ഹജ്ജ് സബ്‌സിഡിയും വിമാന ടെണ്ടറും: തിരുത്തപ്പെടേണ്ട ധാരണകള്‍
ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചകളിലും മാധ്യമനിരീക്ഷണങ്ങളിലും വ്യാപകമായി കണ്ടുവരുന്ന തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനാണ് ഈ കുറിപ്പ്. ഹജ്ജ് സബ്‌സിഡിയുടെ ഗുണം ഏതാനും വിമാനക്കമ്പനികള്‍ക്കാണ് ലഭിക്കുന്നതെന്ന വാദത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അതേസമയം, ഹജ്ജ് വിമാനക്കൂലി കുറയ്ക്കാന്‍ പോംവഴിയായി സാധാരണ പറയാറുള്ള രണ്ടു കാര്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെയോ കേന്ദ്ര, സംസ്ഥാന ഹജ്ജ്കമ്മിറ്റികളുടെയോ പരിധിയില്‍ വരുന്നതല്ലെന്നതു പോലും പലരും അറിയാതെ പോവുന്നു.
ഹജ്ജ് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ക്കു മാത്രം അവസരം നല്‍കാതെ ആഗോള ടെണ്ടര്‍ വിളിച്ച് ലോകത്തെ ഏതു വിമാനക്കമ്പനിക്കും അവസരം നല്‍കുകയെന്നതാണു വിമാനക്കൂലി കുറയ്ക്കാന്‍ എല്ലാവരും ചൂണ്ടിക്കാട്ടുന്ന പ്രധാന പരിഹാരമാര്‍ഗം. രണ്ടാമത്തെ വാദം, ഹജ്ജ് വിമാനത്തിന്റെ ഇരട്ടയാത്രാ ഭാരം ഒഴിവാക്കുന്നതിനു ജിദ്ദയില്‍ തീര്‍ഥാടകരെ ഇറക്കി തിരിച്ചുവരുമ്പോഴും ഹാജിമാരെ എടുക്കാന്‍ ജിദ്ദയിലേക്കു പോകുമ്പോഴും മറ്റു യാത്രാ,ചരക്ക് സര്‍വീസുകള്‍ക്ക് ഉപയോഗപ്പെടുത്തുകയെന്നതാണ്. ഇതു രണ്ടും സഊദി സര്‍ക്കാര്‍ അനുവദിക്കില്ല.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കു വരുന്ന ചാര്‍ട്ടേഡ് ഹജ്ജ് വിമാനങ്ങള്‍ക്കായി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ. നമ്മുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് സമാനം) ഓരോ വര്‍ഷവും പുതുക്കി ഇറക്കുന്ന ഹജ്ജ് വിമാനച്ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സഊദിയുടെ ദേശീയ വിമാനക്കമ്പനിയോ ബന്ധപ്പെട്ട രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയോ ഹാജിമാരെ കൊണ്ടുവരാന്‍ തയാറാണെങ്കില്‍ മൂന്നാം വിമാനക്കമ്പനിക്കു ഹജ്ജ് വിമാനങ്ങള്‍ ഓപറേറ്റ് ചെയ്യാന്‍ സഊദി ചട്ടപ്രകാരം അനുവാദമില്ല. (ഏഅഇഅ ഒമഷഷ കിേൌരശേീി െഏീ്‌ലൃിശിഴ വേല ഇമൃൃശമഴല ീള ജശഹഴൃശാ െയ്യ അശൃ ഥലമൃ 2017 ലെ പേജ് 5, പാര 3111 നോക്കുക). ഇതു കാരണമാണ് സഊദിയിലെയും ഇന്ത്യയിലെയും മാത്രം വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തി നമ്മുടെ വ്യോമയാന മന്ത്രാലയം ടെണ്ടര്‍ വിളിക്കുന്നത്. ഇതു തിരുത്തണമെങ്കില്‍ സഊദി സര്‍ക്കാര്‍ കനിയണം.
