മൂന്നാംലിംഗ രാഷ്ട്രീയത്തിന്റെ രംഗകല
ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റപ്പെടുകയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ പ്രതിരോധവും അതിജീവനവുമാണു 'മറഡോണ'. കാല്‍പ്പന്തുകളിയിലെ വംശീയതയുടെ പേരില്‍ എക്കാലത്തും കളത്തിനു പുറത്തേക്കും നീണ്ടുപോകുന്ന സൂക്ഷ്മ രാഷ്ട്രീയത്തെ തിരശ്ശീലയ്ക്കു പിറകിലെ ചെറിയ ചതുരക്കള്ളിയുടെ പരിമിതിയില്‍നിന്നുകൊണ്ട് ഒരു സര്‍ഗാത്മക സംവാദമാക്കി മാറ്റിയെടുത്തിരിക്കുന്നു, ഇക്കഴിഞ്ഞ കേരള സ്‌കൂള്‍ കലോത്സവത്തില്‍ കൂറ്റനാട് വട്ടേനാട് സ്‌കൂള്‍ അവതരിപ്പിച്ച 'മറഡോണ' എന്ന നാടകം.
ഒരു നാടകം എന്നതിലപ്പുറം തെറ്റായി ശീലിക്കപ്പെട്ട പൊതുബോധത്തോടുള്ള കളിയിലൂടെയുള്ള കലാപം കൂടിയാകുന്നു 'മറഡോണ'. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ദാരിദ്ര്യത്തോടും ആഭ്യന്തര പോരാട്ടങ്ങളോടും ചെറുത്തുനിന്നുകൊണ്ടാണു കാല്‍പ്പന്തുകളിയിലൂടെ ലോകത്തിന്റെ നെറുകയില്‍ സ്വന്തം വിലാസങ്ങള്‍ എഴുതി വച്ചിട്ടുള്ളത്. ലോകം കീഴടക്കിയ അവരിലെ ഓരോ കളിക്കാരനുമുണ്ടാകും തെരുവിലെ അനാഥത്വത്തിന്റെയും വിശപ്പിന്റെയും ഭൂതകാലങ്ങള്‍. ജീവിതസാഹചര്യങ്ങളോടു പൊരുതി പ്രതിഭകൊണ്ട് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തേക്ക് എത്തിയവരില്‍ ഒരാളാണ് മറഡോണയും.
ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയില്‍ ഒരു ദരിദ്രകുടുംബത്തില്‍നിന്നാണ് മറഡോണ എന്ന ഇതിഹാസതാരവും ഉദിച്ചുയര്‍ന്നത്. മറഡോണയുടെ കുടുംബം അര്‍ജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയില്‍നിന്ന് ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു. അതുകൊണ്ടു തന്നെ മറഡോണ എന്ന ശബ്ദത്തിനു തന്നെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഊര്‍ജമുണ്ട്. ഉയരക്കുറവിന്റെ പരിമിതികളെ പ്രതിഭയുടെ ഔന്നത്യം കൊണ്ടു കീഴടക്കി ഉയരക്കാര്‍ക്കു മുന്നില്‍ തലയെടുപ്പോടെ നിന്ന മറഡോണ ഒരു നാമം എന്നതിലപ്പുറം ലോകത്തിന്റെ തന്നെ ഒരു വികാരമാണ്.
യൂത്ത് ഫുട്‌ബോള്‍ ലോകകപ്പ് 1979ല്‍ അര്‍ജന്റീന നേടിയപ്പോള്‍ അതില്‍ മറഡോണ അംഗമായിരുന്നു. 1982 മുതല്‍ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അര്‍ജന്റീന 1986ല്‍ ലോകകപ്പ് ജേതാക്കളാകുകയും 1990ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ. എന്നാല്‍ അതോടൊപ്പം മറഡോണയെ എത്ര വലിയ മഹാപര്‍വതങ്ങള്‍ക്കു മുന്നിലും നെഞ്ചുവിരിച്ചുനിന്ന പോരാളിയെന്ന നിലയിലാണു ലോകം ആദരിക്കുന്നത്.
കാല്‍പ്പന്തുകളിയുടെ ചരിത്രത്തില്‍ ചെറുത്തുനില്‍പ്പിന്റെ, അതിജീവനത്തിന്റെ, കലയുടെ, കലാപത്തിന്റെ, കാല്‍പനികതയുടെ പര്യായമാണ് മറഡോണ. 'മറഡോണ' എപ്പോഴും പിറകില്‍നിന്ന് ഒറ്റക്കുതിപ്പില്‍ മുന്നിലുള്ളവരെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു കുതിപ്പാണ്. ദൈവത്തിന്റെ കൈയൊപ്പുള്ള കളിക്കാരന്‍ എന്നു കാലം അയാളെ വിശേഷിപ്പിച്ചതു ജന്മസിദ്ധമായി ലഭിച്ച കളിയഴകു കൊണ്ടു മാത്രമായിരുന്നില്ല, ഒരു തലമുറയെ പ്രചോദിപ്പിച്ച വികാരമാകുന്നതു കൊണ്ടുകൂടിയാണ്.
