എം.എല്‍.എമാരുടെ അയോഗ്യത: ശുപാര്‍ശ അംഗീകരിച്ചാല്‍ ഡല്‍ഹിയിലും തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: 20 ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ 20 സീറ്റുകളിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. ഒരു 'മിനി നിയമസഭാതെരഞ്ഞെടുപ്പ്' കൂടിയാകും അത്. ഡല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ നിലവില്‍ 66 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. കമ്മിഷന്റെ നടപടി രാഷ്ട്രീയപരമായി പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണെങ്കിലും മൃഗീയഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിനെ ബാധിക്കില്ല. 20 പേരും അയോഗ്യരാക്കപ്പെട്ടാലും കേവലഭൂരിപക്ഷത്തേക്കാള്‍ 10 അംഗങ്ങളുടെ പിന്തുണ എ.എ.പിക്കുണ്ട്.
ഭരണഘടന പ്രകാരം എം.പി, എം.എല്‍.എ സ്ഥാനത്തിരിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളമോ വാഹനം, ഓഫിസ്, താമസം പോലുള്ള ആനുകൂല്യങ്ങളോ കൈപ്പറ്റുന്ന ഒരു പദവികളും വഹിക്കരുതെന്നാണ് നിയമം. നിയമനം നിയമവിരുദ്ധമല്ലെന്നും ഒരു എം.എല്‍.എയും സാമ്പത്തിക ആനുകൂല്യം കൈപറ്റിയിരുന്നില്ലെന്നുമാണ് എ.എ.പിയുടെ വാദം. എന്നാല്‍, വാഹനം, ഓഫിസ് പോലുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്റെ നടപടിയെന്നും ഇതു സ്വാഭാവികനീതിയുടെ ലംഘനമാണെന്നും എ.എ.പി വക്താവ് സൗരവ് ഭരദ്വാജ് പ്രതികരിച്ചു. എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ പോകുന്നുവെന്ന വിവരം കമ്മിഷന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. ചാനലുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ബി.ജെ.പി സര്‍ക്കാരിനെ പോലെയാണ് കമ്മിഷന്‍ പെരുമാറുന്നതെന്നും കമ്മിഷന്റെ വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. കമ്മിഷന്‍ തീരുമാനം സ്വാഗതം ചെയ്ത ബി.ജെ.പി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ രാജി കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."