ഹാദിയാ കേസ്: എന്‍.ഐ.എ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ ചൊവ്വാഴ്ച പുതിയ തല്‍സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേസില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചയാണ്. കേരളാ പൊലിസില്‍ നിന്ന് കേസന്വേഷണം ഏറ്റെടുത്ത ശേഷമുള്ള എന്‍.ഐ.എയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടാണിത്. ഷെഫിന് ജഹാന്റെ മൊഴിയും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചേക്കും. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന് ജഹാന് നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് മുന്‍പാകെയുള്ളത്. കേസില്‍ പിന്നീട് ഹാദിയയുടെ പിതാവ് അശോകനും കക്ഷിചേര്‍ന്നിരുന്നു. നവംബര്‍ 27ന് ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിതയാക്കിയ സുപ്രിം കോടതി, വിവാഹം സംബന്ധിച്ച വാദവും ഷെഫിനെതിരായ അശോകന്റെ ആരോപണങ്ങളടങ്ങിയ ഹരജിയും ജനുവരി മൂന്നാം വാരത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്്ലാം മതം സ്വീകരിച്ചതെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം ഹാദിയ സുപ്രിംകോടതിയില്‍ വ്യക്തമാക്കുകയും തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മൊഴിനല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇസ്്ലാം മതം സ്വീകരിച്ച ആറു പേരെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഇവര്‍ ആരും സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയല്ല മതംമാറിയതെന്നു വ്യക്തമായതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. വീട്ടുതടങ്കലില്‍ നിന്നു മോചിതയായ ഹാദിയ കോടതി നിര്‍ദേശപ്രകാരം തമിഴ്നാട്ടിലെ സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ പഠിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."