പാസ്‌പോര്‍ട്ടിലെ പരിഷ്‌കാരങ്ങള്‍: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. വിവേചനം നേരിടുന്ന കളര്‍ മാറ്റത്തിന് പുറമെ പാസ്‌പോര്‍ട്ടിലെ അവസാന പേജുകള്‍ നീക്കം ചെയ്യുന്നത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് ഇതിനകം ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു.
തങ്ങളുടെ അഡ്രസുകളും രക്ത ബന്ധ വിവരങ്ങളും ഉള്‍പ്പെടുന്ന പേജ് നീക്കം ചെയ്യുന്നതോടെ പ്രവാസികള്‍ ഇനി അത് തെളിയിക്കുന്ന രേഖകള്‍ക്കായി നെട്ടോട്ടമോടേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനുമൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.
വലിയ പ്രത്യാഘാതമാണ് അവസാന പേജ് നീക്കുന്നതിലൂടെ പ്രവാസികള്‍ നേരിടാന്‍ പോകുന്നത്. പാസ്‌പോര്‍ട്ട് അഡ്രസ്സ് പ്രൂഫ് അല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇതോടെ അവസാനത്തെ പേജിലെ വിലാസ വിവരങ്ങളും ഭാര്യ ഭര്‍ത്താക്കന്മാരുടെയും മാതാപിതാക്കളുടെയും പേരുകള്‍ നീക്കം ചെയ്യും.
ഇതോടെ പ്രവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇതിനായി പിന്നീട് മറ്റു പല രേഖകളും ഹാജരാക്കേണ്ടി വരും. അന്യ നാടുകളില്‍ മരിക്കുകയും അപകടത്തില്‍പ്പെടുകയും ചെയ്താല്‍ പ്രവാസികളുടെ രക്ത ബന്ധുക്കളെ കണ്ടെത്തുന്നതും തെളിയിക്കുന്നതും നിലവില്‍ പാസ്‌പോര്‍ട്ട് വഴിയാണ്. മാത്രമല്ല, ഇത്തരം അത്യാഹിത ഘട്ടങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകക്കോ മറ്റോ ഇവരുടെ ബന്ധുക്കളെയോ നാട്ടിലെ വിലാസമോ കണ്ടെത്തുക പ്രയാസമായിരിക്കും.
സന്ദര്‍ശന വിസ തരപ്പെടുത്തുമ്പോഴും ഇതോടെ പ്രവാസികള്‍ക്ക് നൂലാമാലയായി മാറും. അവസാന പേജുകള്‍ ലഭ്യമല്ലെങ്കില്‍ ഇസ്തിഖ്മ ഓഫിസുകള്‍ എങ്ങിനെയാണ് വിസ അനുവദിക്കുകയെന്നത് വ്യക്തമല്ല.
മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്ക് നിലവിലെ റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ഇന്ത്യയില്‍ വിവിധ പ്രാദേശിക ഭാഷകളിലായതിനാല്‍ വിദേശ രാജ്യങ്ങളിലെ ഓഫിസുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."