കുമളി കരകൗശലശാലാ കവര്‍ച്ച: കശ്മിരികളായ മുന്‍ ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍
തൊടുപുഴ: കുമളിയിലെ കശ്മിരി കരകൗശലശാലയില്‍നിന്ന് ഡയമണ്ട് ഉള്‍പ്പെടെ ആഭരണങ്ങളും വിലപിടിപ്പുള്ള ഷാളുകളും മോഷ്ടിച്ച രണ്ട് കശ്മിരികളെ പൊലിസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മിര്‍ മാഗം സ്വദേശികളായ അബ്ദുല്‍ റഷീദ് ലോണ്‍ (50), ഇര്‍ഫാന്‍ ഹുസൈന്‍ അജാം (26) എന്നിവരാണ് കശ്മിരില്‍ അറസ്റ്റിലായത്.
തേക്കടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ചോള ആര്‍ട്‌സ് എംപോറിയത്തില്‍ ജനുവരി ആറിനു പുലര്‍ച്ചെയാണു മോഷണം നടന്നത്. ഇവിടെനിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട്, സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള വിവിധതരം കല്ലുകളും 14 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 കശ്മിരി ഷാളുകളുമാണു മോഷണം പോയത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ഷട്ടറും ഇതിനുള്ളിലെ ഷെല്‍ഫും പൊളിച്ചാണു മോഷണം നടത്തിയത്. കുമളി പൊലിസാണ് പ്രതികളെ കശ്മിരി പൊലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
സി.സി.ടി.വിയില്‍നിന്നുള്ള ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. മോഷണത്തിനുശേഷം ഇരുവരും രണ്ടുദിവസം മധുരയിലെ ഒരു ലോഡ്ജില്‍ താമസിച്ചു. പിന്നീട് ഇവര്‍ കശ്മിരിലേക്കു പോകുകയായിരുന്നു. കശ്മിരിലെ ഒരു സ്ഥാപനത്തില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവിടെ സൂക്ഷിച്ചിരുന്ന തൊണ്ടിയും പൊലിസ് കണ്ടെടുത്തു.
വിനോദസഞ്ചാരികള്‍ക്ക് ആവശ്യമുള്ള കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയാണു കടയില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നത്. കുമളി സി.ഐ ടി.ആര്‍ പ്രദീപ്കുമാര്‍, കുമളി എസ്.ഐ ജോബിന്‍ തോമസ്, എ.എസ്.ഐമാരായ ബാബു ടി, സജിമോന്‍ ജോസഫ്, സൈബര്‍ സെല്ലിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ തങ്കച്ചന്‍ മാളിയേക്കല്‍, സിവില്‍ പൊലിസ് ഓഫിസര്‍ സുബൈര്‍ എസ് എന്നിവര്‍ ചേര്‍ന്നണു പ്രതികളെ പിടികൂടിയത്.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."