വാഹനത്തില്‍ രക്തക്കറയാകും; അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ പൊലിസ് തയാറായില്ല
സഹാറന്‍പൂര്‍: അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കളെ വാഹനത്തില്‍ രക്തക്കറയാകുമെന്നുപറഞ്ഞ് രക്ഷപ്പെടുത്താന്‍ പൊലിസ് തയാറായില്ല. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.
അര്പിത് ഖുരാന(18), സണ്ണി(18) എന്നിവരാണ് പൊലിസിന്റെ അനാസ്ഥകാരണം റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരുടെയും കരച്ചില്‍കേട്ട് തൊട്ടടുത്ത താമസക്കാരും മറ്റും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ചിലര്‍ പൊലിസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസ് യുവാക്കളുടെ രക്തം വാഹനത്തിലാകുമെന്ന് പറഞ്ഞ് അതില്‍ കയറ്റാന്‍ തയാറായില്ല. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ എത്തിച്ചാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പൊലിസുകാര്‍ പരുക്കേറ്റവരെ തങ്ങളുടെ വാഹനത്തില്‍ കയറ്റാന്‍ തയാറാകാതെ നാട്ടുകാരുടെ ആവശ്യം നിരസിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ഇവര്‍ക്കെതിരായ പ്രതിഷേധവും രൂക്ഷമായിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെ ഹെഡ്കോണ്‍സ്റ്റബിളിനെയും രണ്ട് പൊലിസുകാരേയും സസ്പെന്‍ഡ് ചെയ്തതായി പൊലിസ് സൂപ്രണ്ട് പ്രഭല്‍ പ്രതാപ് സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."