പുഴ വികസന പദ്ധതിയുമായി പുത്തന്‍ചിറ പഞ്ചായത്ത് രംഗത്ത്
പുത്തന്‍ചിറ: പുഴ വികസന പദ്ധതിയുമായി പുത്തന്‍ചിറ പഞ്ചായത്ത് മുന്നോട്ട്. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനായിട്ടാണ് പുഴ വികസന പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയത്. വേളൂക്കര ഗ്രാമപഞ്ചായത്തിലെ വഴൂക്കലിച്ചിറ മുതല്‍ മാള പഞ്ചായത്തിലെ നെയ്തക്കുടി വരെയുള്ള 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുഴയാണ് വികസനത്തിനായി കാതോര്‍ക്കുന്നത്.
വികസനത്തിന്റെ ഭാഗമായി പുഴയുടെ ഇരു വശങ്ങളും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കണം. പുഴയുടെ ആഴം വര്‍ധിപ്പിച്ച് ജല സംരക്ഷണ ശേഷി വര്‍ധിപ്പിച്ച് സംരക്ഷിക്കണം. അതോടൊപ്പം പുത്തന്‍ചിറ പുഴയിലേക്ക് വേനലില്‍ വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനായി നെയ്തക്കുടിയില്‍ ഒരു റഗുലേറ്റര്‍ കൂടി നിര്‍മിക്കേണ്ടതുണ്ട്. അതോടെ പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള പുഴ എല്ലാ കാലത്തും ശുദ്ധജലം ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ വലിയൊരു ശുദ്ധജല സ്രോതസായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കരിങ്ങാച്ചിറയില്‍ റഗുലേറ്റര്‍ നിര്‍മാണം നടന്നു വരുന്നുണ്ട്.
കരിങ്ങാച്ചിറക്ക് താഴെയെത്തുന്നതോടെ പുഴ കൂടുതല്‍ വീതിയും ആഴവുമുള്ളതായി തീരുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വെള്ളം സംഭരിക്കാന്‍ സാദിക്കും . അതുകൊണ്ടാണ് കരിങ്ങാച്ചിറയില്‍ നിന്ന് നാലോളം കിലോമീറ്റര്‍ താഴെയുള്ള നെയ്തക്കുടിയില്‍ റഗുലേറ്റര്‍ നിര്‍മാണം ആവശ്യമായി വരുന്നത്. ആറര കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരിങ്ങാലക്കുട ചന്തകുന്ന് മുതല്‍ മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം മുഴുവന്‍ പുത്തന്‍ചിറ പുഴയില്‍ സംഭരിക്കപ്പെടും. നിലവില്‍ മഴക്കാലത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അധിക ഭാഗവും നെയ്തക്കുടിയിലൂടെ കടലിലേക്ക് ഒഴുകി പോയി പാഴാകുകയാണ്. മഴക്കാലത്ത് പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പരമാവധി സംഭരിക്കുന്നതിനും വേനലില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി പുഴയുടെ ആഴം കഴിയുന്നിടത്തോളം വര്‍ധിപ്പിക്കേണ്ടതുണ്ട്. വേളൂക്കര, മാള,പുത്തന്‍ചിറ ഗ്രാമപഞ്ചായത്തുകളിലെ അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പുത്തന്‍ചിറ പുഴ വികസന പദ്ധതിയുടെ പ്രയോജനം ലഭിക്കും .
പുഴയുടെ ഇരു കരകളിലായുള്ള ആയിരത്തോളം ഹെക്ടര്‍ പാടത്ത് ഉപ്പ് വെള്ള ഭീഷണിയില്ലാതെ നെല്‍കൃഷി സാദ്യമാകും. ജാതി,വാഴ,തെങ്ങ്,പച്ചക്കറി തുടങ്ങിയ കൃഷികളുടെ വളര്‍ച്ചക്ക് പദ്ധതി വഴിയൊരുക്കും. പ്രദേശത്തെ കിണറുകളും കുളങ്ങളും വേനലിലും വറ്റാതെ ജലസമൃദ്ധമാക്കാന്‍ പദ്ധതി സഹായകമാകും. അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിവഴിയും തുമ്പൂര്‍ മുഴി വലത്കര കനാല്‍ വഴിയും പുത്തന്‍ചിറ പുഴയിലേക്ക് വെള്ളമെത്തിച്ചാല്‍ പുഴ എല്ലാ കാലത്തും ജലസമൃദ്ധമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത് . പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് . പുത്തന്‍ചിറ പുഴ വികസന പദ്ധതി വിശകലനം ചെയ്യുന്നതിനായി ജില്ല കളക്ടര്‍ പങ്കെടുക്കുന്ന കൂടിയാലോചന യോഗം പുത്തന്‍ചിറയില്‍ ഒന്‍പതാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി സുജിത് ലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."