ഖത്തറിലെ ഗാര്‍ഹിക തൊഴില്സഹായി കരട് നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം
ദോഹ: ഗാര്‍ഹിക തൊഴില്‍ സഹായികളുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
കരാറിന്റെയും നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍ക്കു വേണ്ടിയോ സ്പോണ്സര് ഉള്‍പ്പെട്ട കുടുംബത്തിലോ ജോലി ചെയ്യുന്നവരെയാണ് ഗാര്‍ഹിക തൊഴില്‍ സഹായികളായി കരട് നിയമത്തില്‍ നിര്‍വചിക്കുന്നത്.
സ്പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ കരാര്‍ പ്രകാരവുമാകണം ഇവര്‍ ജോലി ചെയ്യേണ്ടത്. ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍ തുടങ്ങിയവരെയാണ് ഗാര്‍ഹിക തൊഴില്‍ സഹായികളായി കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്പോണ്‍സറുടേയും തൊഴില്‍ സഹായിയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം.
ക്രിമിനല്‍ നിയമ ഭേദഗതി സംബന്ധിച്ച കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്കി. 2004ലെ പതിനൊന്നാം നമ്പര്‍ നിയമത്തിലാണ് ഭേദഗതി. കരട് നിയമത്തിലുള്ള ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കരടിന് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."