വട്ടേനാട് സ്‌കൂളിന്റെ 'മറഡോണ' ഒരു വേദിയിലോ ഒരു മൈതാനത്തോ പരിമിതപ്പെടുന്ന സോക്കര്‍ കാഴ്ചകളുടെ രംഗാവതരണമല്ല. അത് പൊതുസമൂഹത്തിനു നടുവിലെ ഒരു വലിയ മൈതാനക്കാഴ്ചയാണ്. ആണിനും പെണ്ണിനും വേറിട്ടു നടത്തുന്ന മത്സരക്കളികളുണ്ട് ലോക ഫുട്‌ബോളില്‍. എന്നാല്‍ ആണിനും പെണ്ണിനുമിടയിലുള്ള മൂന്നാംലിംഗക്കാര്‍ക്കു കളിയിലും കാര്യത്തിലും എവിടെയാണ് ഇടം കണ്ടെത്താനാവുക എന്ന ചോദ്യത്തിന്റെ ഉത്തരമാവുകയാണ് ഈ രംഗാവതരണം. ഒരു മത്സരക്കളിയില്‍ മാത്രമല്ല ലോകക്രമത്തില്‍ എല്ലായിടത്തുനിന്നും അവര്‍ ബഹിഷ്‌കൃതരാണ്. ആട്ടിയോടിക്കപ്പെടുന്ന ഒരു വിഭാഗമാണവര്‍. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രൂരമായ ഒറ്റപ്പെടലിലേക്കു തള്ളിമാറ്റപ്പെടുന്ന ഈ വിഭാഗത്തിന്റെ നിശബ്ദമായ നിലവിളികള്‍ക്കും അവരുടെ ഉയിര്‍പ്പിനും കുതിപ്പിനും അതിജീവനപോരാട്ടങ്ങള്‍ക്കും കൂടി വേദിയൊരുക്കുകയാണ് 'മറഡോണ'.
വലിയൊരു വേദിയിലെ ചെറിയ രണ്ടു ഗോള്‍ പോസ്റ്റുകള്‍ക്കിടയിലെ സോക്കര്‍ കാഴ്ചകളിലാണ് ഈ രംഗകല തുടങ്ങുന്നതെങ്കിലും നാടകം പുരോഗമിക്കുമ്പോള്‍ കാഴ്ചക്കാരന്‍ ലോകം എന്ന വലിയൊരു മൈതാനത്തിന്റെ ചുറ്റുമിരിക്കുന്ന കാണിയായി മാറുന്നുണ്ട്. വര്‍ഗ വര്‍ണ വൈജാത്യങ്ങളുടെ, വംശീയതയുടെ, ജാതിവെറിയുടെ, ലിംഗവൈരുധ്യങ്ങളുടെ, കുലമഹിമാ പ്രഖ്യാപനങ്ങങ്ങളുടെ കൊടിക്കൂറകള്‍ പേറി പോരടിക്കുന്ന സംഘങ്ങള്‍ വാഴുന്ന ലോകത്ത് മൂന്നാം ലിംഗമായി പിറന്നുപോകുന്ന മറഡോണയെന്ന ഒറ്റയാള്‍ പട്ടാളം ഒറ്റക്കൊരു യുദ്ധം ജയിക്കുകയാണ്.
മറഡോണ ഒറ്റക്കൊരു രാജ്യമാണ്, ഒറ്റക്കൊരു സേനയാണ്, ഒറ്റക്കൊരു സംസ്‌കാരമാണ്. അവനു പിറകില്‍ പിന്നീടൊരു ടീമുണ്ടാകുന്നു. ഒരു സമൂഹമുണ്ടാകുന്നു, കാണികള്‍ മുഴുവന്‍ മറഡോണയാകുന്നു. അവര്‍ വിളിച്ചുപറയുന്നുണ്ട്, 'ഈ ഭൂമി ശൂന്യതയിലേക്കു കറക്കി അടിച്ച ഒരു പന്താണ്, അതിന്റെ ചലനം നിലക്കുന്നതുവരെ നമ്മളെല്ലാം ഒരേ താളത്തിലാണ്, ഒരേ വേഗത്തിലാണ്, ആരും മുന്നിലുമല്ല പിന്നിലുമല്ല' എന്ന്.