മാത്രമല്ല, ഒരു മൂന്നാം രാജ്യ വിമാനക്കമ്പനിക്ക് ഇന്ത്യയില്‍നിന്നു ഹജ്ജ് വിമാനസര്‍വീസ് നടത്തുന്നതു ലാഭകരമാവില്ല. ഉദാഹരണത്തിന്, യു.എ.ഇയിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നമ്മുടെ ഹജ്ജ് സര്‍വീസ് കരാറെടുത്താല്‍ അവര്‍ ഓരോ ദിവസവും ദുബായില്‍ നിന്നു നെടുമ്പാശ്ശേരിയിലേക്കു 'കാലി'യായി വന്നു യാത്രക്കാരുമായി ജിദ്ദയില്‍ പോയി 'കാലി'യായി ദുബായിലേയ്ക്കു തന്നെ മടങ്ങണം. ഇല്ലെങ്കില്‍ നെടുമ്പാശ്ശേരിയിലോ ജിദ്ദയിലോ വലിയ തുക വാടകയും ജീവനക്കാരുടെ ചെലവും വഹിച്ചു കാത്തുകെട്ടിക്കിടക്കണം.
ഇതുണ്ടാക്കുന്ന ബാധ്യത ചില്ലറയല്ല. ആഗോള ടെണ്ടര്‍ വിളിച്ചാല്‍ വിദേശവിമാനക്കമ്പനികള്‍ ഇരട്ടി തുക ക്വാട്ട് ചെയ്യുകയും ഇത് എയര്‍ ഇന്ത്യക്കും സൗദി എയര്‍ലൈന്‍സിനും ഇപ്പോഴുള്ളതിനേക്കാള്‍ വളരെ വലിയ തുക ക്വാട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യും.
ഹജ്ജ് വിമാനം ആളില്ലാതെ പറക്കുന്ന രണ്ടു യാത്രകളില്‍ മറ്റു യാത്രക്കാരെയും കാര്‍ഗോയും കയറ്റി ലാഭകരമാക്കണമെന്നതാണ് തെറ്റിദ്ധാരണമൂലം ഉയര്‍ന്ന രണ്ടാമത്തെ പരിഹാരമാര്‍ഗം. സഊദി ഹജ്ജ് വിമാനച്ചട്ടങ്ങളിലെ പേജ് 9, പാര 515ല്‍ പറയുന്നത് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കു വരുന്ന ഹജ്ജ് വിമാനങ്ങള്‍ വരുമ്പോഴോ തിരിച്ചു പോകുമ്പോഴോ ഒരു തരത്തിലുള്ള മറ്റു വാണിജ്യ ഓപറേഷനും (യാത്രക്കാര്‍,കാര്‍ഗോ) നടത്താന്‍ പാടില്ലെന്നാണ്. സഊദിയുടെ കര്‍ശന നിയമപ്രകാരം നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞു നാം കുറ്റപ്പെടുത്തല്‍ ഒഴിവാക്കണം. ചെലവു കുറയ്ക്കാന്‍ പ്രായോഗിക വഴികള്‍ അന്വേഷിക്കണം. ഈ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സഊദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യപ്പെടാവുന്നതാണ്.
എന്നാല്‍, ദിവസങ്ങളുടെ ഇടവേളയില്‍ 20 ലക്ഷത്തോളം ഹാജിമാരുമായെത്തുന്ന വിമാനങ്ങള്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രായോഗികബുദ്ധിമുട്ടു മനസ്സിലാക്കാതെ പോകരുത്. വരുമ്പോള്‍ രണ്ട് മണിക്കൂറും പോകുമ്പോള്‍ മൂന്നു മണിക്കൂറും മാത്രമാണ് സഊദി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്. 400 ലധികം യാത്രക്കാരുള്ള വിമാനത്തിനു നാലുമണിക്കൂര്‍ സമയം ലഭിക്കും.
ഈ സമയത്തിനകം ശുചിയാക്കല്‍, ഇന്ധനം നിറയ്ക്കല്‍, സുരക്ഷാപരിശോധന തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുപറന്നോളണം. മിനിറ്റുകളുടെ ഇടവേളയില്‍ തുരുതുരാ വിമാനമിറങ്ങുന്ന ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും എത്തുന്ന ഹജ്ജ്‌വിമാനങ്ങള്‍ അവിടെവച്ചു വേറെ യാത്രകള്‍, കാര്‍ഗോ സര്‍വീസുകള്‍ നടത്തുകയെന്നത് അതുകൊണ്ടു തന്നെ നടപ്പുള്ള കാര്യമല്ല.
