പ്രകൃതിയെ തോല്‍പ്പിക്കാന്‍..?!
ടെക്‌നോളജികള്‍ വികസിച്ചിട്ടും മനുഷ്യന് തന്റെ കാല്‍കീഴില്‍ ഒതുക്കാന്‍ കഴിയാത്തത് പ്രകൃതിദുരന്തങ്ങളെയാണ്. ഏതൊരു പദ്ധതി കൊണ്ടു വരുമ്പോഴും ശാസ്ത്രജ്ഞര്‍ അതിന് പല കഴിവുകളും വെളിപ്പെടുത്തിയാലും പ്രകൃതിയുടെ ചെറിയ ഒരു വികൃതിക്ക് നിമിഷ നേരം മതിയാകും അതൊന്നു തകര്‍ക്കാന്‍. ഭൂചലനം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ മൂലം പ്രകൃതി മനുഷ്യനു വരുത്തിവച്ച നാശങ്ങള്‍ മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ പല നിര്‍മാണപ്രവര്‍ത്തനങ്ങളും. പ്രകൃതി ദുരന്തത്തില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന ചിന്തയില്‍ നിന്ന് അവ രൂപപ്പെടുന്നു. ഇത്തരം ഒരു ആലോചനയില്‍ നിന്നുണ്ടായ നിര്‍മിതിയെ ഇവിടെ പരിചയപ്പെടാം.
ലോകം മുഴുവന്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും പഴിചാരുന്നതുമായ സംരഭമാണെല്ലോ ആണവോര്‍ജം. ഒരു നിമിഷം കൊണ്ട് മനുഷ്യന്റെ ചിന്തയ്ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത ഭീമാകാരമായ ഇതിനെ മനുഷ്യന്‍ അവന്റെ കൈവെള്ളയിലൊതുക്കി ഊര്‍ജ്ജമാക്കി മാറ്റുന്നത് ലോകത്ത് പല രാജ്യങ്ങളും ഇപ്പോള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യു.എ.ഇയാണ് ഇതില്‍ വ്യത്യസ്തമായ നിര്‍മാണത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ഉരുക്കു ചട്ടക്കൂടും ഏറ്റവും ഘനത്തിലുള്ള കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള നിര്‍മാണം ലോകത്തിലെ തന്നെ ശക്തമായ നിര്‍മിതകളില്‍ ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും ആണവ വികിരണം തടയുന്ന തരത്തിലാണ് നിര്‍മാണം. ഏതുതരം പ്രകൃതിദുരന്തത്തിനും അതിജീവിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് പറയുന്നു. അടുത്തകാലത്തായി ലോകം കണ്ട ഭീതിതമായ ജപ്പാനിലെ ഹുകുഷിമ ആണവനിലയത്തിലെ പോരായ്മകള്‍ വരെ മുന്നില്‍ കണ്ടാണ് ഇതിന്റെ നിര്‍മാണം.
ഏതുതരത്തിലുള്ള പ്രകൃതിദുരന്തമുണ്ടായാലും ആണവ ചോര്‍ച്ച ഉണ്ടാകില്ല. പുറമെ നിന്ന് വെള്ളം കൂലംകുത്തി ഒഴുകിയെത്തിയാലും ഉള്ളില്‍ കടക്കുകയില്ല. ഭൂചലനമുണ്ടായാല്‍ തകരാത്ത സെന്‍ട്രല്‍ കണ്‍ട്രോള്‍ ബില്‍ഡിങ് കണ്‍ട്രോള്‍ റൂം(സി.സി.ബി), ഏതെങ്കിലും ദുരന്തം മൂലം വൈദ്യുതി നിലച്ചാല്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ഉതകുന്ന ബാറ്ററി തുടങ്ങിയവ ഇതിന്റെ പ്രത്യേകതയാണ്. ഹുകുഷിമ ആണവനിലയം 2011 ല്‍ സുനാമിയെ തുടര്‍ന്ന് തകര്‍ന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് കൂടുതല്‍ സുരക്ഷിതമായി ഇവിടെ ആണവ നിലയം സ്ഥാപിക്കുന്നത്. കനത്ത സുരക്ഷാ മാനദണ്ഡത്തിലൂന്നിയ പ്രവര്‍ത്തനത്തിന്റെ 65 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.
51.4 മീറ്റര്‍ വ്യാസവും 24 മീറ്റര്‍ ഉയരവുമുള്ള ആണവ നിലയത്തിന്റെ സുപ്രധാന ഭാഗമായ കുംഭ ഗോപുരത്തിന് 9000 ടണ്‍ ദാരമാണുള്ളത്. ആണവനിലയത്തിന്റെ സുപ്രധാനമായ ഭാഗത്തിന്റെ ഉഗ്ര സമ്മര്‍ദം ചെറുക്കാന്‍ 70 മീറ്ററിലധികം ഉയരത്തിലാണ് ആര്‍.ബി.സി (റിയാക്ടര്‍ കണ്ടെയ്ന്റ്‌മെന്റ് ബില്‍ഡിങ്)നിര്‍മാണം. നാലു യൂണിറ്റുകളുള്ള ഇവിടെ 2020 ലെ വേള്‍ഡ് എക്‌സ്‌പോക്ക് വേണ്ടി ത്വരിതഗതിയിലാണ് പണികള്‍ നടക്കുന്നത്. ആദ്യ യൂണിറ്റ് അടുത്ത വര്‍ഷവും തുടര്‍ന്നങ്ങോട്ട് ഓരോ വര്‍ഷത്തില്‍ ഓരോ യൂണിറ്റും തുറക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."