‍ണ്ണ-വെള്ളി നൂലുകളുമാണ് കിസ്‌വയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒമ്പത് മാസത്തോളമെടുത്ത് നിര്‍മ്മിക്കുന്ന ഒരു കിസ്‌വക്ക് 20 മില്ല്യണ്‍ റിയാലാണ് നിര്‍മ്മാണച്ചിലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."