നാളിതുവരെ ലഭിച്ച സബ്‌സിഡിയെ കൊച്ചാക്കുന്ന വിമര്‍ശനങ്ങളും ശരിയല്ല. കേരളത്തിലെ ഹാജിമാര്‍ക്കു സബ്‌സിഡിയില്ലെങ്കില്‍ ഒരുപക്ഷേ, പതിനായിരമോ പതിനയ്യായിരമോ രൂപയാണു നിരക്കു വര്‍ധനയുണ്ടാകുക. എന്നാല്‍, നെടുമ്പാശ്ശേരി മാത്രമല്ല ഇന്ത്യയില്‍ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ടെന്ന കാര്യം മറക്കരുത്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ്‌വിമാനത്തിനു കഴിഞ്ഞവര്‍ഷം 72,812 രൂപയാണ് ചാര്‍ജ് ചെയ്തതെങ്കില്‍ റാഞ്ചി, ഗയ, ശ്രീനഗര്‍ തുടങ്ങിയ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്കു മുകളിലായിരുന്നു. സബ്‌സിഡിയില്ലെങ്കില്‍ 50,000 മുതല്‍ 75,000 വരെ അവര്‍ക്ക് അധികച്ചെലവുണ്ടാകും.
ടെണ്ടര്‍ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുമായുള്ള ചര്‍ച്ചകളിലൂടെ വിമാനക്കൂലിയില്‍ പരമാവധി കുറവു നേടിയെടുക്കാനാണ് ഇനി യത്‌നിക്കേണ്ടത്.
സാമ്പത്തികശേഷിയും ആരോഗ്യവും സൗകര്യവുമുള്ള വിശ്വാസികള്‍ക്ക് എത്ര തുക മുടക്കിയാലും ഹജ്ജ് നിര്‍ബന്ധമാണ്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം 10 വര്‍ഷം കൊണ്ടു സബ്‌സിഡി പൂര്‍ണമായി ഒഴിവാകുമായിരുന്നത് അഞ്ചുവര്‍ഷം നേരത്തേയായതിന്റെ പ്രയാസം സ്വാഭാവികമായി ഉണ്ടാകും. 15 ദിവസത്തെ ഉംറയ്ക്കു 45,000 രൂപയാണു ചെലവെന്നതുകൊണ്ട് 40 ദിവസത്തെ ഹജ്ജ് യാത്രക്ക് 1,25,000 രൂപ മതി, ബാക്കിയുള്ള തുകയെല്ലാം ആരൊക്കെയോ കൊള്ളയടിക്കുകയാണ് തുടങ്ങിയ അനര്‍ഥമായ പ്രചാരണങ്ങളില്‍ തീര്‍ഥാടകര്‍ വഞ്ചിതരാവരുത്.
ഉംറ സീസണിലെ കെട്ടിടവാടകയല്ല ഹജ്ജ്, റമദാന്‍ സീസണുകളില്‍ മക്കയിലും മദീനയിലുമെന്നു സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാം. തീര്‍ഥാടകര്‍ അടയ്ക്കുന്ന തുകയില്‍ 75,000ത്തിലധികം രൂപ മിനായിലെ ടെന്റ് വാടക, സൗദിയിലെ ഔദ്യോഗികസംവിധാനമായ മുതവ്വിഫ് സേവനങ്ങള്‍ തുടങ്ങിയവക്കുള്ളതാണ്. ഇതൊന്നും ഉംറക്കാര്‍ക്കില്ല. ഇതിനു പുറമെ സര്‍ക്കാര്‍ ഹാജിമാര്‍ക്ക് 35,000ത്തിലധികം രൂപ അവിടത്തെ ചെലവുകള്‍ക്കു റിയാലായി തിരിച്ചുതരുന്നുമുണ്ട്.
പത്തു റിയാല്‍ (170 രൂപ) മാത്രം മുടക്കിയാല്‍ സാധാരണഗതിയില്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കാവുന്ന ജിദ്ദ നിവാസികള്‍ക്കുപോലും നിയമപ്രകാരം ഹജ്ജ് ചെയ്യാന്‍ ആറു ദിവസത്തേയ്ക്ക് 5000 മുതല്‍ 10,000 റിയാല്‍ വരെ (85,000 മുതല്‍ 1,70,000 രൂപ വരെ) മുടക്കണമെന്ന കാര്യം വിസ്മരിക്കരുത്. മക്കയിലെ ഹോട്ടല്‍ താമസമോ മദീനായാത്രയോ സൗദിയിലെ ആഭ്യന്തരഹജ്ജ് യാത്രയില്‍ വരുന്നില്ല.
എന്നിരിക്കെ ഹജ്ജ് യാത്രാച്ചെലവു സംബന്ധമായി തെറ്റിദ്ധാരണകള്‍ പരത്തുന്നത് ഒഴിവാക്കണം. അതേസമയം, വിമാനക്കമ്പനികളും ചില സര്‍വീസ് ഏജന്റുമാരും നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."