കൃത്യമായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതിനാലാണ് 'മറഡോണ' ഒരു രംഗകലയുടെ ചതുരാകൃതിയില്‍നിന്നു സാമ്രാജ്യങ്ങളുടെ വിസ്തൃതികളെ ഭേദിക്കുന്ന ഒരു പ്രമേയമായി കാഴ്ചക്കാരന്റെ ഉള്ളില്‍ വളരുന്നത്. നാടകത്തില്‍ അതു കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആണാണോ പെണ്ണാണോ കറുപ്പാണോ വെളുപ്പാണോ എന്നുള്ളതല്ല കാര്യം പന്തു തട്ടാന്‍ അറിയുന്നുണ്ടോ എന്നതാണു കാര്യം എന്നാണ് മറഡോണയുടെ പ്രതിനിധാനത്തെ നാടകം മണ്ണില്‍ പാദങ്ങളൂന്നി ഉറപ്പിക്കുന്നത്. അവിടെ പന്ത് കാറ്റു നിറച്ച ഒരു തുകല്‍ ഗോളം എന്നുള്ളതില്‍നിന്നു വികസിച്ച് മാനവികമൂല്യങ്ങളുടെ ആദര്‍ശവ്യവസ്ഥയുടെ സംസ്ഥാപനമാകുന്നു. ആര്‍ജവത്തോടെ ഇടപെടുന്ന നിലപാടുകളുടെ തീഗോളമാണ് ഇവിടെ ബോള്‍ എന്ന പ്രതീകം.
കാട്ടുനീതികളുടെ പ്രതിരോധങ്ങളെ പിളര്‍ന്ന് പോസ്റ്റിലേക്ക് ബുള്ളറ്റ് ഷോട്ടുകള്‍ പായിക്കുന്ന ധീരസാന്നിധ്യമാകുന്നു മറഡോണ. മറഡോണയെ തടവിലിടാനും നിശബ്ദമാക്കാനും അവന്റെ മേല്‍ അവകാശങ്ങളുടെ അധികാരസ്വരം ഉയര്‍ത്തുന്ന രക്ഷിതാവിന്റെ വേഷമണിയുന്ന പൊതുബോധത്തിന്റെ ഫൗളിന് ചുവപ്പ് കാര്‍ഡ് നല്‍കുകയാണ് പുതുതലമുറ. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനായി ഇവിടെ ഉപയോഗിക്കുന്നത് ചുവപ്പിന്റെ താക്കീതാണ്. ആണെന്നും പെണ്ണെന്നും വേര്‍തിരിച്ചു പകുക്കുന്ന വര്‍ത്തമാനത്തിനുമുന്നില്‍ മൂന്നാംലിംഗക്കാരന്റെ വിജയമുദ്രകൊണ്ടാണ് മറഡോണ മറുപടി പറയുന്നത്.
'മറഡോണ' പാലക്കാട് ജില്ലയിലെ കൂറ്റനാട് എന്ന ഗ്രാമപ്രദേശത്തിന്റെ ഒരു സാംസ്‌കാരികമായ അടയാളപ്പെടുത്തലാണ്. വി.ടി ഭട്ടതിരിപ്പാട് വെട്ടിയ വഴിയിലൂടെയാണ് ഇവിടെ പുതുതലമുറയും ചരിക്കുന്നത്. പി.വി ഷാജികുമാറിന്റെ കഥക്കു സ്വതന്ത്രമായ നാടകാവിഷ്‌കാരം നല്‍കി സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ലാലാണ്. വട്ടേനാട് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ ഷെഹ്ബാ മെഹ്താബ്, സഞ്ജയ് കൃഷ്ണ, അബിന്‍ ബാബു, ആര്യ, അനഘ, അമൃത, അതുല്‍, ആദില്‍, വൈശാഖ്, സജല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ജില്ലാകലോത്സവത്തില്‍ കാണികള്‍ ഒറ്റശബ്ദത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുത്തിട്ടും വിധികര്‍ത്താക്കളുടെ മോശം ഇടപെടലിലൂടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ കാണികള്‍ തന്നെ പണം സ്വരൂപിച്ച് അപ്പീല്‍ നല്‍കി സംസ്ഥാനതലത്തിലെ പോരാട്ടത്തിന് ഇടമൊരുക്കി എന്നതു തന്നെ ആ നാടകം കാണികള്‍ എങ്ങനെ ഏറ്റെടുത്തുവെന്നതിന്റെ മികച്ച ഉദാഹരണമാണ്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റോടെ ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ 'മറഡോണ' മുന്നില്‍ നില്‍ക്കുമ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ ഒരു ഫൈനല്‍ വിജയമാവുകയാണ്. പ്രവചനാതീതമായ ഒരു സ്ഥിതിവിശേഷത്തിന്റെ സൗന്ദര്യമാണ് അവസാന നിമിഷം വരെയും ഒരു ഫുട്‌ബോള്‍ മത്സരത്തെ ജീവസുറ്റതാക്കി മാറ്റുന്നത്. പിറകില്‍നിന്നു പൊരുതിക്കയറി ഏതു കരുത്തനായ എതിരാളിയെയും മറിച്ചിടാനുള്ള പോരാട്ടവീര്യമുണ്ടാകും വീഴുംവരെയും, ഓരോ കളിക്കാരന്റെയും ഉള്ളില്‍. കൃത്യമായ സമയക്രമത്തിനിടയില്‍ പരമാവധി ശക്തി സംഭരിച്ച് അവര്‍ പൊരുതിക്കൊണ്ടേയിരിക്കും. കുടിലതന്ത്രങ്ങളെ സൗന്ദര്യാത്മകമായ കരുത്തുകൊണ്ടു കീഴടക്കുന്ന ലാറ്റിനമേരിക്കന്‍ യോദ്ധാക്കള്‍ അങ്ങനെയാണു ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്ന പുണ്യവാളന്മാരായി മാറിയിട്ടുള്ളത്.
