ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ ബംഗ്ലാദേശ് ടീമിനു ആദ്യ ദിവസം തന്നെ കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഓരേയൊരു ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മികച്ച ബാറ്റിങിലൂടെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 356 റണ്‍സെന്ന നിലയില്‍ മികച്ച അടിത്തറയിട്ടു. ഓപണര്‍ മുരളി വിജയ് (108), നായകന്‍ വിരാട് കോഹ്‌ലി (പുറത്താകാതെ 111) എന്നിവരുടെ സെഞ്ച്വറികളും ചേതേശ്വര്‍ പൂജാരയുടെ (83) അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണു ഇന്ത്യ തുടക്കത്തില്‍ തന്നെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കോഹ്‌ലിക്കൊപ്പം 45 റണ്‍സുമായി അജിന്‍ക്യ രഹാനെയാണു ക്രീസില്‍.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ ഓപണര്‍ കെ.എല്‍ രാഹുലിനെ ബൗള്‍ഡാക്കി ടസ്‌കിന്‍ അഹമദ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ രണ്ടാമനായി ക്രീസിലെത്തിയ പൂജാര വിജയിക്കൊപ്പം മികച്ച ബാറ്റിങുമായി കളം നിറഞ്ഞതോടെ കളി ഇന്ത്യന്‍ വരുതിയിലേക്ക് മാറി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച സ്‌കോറിലേക്ക് മുരളി വിജയ് നീങ്ങുന്നതിനു മുന്‍പ് തന്നെ താരത്തെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ബൗളര്‍ മെഹ്ദി ഹസന്‍ നഷ്ടപ്പെടുത്തിയത് ബംഗ്ലാ ടീമിനു തിരിച്ചടിയായി. പിന്നീട് കരുതലോടെ നീങ്ങിയാണ് വിജയ്- പൂജാര സഖ്യം ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് നയിച്ചത്. സ്‌കോര്‍ 180ല്‍ നില്‍ക്കേയാണു ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ മെഹ്ദി ഹസന്റെ പന്തില്‍ നായകനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖര്‍ റഹീം പിടിച്ചു പുറത്താക്കി.
വിജയിക്ക് കൂട്ടായി നായകന്‍ കോഹ്‌ലി ക്രീസിലെത്തിയിട്ടും ഇന്ത്യയുടെ സ്‌കോറിങ് ഗ്രാഫ് താഴാതെ നിന്നു. സ്‌കോര്‍ 234ല്‍ നില്‍ക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ടെസ്റ്റിലെ ഒന്‍പതാം ശതകം പിന്നിട്ട മുരളി വിജയിയെ തൈജുല്‍ ഇസ്‌ലാം ക്ലീന്‍ ബൗള്‍ഡാക്കി. 160 പന്തുകള്‍ നേരിട്ടു 12 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയിലാണു വിജയ് സെഞ്ച്വറി തികച്ചത്. കോഹ്‌ലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 54 റണ്‍സ് ചേര്‍ത്താണ് ഇന്ത്യന്‍ ഓപണര്‍ മടങ്ങിയത്. പരുക്ക് മാറി തിരിച്ചെത്തിയ അജിന്‍ക്യ രഹാനെയാണു നാലാമനായി ക്രീസിലെത്തിയത്. കോഹ്‌ലിക്കൊപ്പം രഹാനെയും നിലയുറപ്പിച്ചതോടെ ഇന്ത്യക്ക് നഷ്ടങ്ങളില്ലാതെ ആദ്യ ദിനം അവസാനിപ്പിക്കാന്‍ സാധിച്ചു. പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്‌ലി- രഹാനെ സഖ്യം 122 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. 141 പന്തുകള്‍ നേരിട്ടാണു കോഹ്‌ലി ടെസ്റ്റിലെ 16ാം സെഞ്ച്വറി അടിച്ചെടുത്തത്. 12 ഫോറുകളും ഇന്നിങ്‌സിനു തൊങ്ങല്‍ ചാര്‍ത്തി. ബംഗ്ലാദേശിനെതിരേ നടാടെയാണു കോഹ്‌ലി ടെസ്റ്റ് ശതകം നേടുന്നത്. രഹാനെ 60 പന്തുകള്‍ നേരിട്ട് ഏഴു ഫോറുകളുമായാണു 45 റണ്‍സെടുത്തത്.
ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമദ്, മെഹെദി ഹസന്‍, തൈജുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പിഴുതു.
ട്രിപ്പിളടിച്ചിട്ടും കരുണ്‍ പുറത്ത് തന്നെ
ഹൈദരാബാദ്: കളിച്ച മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും കടന്നു ഡബിളും കടന്നു പുറത്താകാതെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. ക്രിക്കറ്റാണു ഏറ്റവും ക്രൂരമായ കായിക മത്സരമെന്ന സത്യം. അസാധ്യമെന്നു മാധ്യമങ്ങളെല്ലാം ഒരൊറ്റ സ്വരത്തില്‍ പറഞ്ഞ ഐതിഹാസിക ഇന്നിങ്‌സ് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ അടിച്ചെടുത്ത കരുണിനു പക്ഷേ തൊട്ടടുത്ത ടെസ്റ്റില്‍ സ്ഥാനമില്ല! ടീമില്‍ അവസരം പോലും ലഭിക്കാതെ പന്ത്രാണ്ടാമനായി നിര്‍ഭാഗ്യവാനായ താരമാണു കരുണിപ്പോള്‍. പരുക്ക് മാറി അജിന്‍ക്യ രഹാനെ തിരിച്ചെത്തിയതോടെയാണു കരുണ്‍ നായരുടെ തുടര്‍ ടെസ്റ്റ് മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റത്. നായകന്‍ വിരാട് കോഹ്‌ലിയുടേയും പരിശീലകന്‍ അനില്‍ കുംബ്ലെയുടേയും പിന്തുണ രഹാനെയ്ക്ക് തുണയായപ്പോള്‍ അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കരുണ്‍ കാഴ്ച്ചവെച്ച ശരാശരി പ്രകടനങ്ങള്‍ മലയാളി താരത്തിനു വിനയായി മാറി.
ഇതോടെ ട്രിപ്പിള്‍ സെഞ്ച്വറിക്കു ശേഷം അടുത്ത കളിയില്‍ പുറത്തിരിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന 'അപൂര്‍വ' റെക്കോര്‍ഡും കരുണ്‍ നായരെ തേടിയെത്തി. ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനു തൊട്ടുപിന്നാലെ പുറത്തുപോകേണ്ടി വന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം ഇംഗ്ലണ്ടിന്റെ ആന്‍ഡി സാന്ധമാണു. 1930ലാണു ഇംഗ്ലീഷ് താരത്തെ നിര്‍ഭാഗ്യം വേട്ടയാടിയത്.
ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച് തൊട്ടടുത്ത പോരാട്ടത്തില്‍ ടീമിലിടം ലഭിക്കാത്ത താരങ്ങള്‍ വേറെയുമുണ്ട്. നൈറ്റ് വാച്ചമാനായി ക്രീസിലെത്തി ഡബിള്‍ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതിയ മുന്‍ ഓസീസ് ബൗളര്‍ ജാസന്‍ ഗില്ലസ്പിയ്ക്ക് പിന്നീട് ഒരിക്കല്‍ പോലും ഓസീസിന്റെ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. 1967ല്‍ ഇംഗ്ലണ്ടിന്റെ ജെഫ്രി ബോയ്‌ക്കോട്ട് ഇന്ത്യക്കെതിരേ 246 റണ്‍സടിച്ച് മികവു കാട്ടിയെങ്കിലും തൊട്ടടുത്ത ടെസ്റ്റില്‍ ടീമിലിടം കിട്ടാതെ പുറത്തിരുന്നു. 2002ല്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വ ബംഗ്ലാദേശിനെതിരേ 202 റണ്‍സുമായി പുറത്താകാതെ നിന്നു. തൊട്ടടുത്ത ടെസ്റ്റില്‍ ഡിസില്‍വയ്ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു. പിന്നീട് അദ്ദേഹം ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആ ടെസ്റ്റ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായി മാറി. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സന്‍, ആസ്‌ത്രേലിയയുടെ ഷോണ്‍ മാര്‍ഷ് എന്നിവര്‍ സെഞ്ച്വറിയുമായി തിളങ്ങിയിട്ടും തൊട്ടടുത്ത ടെസ്റ്റില്‍ ഇടംകിട്ടാതെ പോയ താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."