മുസ്‌ലിം വിലക്ക് തള്ളി അപ്പീല്‍കോടതിയുടെ അന്തിമവിധി; 'അത് പ്രസിഡന്റിന്റെ അധികാരമല്ല'
വാഷിങ്ടണ്‍: യു.എസില്‍ മുസ്‌ലിം വിലക്ക് പുനഃസ്ഥാപിക്കണമെന്ന നിയമമന്ത്രാലയത്തിന്റെ ഹരജി യു.എസ് ഫെഡറല്‍ അപ്പീല്‍ സര്‍ക്യൂട്ട് കോടതി തള്ളി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ തടയാനുള്ള നിയമം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
വിവാദ നിയമത്തിന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയ 'ഭീകരവാദ ബന്ധം'തെളിയിക്കാന്‍ നിയമമന്ത്രാലയത്തിന് കഴിഞ്ഞില്ലെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ നയന്‍ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതി പറഞ്ഞു. രാജ്യത്തെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ക്ക് എതിരാണ് വിധിയെന്ന് ജസ്റ്റിസുമാരായ വില്യം കാന്‍ബെ, റിച്ചാര്‍ഡ് ക്ലിഫ്റ്റണ്‍, മിഷേല്‍ ഫ്രെഡ്‌ലാനോ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം നിയമമന്ത്രാലയം അഭിഭാഷകനെ വിസ്തരിച്ച ബെഞ്ചിനു മുന്നില്‍ സര്‍ക്കാര്‍ അഭിഷകന് ഉത്തരംമുട്ടിയിരുന്നു. കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനോ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കാനോ കഴിയാത്തതാണ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായത്. വാഷിങ്ടണ്‍, മിനിസോട്ട സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. കേസില്‍ വാഷിങ്ടണ്‍ സിയാറ്റില്‍ കോടതി ട്രംപിന്റെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേയുള്ള അപ്പീലും കോടതി താല്‍കാലികമായി തള്ളി. അപ്പീല്‍ സംബന്ധിച്ച കോടതിയുടെ അന്തിമവിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ട്രംപ് സര്‍ക്കാറാണ് മുസ്‌ലിം വിലക്ക് നിയമം റദ്ദാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരേ അപ്പീല്‍കോടതിയെ സമീപിച്ചത്.
കോടതിയുടെ വിധി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കോടതിയില്‍ കാണാമെന്നും ട്രംപ് രോഷത്തോടെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസവും തന്റെ ഉത്തരവിന് എതിരായി വിധി പുറപ്പെടുവിച്ച കോടതികളെയും ജഡ്ജിമാരെയും ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 27 നാണ് ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുദാന്‍, സിറിയ രാജ്യങ്ങളിലെ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ 90 ദിവസം വിലക്കേര്‍പ്പെടുത്തിയത്. അഭയാര്‍ഥികള്‍ക്ക് വിലക്ക് 120 ദിവസമായിരുന്നു. രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതെന്നായിരുന്നു കോടതിയിലും പുറത്തും യു.എസ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റ് സോളിസിറ്റര്‍ ജനറല്‍ നോഹ് പേഴ്‌സലാണ് ഹരജിക്കെതിരേ വാദിച്ചത്.
അപ്പീല്‍ കോടതി വിധിയെ ഇനി സുപ്രിംകോടതിയില്‍ സര്‍ക്കാരിന് ചോദ്യം ചെയ്യാനാകും. കോടതിയില്‍ കാണാമെന്ന ട്രംപിന്റെ ട്വീറ്റ് സര്‍ക്കാര്‍ വീണ്ടും നിയമയുദ്ധത്തിനെന്ന സൂചനയാണ്. ഈയിടെ സുപ്രിംകോടതിയിലെ ഒഴിവില്‍ ട്രംപിന്റെ നോമിനിയും യാഥാസ്ഥികനുമായ നെയ്ല്‍ ഗോറുഷിനെ നിയോഗിച്ചത് തനിക്ക് ഗുണമാകുമെന്ന പ്രതീക്ഷ ട്രംപിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."