ഇവിടെ 'മറഡോണ'യും പരിമിതികളെ പ്രതിഭകൊണ്ടു മറികടക്കുന്ന വിജയമാവുകയാണ്. ഒരു സ്‌കൂളിന്റെ മത്സരനാടകം അങ്ങനെ ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ലോകത്തിന്റെ പ്രതിഭാഷയാവുകയാണ്. അതിജീവനത്തിന്റെ മഹാഗാഥയാവുകയാണ്. 'മറഡോണ' കുറച്ചു കുട്ടികളും അധ്യാപകരും ചേര്‍ന്നു നടത്തുന്ന ഒരു മത്സരക്കാഴ്ചയല്ല. അത് കൂറ്റനാട് എന്ന ഗ്രാമപ്രദേശത്തിന്റെ തന്നെ നാടകമാണ്. റിഹേഴ്‌സലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ നാടിനു പിന്നെ ഉറക്കമില്ല. രാവും പകലുമില്ലാതെ രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ഒത്തുകൂടി ആഘോഷം പോലെയാണ് നാടകത്തെ രൂപപ്പെടുത്തുന്നത്. എവിടെ നാടകം കളിക്കുമ്പോഴും ആ നാട് മുഴുവന്‍ അവരുടെ കൂടെയുണ്ടാകും. സദസില്‍ നിറഞ്ഞുകവിയുന്ന കാണികള്‍ മുഴുവന്‍ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനകളില്‍ ആയിരിക്കും ഫലം വരും വരെയും. മറഡോണയുടെ നാടകാവിഷ്‌കാരവും ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗം തന്നെയായിരുന്നു. പി.വി ഷാജികുമാറിന്റെ കഥയില്‍നിന്നു സ്വതന്ത്രമായി നാടകാവിഷ്‌കാരം നടത്തിയതും സംവിധാനം ചെയ്തതും അരുണ്‍ലാല്‍ ആയിരുന്നു.
അരുണ്‍ലാല്‍
പെരിങ്ങോട് സ്‌കൂളിലെ രണ്ടാം ക്ലാസു വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ നാടകം കളിച്ചുകൊണ്ടാണ് 'മറഡോണ'യുടെ സംവിധായകനായ അരുണ്‍ലാല്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. സ്‌കൂള്‍വേദികള്‍ വിട്ടു കലാലയത്തില്‍ തന്റെ നാടകപ്രവര്‍ത്തനവുമായി മുന്നോട്ടുപോയ അരുണ്‍ പിന്നീട് ജീവിതം തന്നെ നാടകപ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കുകയായിരുന്നു. പിന്നീട് കൂറ്റനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന റിഥം എന്ന നാടകസംഘത്തിന്റെ സജീവ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ലിറ്റററി സ്‌കൂള്‍ ഓഫ് തിയറ്റര്‍ ഗ്രൂപ്പുമായി ചേര്‍ന്നു നിരവധി നാടകപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ഈ രംഗത്തുതന്നെ ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ ചെയ്യുകയുമുണ്ടായി.
സംഗീതനാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തിലെ ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ്, സി.ഐ പരമേശ്വരന്‍ പിള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, എന്‍.എസ്.കെ തിയറ്റര്‍ പുരസ്‌കാരം, ബാലന്‍ കെ. നായര്‍ പുരസ്‌കാരം തുടങ്ങിയവ അരുണ്‍ ലാലിനെ തേടിയെത്തി. ഭാരത് രംഗ് മഹോത്സവം, ഐ.ടി.എഫ്.ഒ.കെ തുടങ്ങിയ ധാരാളം ദേശീയ അന്താരാഷ്ട്ര വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."