ഫൈസല്‍ വധം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരൂരങ്ങാടി: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നേരത്തേ അറസ്റ്റിലായ മുഖ്യ പ്രതികളായ മൂന്നു പേരുടെയും, ഗൂഢാലോചന കേസിലെ പ്രതികളായ എട്ടു പേരുടെയും ജാമ്യാപേക്ഷയാണ് ഇന്ന് ജില്ലാകോടതി പരിഗണിക്കുക.
ഒരാഴ്ച മുന്‍പുതന്നെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തേ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
ഗൂഢാലോചന കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ കഴിഞ്ഞ നവംബര്‍ 27 നാണ് അറസ്റ്റ് ചെയ്തത്.
കൃത്യം നടത്തിയ കേസില്‍ തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരെ ഡിസംബര്‍ ആറ്, ഏഴ് തിയതികളിലുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക.
ഗൂഢാലോചന കേസില്‍ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാറി(48)നെ കഴിഞ്ഞ മാസം 30 ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മുഖ്യപ്രതികളിലൊരാളായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ബിബിന് മൈസൂരുവിലെ ഫര്‍ഗൂരില്‍ ഒളിച്ചു താമസിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെ ഫെബ്രുവരി ആറിനും കൊലപാതകത്തിന്റെ പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെ കഴിഞ്ഞ ചൊവ്വാഴ്ചയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകവുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നു തന്നെയാണ് പൊലിസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊടിഞ്ഞി സ്വദേശികളടക്കം ഏതാനും ആളുകളെ ഇന്നലെയും അന്വേഷണ സംഘം ചോദ്യംചെയ്തു.
കേസന്വേഷണം ആര്‍.എസ്.എസും, പൊലിസും അട്ടിമറിക്കുന്നതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു. നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ ഫലമായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."