നേര്‍ക്കാഴ്ചകള്‍
പാതിരാത്രിയാണ്
ആശയങ്ങള്‍ കതകില്‍ മുട്ടിയത്...
കവിതക്കു പേറ്റുനോവുണ്ടത്രെ!!!
തലേദിവസം
മോന്‍ വരച്ച പശുവിനു
'നഖശിഖ'ങ്ങള്‍
മുളച്ചിരുന്നു...
നരച്ചുതൂങ്ങിയ
കവിത്താടി നോക്കിയാ
പശുവൊന്നു മുരണ്ടു,
പതിയെ അയവെട്ടി!
കവിത തലച്ചോറില്‍
ഉരുണ്ടും, കാലിട്ടടിച്ചും
വരവറിയിക്കുന്നു..
ഒന്നു പെറണം!
തൂലികത്തുമ്പാണ്
പശു ചവക്കുന്നതെന്ന്
കാറ്റ് അടക്കം പറഞ്ഞു...
കടലാസുകള്‍ പതിവിലധികം (വിളറി)
വെളുത്തിരുന്നു...
ഹിറ്റ്‌ലര്‍ ചുമരിലും
മുസോളിനി തീന്മേശയിലും...
'അന്ത്യ അത്താഴ'ത്തിലെ
മാംസ പരിശോധനയാവണം!!
മഹാനവമിക്ക്
അക്ഷരം കുറിച്ച ഗൗരിക്കായി
ദശമി ദിനത്തിലാരോ
ആയുധം പൂജിച്ചു...
പേറ്റുനോവേറിയപ്പോള്‍
ഒന്നു പുറത്തിറങ്ങി...
രാപാടികളിപ്പോ
പാടാറില്ല..
ഹിന്ദുവും മുസ്‌ലിമും
ചൂഴ്‌ന്നെടുക്കപ്പെട്ട
കണ്ണുകളെന്ന്
ടാഗോറും ഇഖ്ബാലും കരയുന്നു...
വാവര്
അയ്യപ്പന്റെ വീട്ടില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു...
താജ്മഹലിന്
ശേഷക്രിയ ചെയ്യാന്‍
ആര്യര്‍
വരി നില്‍ക്കുന്നു...
രാവണന്റെ പുഷ്പകത്തില്‍
അധികാരി
രക്ഷ കെട്ടുന്നു...
ഭാരതമിപ്പോള്‍
ഭാരതമേയല്ലെന്ന്
ആകാശം സാക്ഷി പറയുന്നു...
തെരുവിന്റെ മൂലയിലിരുന്നാരോ
ഹേയ് റാം പാടുന്നു...
നവഖാലിയെന്നു
പതിയെ പിറുപിറുക്കുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."