യു.പി: 2.6 കോടി ജനങ്ങള്‍ ഇന്ന് വോട്ട് ചെയ്യും
ലഖ്‌നോ:രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 2.6 കോടി ജനങ്ങള്‍. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാകും ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തിന് പുറമെ, ബി.എസ്.പി, രാഷ്ട്രീയ ലോക്ദള്‍, ബി.ജെ.പി എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്.
15 ജില്ലകളിലായി 26,823 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വോട്ടര്‍മാരില്‍ 1.17 കോടി സ്ത്രീകളാണ്. 1,508 പേര്‍ മൂന്നാം ലിംഗക്കാരുമാണ്. 73 മണ്ഡലങ്ങളില്‍ ഏറ്റവും വലുത് സാഹിബാ ബാദും ഏറ്റവും ചെറുത് ജലേസറുമാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് ആഗ്ര സൗത്തിലാണ്. ഇവിടെ 26 പേരാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് ഹസ്തിനപുരിയിലാണ്. ഇവിടെ കേവലം ആറുപേര്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍
ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങിന്റെ മകന്‍ പങ്കജ് സിങ്, കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂര്‍, ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ, ബി.ജെ.പി എം.പി ഹുക്കുംസിങിന്റെ മകള്‍ മൃഗംഗ സിങ്, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്‌പെയ്, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകന്‍ രാഹുല്‍ സിങ്, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ പൗത്രന്‍ സന്ദീപ് സിങ് എന്നിവരാണ്.
2012ലെ തെരഞ്ഞെടുപ്പില്‍ ഈ 73 മണ്ഡലങ്ങളില്‍ 24 സീറ്റുവീതം എസ്.പിയും ബി.എസ്.പിയും നേടിയപ്പോള്‍ ഒന്‍പത് സീറ്റുകള്‍ രാഷ്ട്രീയ ലോക്ദളും, അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസും 11 സീറ്റുകള്‍ ബി.ജെ.പിയുമാണ് നേടിയിരുന്നത്.
2012ലെ വോട്ടിങ് നില പരിശോധിക്കുമ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 16.3 ശതമാനം വോട്ടുകളായിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് 23.1 ശതമാനവും കോണ്‍ഗ്രസിന് 10.1 ശതമാനവും രാഷ്ട്രീയ ലോക്ദളിന് 10.7 ശതമാനവും വോട്ട് കിട്ടിയപ്പോള്‍ മായാവതിയുടെ ബി.എസ്.പിക്ക് ലഭിച്ചത് 28.6 ശതമാനം വോട്ടുകളായിരുന്നു. സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് ലഭിച്ചത് 12.2 ശതമാനം വോട്ടുകളാണ്.
2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ അന്നുണ്ടായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായിട്ടുള്ള വിവാദങ്ങള്‍, മോദിക്കെതിരായി ഉയരുന്ന വിവിധ ആരോപണങ്ങള്‍, ബി.ജെ.പിയിലെ അദ്വാനി, മുരളീ മനോഹര്‍ ജോഷി പോലുള്ള മുതിര്‍ന്ന നേതാക്കളെ തഴയുന്ന നിലപാടുകള്‍, മോദി-അമിത്ഷാ കൂട്ടുകെട്ട് പാര്‍ട്ടിയെ അടക്കി ഭരിക്കുന്നതെല്ലാം വലിയ പ്രതിസന്ധികളാണ് ബി.ജെ.പിയിലുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാലാവസ്ഥ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന മുന്നറിയിപ്പും പല നേതാക്കളും മുന്നോട്ടുവച്ചിട്ടുണ്ട്.
എസ്.പി-കോണ്‍ഗ്രസ് സഖ്യം നടത്തിയ പ്രചാരണത്തിലുടനീളം മോദിയുടെ വികലമായ സാമ്പത്തിക നയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. ഇതിനിടയില്‍ മുസ്്‌ലിം വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനായി ബി.എസ്.പി നിയോഗിച്ച മുസ്്‌ലിം സ്ഥാനാര്‍ഥികളുടെ രംഗപ്രവേശനവും വലിയ അഗ്നിപരീക്ഷക്കാണ് ഉത്തര്‍പ്രദേശിനെ സാക്ഷിയാക്കുന്നത്. മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ എക്‌സൈസ്-പൊലിസ് സേനകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."